നല്ല കത്തോലിക്കരാകാന്‍ തങ്ങള്‍ മുയലുകളെ പോലെ പെറ്റുപെരുകണമെന്ന് ചിലര്‍ കരുതുന്നതായും എന്നാല്‍, ഇതിന്റെ ആവശ്യമില്ലെന്നും ഫ്രാന്‍സിസ് പാപ്പ. അതേസമയം, കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള സഭയുടെ നിലപാട് പാപ്പ ആവര്‍ത്തിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട ഏഷ്യാ സന്ദര്‍ശനത്തിന് ശേഷം ഫിലിപ്പീന്‍സില്‍ നിന്ന്‍ റോമിലേക്ക് തിരികെ പോകുന്നതിനിടയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചിത സമയങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്നത് പോലുള്ള സ്വാഭാവിക കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ ജനനനിയന്ത്രണത്തിന് അവലംബിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടി. ഫിലിപ്പീന്‍സില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രാദേശിക സഭ രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു പാപ്പയുടെ വിശദീകരണം.
വികസ്വര രാജ്യങ്ങളില്‍ പാശ്ചാത്യ കുടുംബ മൂല്യങ്ങള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ‘പ്രത്യയശാസ്ത്ര കോളനിവല്‍ക്കരണ’ത്തേയും പാപ്പ അപലപിച്ചു. ധനികരാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ദരിദ്രരാജ്യങ്ങളിലെ ചെറുപ്പക്കാരെ പരോക്ഷമായി സ്വാധീനിക്കുകയാണെന്ന്‍ പാപ്പ കുറ്റപ്പെടുത്തി. മനോഭാവങ്ങളും ഘടനകളും മാറ്റാന്‍ കഴിയുന്ന ആശയങ്ങളിലൂടെ ജനങ്ങളെ അവര്‍ കോളനിവല്‍ക്കരിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ നാസി-ഫാസിസ്റ്റ് പ്രചാരണങ്ങളെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജനനനിയന്ത്രണത്തിന് തയ്യാറാകാത്ത പ്രവണതയേയും പാപ്പ വിമര്‍ശിച്ചു. സിസേറിയന്‍ ശസ്തക്രിയയിലൂടെ ഏഴു കുട്ടികളെ പ്രസവിച്ച ശേഷം വീണ്ടും ഗര്‍ഭം ധരിച്ച് തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയ ഒരു സ്ത്രീയെ താന്‍ ശാസിച്ചതായി പാപ്പ പറഞ്ഞു. ദൈവത്തെ പ്രലോഭിപ്പിക്കുകയെന്ന നിരുത്തരവാദിത്തപരമായ നടപടിയാണിതെന്ന്‍ പാപ്പ പറഞ്ഞു.
കേരളത്തിലും കത്തോലിക്കാ സഭ വിശ്വാസികളോട് നാലോ അധികമോ കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2009-മുതല്‍ ഇത് സംബന്ധിച്ച പ്രചാരണം സഭ നടത്തിവരികയാണ്. സഭയുടെ കീഴിലുള്ള ആശുപത്രികളിലും സ്കൂളുകളിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ അടക്കം ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കയിലും ഫിലിപ്പീന്‍സിലുമാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഈ വര്‍ഷം തന്നെ മധ്യ ആഫ്രിക്കാ റിപ്പബ്ലിക്, യുഗാണ്ട, ഇക്വഡോര്‍, ബൊളിവിയ, പരാഗ്വ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും പാപ്പ അറിയിച്ചു.