Skip to main content

 

സാങ്കേതിക വിദ്യ മാറുമ്പോള്‍ ലോകം മാറും. മാറ്റം എപ്പോഴും മനുഷ്യരാശിയെ മുന്നോട്ടു നയിക്കുന്നതാവണം. അപ്പോഴാണ് മാറ്റം ബോധപൂര്‍വ്വമുള്ളതാകുന്നത്. അല്ലെങ്കിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ആ മാറ്റത്തിന്റെ വഴി ദുര്‍ഘടം പിടിച്ചതാണ്. ആ വഴിയില്‍ കാലം പോലും പകച്ചുനില്‍ക്കും. ചിലപ്പോള്‍ വിറങ്ങലിച്ചും. ഇന്ന് ലോകമെമ്പാടും നടക്കുന്ന ഭീകരപ്രവര്‍ത്തനമാണെങ്കിലും ശാസ്ത്രമേഖലകളില്‍ നടക്കുന്ന നൂതനമായ കണ്ടെത്തലുകളാണെങ്കിലും സാങ്കേതിക മേഖലയില്‍ നടക്കുന്ന വിപ്ലവകരമായ നേട്ടങ്ങളായാലും അതെല്ലാം സംഭവിക്കുന്നത് ശാസ്ത്രവികസനത്തിന്റെ ഫലമായുണ്ടായ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലമായുണ്ടായതാണ്. ഈ വിദ്യ മനുഷ്യകുലത്തില്‍ ലഭ്യമായ ഏറ്റവും നൂതനമായ വിദ്യയാണ്. അതുപോലെ ഏറ്റവും സൂക്ഷ്മവും സാധ്യതകളുമുള്ള വിദ്യ. അതുകൊണ്ട് തന്നെ അതിന്റെ ശേഷിയും വര്‍ധിക്കും. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ആ വിദ്യയെ ബോധപൂര്‍വ്വമല്ല അത് കൈയ്യാളുന്നവര്‍ പലപ്പോഴും ഉപയോഗിക്കുന്നത്.

 

സുതാര്യതയും സ്ഥലകാലഭേദമന്യേ തത്സമയ ബന്ധപ്പെടലുമാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ രണ്ട് പ്രധാന സ്വഭാവങ്ങള്‍. കാലത്തിന്റെ ഗതിയെ അപ്പടി ഒപ്പിയെടുക്കുവാനും അത് അപ്പോള്‍ തന്നെ ലോകത്തെവിടേക്കും കാണിച്ചുകൊടുക്കുവാനും കഴിയുന്നു എന്നുള്ളതാണ് ഇതിന്റെ സുതാര്യതയ്ക്ക് ആധാരമായി പ്രവര്‍ത്തിക്കുന്നത്. ഈ സുതാര്യത പുതിയ സാങ്കേതികവിദ്യയുടെ മൂല്യമായി മാറുന്നു. അതിനാല്‍ സുതാര്യത ഡിജിറ്റല്‍ വിദ്യയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രായോഗിക മൂല്യമായി മാറുന്നു. എന്നാല്‍ ഈ മൂല്യം പുതിയതല്ല. മനുഷ്യന്‍ സാമൂഹ്യജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഏറ്റവും പ്രഥമഗണനീയമായി പരിഗണിച്ചുപോന്നതും ഇതുതന്നെയാണ്. വ്യക്തികള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ അധികാരമുള്ളതിനാല്‍ രഹസ്യത്തിന്റെ മറവ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഓരോ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെ ആവിഷ്കരിക്കപ്പെട്ടത്. അതിന്റെ മറ്റൊരു പേരാണ് സത്യസന്ധത.

