ദീര്‍ഘവീക്ഷണവും രാഷ്ട്രത്തിന് സദ്ഭരണം കാഴ്ചവെക്കാന്‍ ആഗ്രഹവുമുള്ള മികച്ച നേതാവും മികച്ച മനുഷ്യനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ ഇന്ത്യാ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു. വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രശംസാ വാക്കുകള്‍. പ്രധാനമന്ത്രിയുമായുള്ള തന്റെ ബന്ധം അസാധാരണമായ നിലയില്‍ മികച്ചതാണെന്നും എന്നാല്‍ തങ്ങള്‍ പരസ്പരം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദത്തു കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യറിയിലെ നിലവിലെ അവസ്ഥയില്‍ അതീവ സന്തുഷ്ടനാണെന്നും ദത്തു പറഞ്ഞു. ജുഡീഷ്യറിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ജനായത്ത വ്യവസ്ഥയിലെ മൂന്ന്‍ വിഭാഗങ്ങളും നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എപ്പോഴും നല്ലതാണെന്ന് ദത്തു വിശദീകരിച്ചു.
കേസുകള്‍ കെട്ടിക്കിടക്കുന്നത് മറികടക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പുതിയ നടപടികള്‍ വൈകാതെ അറിയിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.