Skip to main content
ന്യൂഡല്‍ഹി

modi at delhi bjp rally

 

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാറാലിയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചു. ചേരികളിലും തെരുവോരങ്ങളിലും കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട വീടുകള്‍ ലഭ്യമാക്കുമെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.

 

മോദിയുടെ ജനപ്രീതി ഉപയോഗിച്ച് 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയില്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് പാര്‍ട്ടിയുടെ ശ്രമം. 2013 ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതേസമയം, 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും പാര്‍ട്ടിയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞു.   

 

2014 ഫെബ്രുവരി 14-ന് 49 ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന്‍ രാഷ്ട്രപതി ഭരണത്തിലായിരുന്നു ഡല്‍ഹി. ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ സീറ്റിലും രണ്ടാമതെത്താനും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്നും ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നു. പാര്‍ട്ടി ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സക്രിയമാണ്.  

 

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, ഹര്‍ഷ വര്‍ദ്ധന്‍, പീയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി രഘുബര്‍ ദാസ്, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.