 

ഇപ്പോള്‍ സത്യസന്ധത എന്ന വാക്ക് വെറുതേ ഉച്ചരിച്ചാല്‍ ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അരോചകം തോന്നും. കാരണം അത്രയ്ക്ക് മേല്‍ ആ വാക്ക് ഉപയോഗിച്ച് തേഞ്ഞ് തേഞ്ഞ് അതിന്റെ ശക്തി ഇല്ലാതായിപ്പോയിരിക്കുന്നു. ഇതില്‍ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് മാദ്ധ്യമങ്ങളാണ്. വിശേഷിച്ചും ടെലിവിഷന്‍. എന്നാല്‍ ഓരോ ടെലിവിഷന്‍ ചാനലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി കച്ചവട സാധ്യതകളുയര്‍ത്തി വരുമാനം നേടി ലാഭത്തിലേക്ക് നീങ്ങാന്‍ മുഖ്യമായി ആശ്രയിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രാഥമിക ലക്ഷണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മൂല്യമാണ്. അതാകട്ടെ അവരിലൂടെ തേയ്മാനം സംഭവിച്ച വാക്ക് പ്രതിനിധാനം ചെയ്യുന്ന അവസ്ഥയുടേതും. അതായത് സത്യസന്ധത. ആ വാക്ക് നശിച്ചുപോയെങ്കിലും ആ മൂല്യത്തിന് ഇപ്പോഴും നല്ല കമ്പോളമൂല്യമുണ്ട് എന്ന് ഈ ചാനലുകള്‍  തന്നെ തിരിച്ചറിയുന്നു. ആ തേയ്മാനം സംഭവിച്ച വാക്കുകൊണ്ടുദ്ദേശിക്കുന്ന ഘടകമാണ് സൂക്ഷ്മതലത്തില്‍ മനുഷ്യനെ മറ്റ് മൃഗങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നതും അതേസമയം മറ്റ് മൃഗസമൂഹങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍പെടുത്തുന്നതും. മൃഗങ്ങള്‍ പ്രകൃത്യാല്‍ സത്യസന്ധമായിത്തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് അവര്‍ പ്രകൃതിയില്‍ ചെറിയൊരു പോറല്‍ പോലും ഏല്‍പ്പിക്കാത്തത്. മനുഷ്യന് തന്റെ മനുഷ്യത്വത്തെ ഉയര്‍ത്തി ആ അവസ്ഥയിലേക്ക് ഉയരാന്‍ ബാധ്യതയുണ്ട്. അതാണ് മനുഷ്യന്റെ മുന്നിലെ എക്കാലത്തേയും വെല്ലുവിളി. മനുഷ്യന്‍ ഉള്ള കാലം വരെ അതങ്ങനെ തുടരുകയും ചെയ്യും. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗത്തിലും അടിസ്ഥാന മൂല്യം മാറ്റമില്ലാതെ തുടരുന്നത്. മാത്രമല്ല മുന്‍പത്തേക്കാള്‍ ഈ അടിസ്ഥാന മൂല്യം കൂടുതല്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

 

ഡിജിറ്റല്‍ വിദ്യ മനുഷ്യന്റെ മുന്നില്‍ നീട്ടിയ മറ്റൊരു സാധ്യത എളുപ്പവഴിയാണ്.എന്തിനും ഏതിനും. അതിലൂടെ മനുഷ്യന്റെ ഭാരവഹിക്കലിന് ഗണ്യമായി കുറവു വന്നു. അത് മറ്റൊരു സ്വഭാവത്തെ ഡിജിറ്റല്‍ യുഗം മനുഷ്യനില്‍ സന്നിവേശിപ്പിച്ചു. അതായത് ഒന്നും കാര്യമായി കാത്തിരിക്കാതെ, പരിശ്രമിക്കാതെ നേടുക. ശാസ്ത്രം വികസിച്ചപ്പോള്‍ തിരഞ്ഞെടുത്ത വഴിയും അതിന്റേതായിരുന്നു. പ്രകൃതിനിയമങ്ങളെപ്പോലും ലംഘിക്കുന്ന വിധം ആ സ്വഭാവം ശാസ്ത്രത്തെ പ്രയോഗിച്ചുകൊണ്ട് നടപ്പില്‍ വരുത്തിയതാണ് മണിക്കൂറുകള്‍ കൊണ്ട് മുട്ട വിരിയിക്കലും വര്‍ഷങ്ങള്‍ക്കു പകരം മാസങ്ങള്‍കൊണ്ട് വൃക്ഷത്തൈകളെക്കൊണ്ട് ഫലം തരീക്കലും വൃക്ഷത്തൈകളെ നില നിര്‍ത്താനും ഫലം ലഭ്യമാക്കാനുമെല്ലാം അപകടകരമായ വന്‍ കീടനാശിനി പ്രയോഗവും രാസവള പ്രയോഗവുമൊക്കെ. അതിന്റെയൊക്കെ തിക്തഫലങ്ങള്‍ പല വ്യാധികളും രോഗങ്ങളുമായി ഇന്ന് മനുഷ്യനും മൃഗങ്ങളുമെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്ന് ഒരു ദുരന്ത കഥയാണ്. വര്‍ത്തമാനകാലത്തില്‍ ഓരോ മനുഷ്യനും കാഴ്ചക്കാരനും അനുഭവസ്ഥനുമാകുന്ന കഥ. അതില്‍ നിന്നുള്ള മോചനത്തെ മനുഷ്യന്‍ തന്നെ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജൈവകൃഷിയെക്കുറിച്ചുള്ള അവബോധവും ചുരുങ്ങിയ പക്ഷം ആ ദിശയിലേക്കു നീങ്ങാനുള്ള മോഹവുമൊക്കെ.

 

സമാനമായ ഒരു ദുരന്തകഥയുടെ ദിശയിലേക്ക് ഏതാണ്ട് വീണുകഴിഞ്ഞിരിക്കുന്നു മാദ്ധ്യമലോകവും. കേരളത്തില്‍ ആ ദുരന്തകഥയുടെ വേഗം കൂടുന്നുവെന്നുമാത്രം. ആ ഗതികേടിന്റെ തലവാചക പ്രഖ്യാപനമാണ് ഇപ്പോള്‍ ഒളിക്കാമറാ ദൃശ്യങ്ങളും ശബ്ദരേഖകളും കിട്ടുമ്പോള്‍ ചാനലുകള്‍ ആവേശം കുറച്ച് അവതരിപ്പിക്കുന്നത്. ബാര്‍ കോഴക്കേസ്സിലെ പുതിയ ശബ്ദരേഖ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു എന്നാണ് ഏറ്റവുമൊടുവില്‍ ചാനലുകാര്‍ പറഞ്ഞത്. അവര്‍ അറിയാതെ തന്നെ വരുന്ന തലവാചകമാണ്. കാരണം മാദ്ധ്യമപ്രവര്‍ത്തനമെന്നത് എഡിറ്ററുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ സമിതി അംഗങ്ങളിലൂടെ നടത്തപ്പെടേണ്ട പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ എന്തു വാര്‍ത്ത എങ്ങിനെ വരണം എന്നു നിശ്ചയിക്കുന്നത് മദ്യവ്യവസായികളും ബ്ലാക്ക് മെയില്‍ തൊഴിലാക്കിയിരിക്കുന്ന യുവതികളുമൊക്കെയാണ്. അതാകണം ഏതു മനുഷ്യനിലും അവശേഷിക്കുന്ന ആത്മാഭിമാനത്തിന്റെ അറിയാതെയുള്ള സ്ഫുരണം പോലെ ടേപ്പുകള്‍ അല്ലെങ്കില്‍ ശബ്ദരേഖ ഞങ്ങള്‍ക്ക് കിട്ടി എന്ന് ചാനലുകാര്‍ പ്രഖ്യാപിക്കുന്നത്.

 

ഇവ്വിധമുള്ള ഒരോ ദൃശ്യങ്ങളും ശബ്ദരേഖകളും തല്‍പ്പരകക്ഷികള്‍ ചാനലുകാരെ ഏല്‍പ്പിക്കുന്നത് അവരുടെ അല്ലെങ്കില്‍ അവരുടെ പിന്നിലുള്ളവരുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. അതിനാല്‍ ഓരോ ശബ്ദരേഖയും അല്ലെങ്കില്‍ ഇങ്ങനെ കിട്ടുന്ന ദൃശ്യങ്ങളും വാര്‍ത്തയുടെ പരാജയവും ഗൂഢാലോചനയുടെ വിജയവുമാകുന്നു. മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ അനിവാര്യമായ ഘടകമാണ് അന്വേഷണം. ആ നിലയ്ക്ക് എല്ലാ റിപ്പോര്‍ട്ടുകളും അന്വേഷണാത്മകം തന്നെ. അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ ഗണത്തില്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ കയറിക്കൂടുകയുണ്ടായി. ആ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ വഴിയിലൂടെയാണ് ഗൂഢാലോചനക്കാര്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നവരെ തകര്‍ത്ത് മുന്നേറുന്നതിന് ആവശ്യമായ രേഖകള്‍ ചാനലുകളില്‍ സമര്‍പ്പിക്കാറ്. അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ ഗൂഢാലോചന കണ്ടെത്തുകയും അതിന്റെ ഭാഗമായി വസ്തുതകള്‍ ഉപയോഗിക്കുകയുമാണ് വേണ്ടത്. അങ്ങിനെയുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായും ഈ രേഖകള്‍ ഉപയോഗിക്കാന്‍ പറ്റും. അത്തരത്തിലൊരു അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനമാണ് നിലവിലുള്ള മാദ്ധ്യമങ്ങളിലുള്ളതെങ്കില്‍ ഗൂഢാലോചനക്കാര്‍ എഡിറ്റര്‍മാരാവുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല. ഗൂഢാലോചനക്കാര്‍ സമ്മാനിക്കുന്ന ഒളിരേഖയ്ക്ക് പകരം അന്വേഷണാത്മക റിപ്പോര്‍ട്ടാണ് കൊടുക്കുന്നതെങ്കില്‍ കമ്പോളമൂല്യവും അത് കൊടുക്കുന്നവര്‍ക്കായിരിക്കും ഉണ്ടാവുക. സംശയം വേണ്ട. ഏതെങ്കിലും ഒരു ചാനലെങ്കിലും ആ ദിശയിലേക്ക് തിരിയുന്ന പക്ഷം കേരളത്തിലെ ഗൂഢാലോചനകളും അതിനെ ആശ്രയിച്ച് മുന്നേറുന്ന രാഷ്ട്രീയവും അധികാരം നിലനിര്‍ത്തലും ഒക്കെ ഗണ്യമായി കുറയുമായിരുന്നു.

 

ഇവിടെയാണ് ഡിജിറ്റല്‍ വിദ്യയുടെ പ്രയോഗത്തിലൂടെ അബോധപൂര്‍വ്വമായ മാറ്റം അരങ്ങേറുന്നത്. ഈ അബോധപൂര്‍വ്വമായ ഡിജിറ്റല്‍ വിദ്യാ പ്രയോഗത്തില്‍ ഗൂഢാലോചനക്കാര്‍ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നു. ഡിജിറ്റല്‍ വിദ്യ അതിന്റെ പ്രഭാവം കാണിക്കുന്നു. അതുകൊണ്ടാണ് വര്‍ത്തമാനകാലത്തില്‍ ഗൂഢാലോചനക്കാര്‍ വിജയിക്കുന്നുവെന്ന് തോന്നുന്നതും ഒരു പരിധിവരെ അവര്‍ക്ക് തുടക്കത്തില്‍ വിജയിക്കാന്‍ കഴിയുന്നതും. ഈ അബോധപൂര്‍വ്വമായ മാറ്റം അതിവേഗം കേരളത്തില്‍ അരങ്ങേറുന്നു. അതുകൊണ്ടുതന്നെ അധികം താമസിയാതെ അതിന്റെ സ്വാഭാവിക പരിണാമവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അതിനിടയിലുണ്ടാകുന്ന ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ചിലപ്പോള്‍ തലമുറകള്‍ നീണ്ടുനില്‍ക്കുന്നതാകും. അങ്ങിനെയൊരു ഘട്ടത്തിലൂടെ കേരളം കടന്നുപോകുന്നതിന്റെ ദൃക്‌സാക്ഷികളും പങ്കാളികളുമാണ് ഓരോ മലയാളിയും. ഡിജിറ്റല്‍ വിദ്യ വാഗ്ദാനം ചെയ്യുന്ന എളുപ്പപ്പണിയില്‍ അന്വേഷണമില്ലാത്ത, പകരം അന്വേഷിച്ചെത്തുന്ന ഒളിവസ്തുതകള്‍ പ്രചരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളും.