ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ കൂടെയുള്ളവര്‍ ആദ്യം ചോദിക്കുന്നത് സിനിമ ഇഷ്ടമായോ എന്നാണ്. എന്നാല്‍, പി.കെ കണ്ടിറങ്ങിയ എന്നോട് ആരുമത് ചോദിച്ചില്ല. ഉറപ്പാണ്, ഇഷ്ടപ്പെട്ടു എന്നത്. പിന്നെ, ചോദ്യത്തിനെന്ത് പ്രസക്തി? ചോദ്യമില്ലാതെ തന്നെ കരുതിവെച്ചത് പറഞ്ഞുതുടങ്ങുമ്പോള്‍ എന്നേക്കാള്‍ ആവേശം അവരിലും ഉണ്ടായിരുന്നു.
നിരീശ്വരവാദികളോ സൈക്കിള്‍ അഗര്‍ബത്തീസോ മാത്രമല്ല, എത്ര കൊടികുത്തിയ ഭക്തര്‍ പോലും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചോദിച്ചിട്ടുള്ള ചോദ്യമാണ് ദൈവം ഉണ്ടോ എന്നത്. ഇതേ ചോദ്യത്തിന് ഉത്തരം തേടുകയാണ് പി.കെയിലൂടെ ആമിര്‍ ഖാനും സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയും. കഥയിലെ ആശയം പോലെ തന്നെ, അവതരണ രീതിയിലെ വ്യത്യസ്തതയും ആസ്വാദനത്തില്‍ പൂര്‍ണ്ണത കൊണ്ടുവരുന്നു. ഭൂമിയിലെ മനുഷ്യരില്‍ ആര് ഈ ചോദ്യം ചോദിച്ചാലും ഇത് നിരീശ്വരവാദിയുടെ സിനിമ ആയേനെ. എന്നാല്‍, ഒരു അന്യഗ്രഹജീവി ഭൂമിയില്‍ ജീവിച്ച് ചോദിക്കുമ്പോള്‍ കാണുന്ന ഒരോരുത്തരിലും അത് ഒരു ചിന്ത സൃഷ്ടിക്കുന്നു. എല്ലാത്തരം ആസ്വാദകരേയും സിനിമയിലേക്ക് കൊണ്ടുവരുന്നു. അന്യഗ്രഹജീവിയ്ക്ക് പരിചയമില്ലാത്ത രൂപവും ഭാവവും അല്ലാത്തതിനാല്‍ നമ്മുടെ സിനിമ എന്ന തോന്നല്‍ നശിക്കുന്നതുമില്ല.
മുക്കിനും മൂലയിലും അമ്പലങ്ങളും പള്ളികളും ഉയര്‍ന്നുവരുന്ന, ആള്‍ദൈവങ്ങളുടെ പിറകെ വെള്ളിമൂങ്ങയേയും കൊണ്ട് പറക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമവതരിപ്പിക്കുമ്പോള്‍ കേവലം അന്ധവിശ്വാസങ്ങള്‍ക്ക് മീതെ മാത്രമല്ല, യഥാര്‍ത്ഥ ആത്മീയതയിലൂടെയും സിനിമ സഞ്ചരിക്കുന്നു. കൂടെ വീട്ടിലേക്ക് തിരികെ പോകാന്‍ പറ്റാത്തവന്റെ സങ്കടവും പ്രണയത്തിന്റെ പശ്ചാത്തലവും സിനിമയെ കൂടുതല്‍ വൈകാരികവും ജനകീയവുമാക്കുന്നു.
ഭൂമി കാണാന്‍ വന്ന ഒരു അന്യഗ്രഹജീവിയ്ക്ക് തന്റെ റിമോട്ട് കണ്‍ട്രോള്‍ കള്ളന്‍ കൊണ്ടുപോയതില്‍ പിന്നെ അയാള്‍ നേരിടുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. തനിക്ക് തിരികെ പോകാനുള്ള ഏകമാര്‍ഗ്ഗമായ ഈ റിമോട്ട് കണ്‍ട്രോള്‍ തിരികെ നല്‍കാന്‍ കെല്‍പ്പുള്ള ഭഗവാനെ തേടുന്ന അയാള്‍ ഒരു ഘട്ടത്തില്‍ ഭഗവാനെ കണ്മാനില്ല എന്ന് നോട്ടീസ് പോലും അടിക്കുന്നുണ്ട്. അതില്‍ കൗതുകം തോന്നി അയാളുടെ കഥയറിയാന്‍ പോകുന്ന മാദ്ധ്യമപ്രവര്‍ത്തക അയാളെക്കൊണ്ട് ആള്‍ദൈവങ്ങളോട് ചോദ്യങ്ങള്‍ ചോദിപ്പിക്കുന്നു. നമ്മള്‍ എന്നും വിളിക്കുന്ന ഈ പേരുകള്‍ റോംഗ് നമ്പര്‍ ആണെന്ന് തന്നെ ഉറപ്പിക്കുന്നു. തെറ്റിദ്ധാരണയുടെ പേരില്‍ പിരിയേണ്ടി വന്ന ഇന്ത്യാക്കാരി മാദ്ധ്യമപ്രവര്‍ത്തകയേയും പാകിസ്ഥാനി ആര്‍ക്കിടെക്ടിനേയും ഒരുമിപ്പിച്ച് കൊണ്ട് അവളോടുള്ള തന്റെ സ്നേഹവും പേറി തിരികെ യാത്രയാകുന്ന പി.കെ, ഒരു വര്‍ഷത്തിന് ശേഷം തന്റെ ഗ്രഹത്തില്‍ നിന്ന്‍ മറ്റനേകം പേരെയും കൊണ്ട് വീണ്ടും ഭൂമിയിലെത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഒപ്പം, ഭാഷയില്ലാത്ത, കൈ പിടിച്ചാല്‍ മനസ്സ് വായിക്കാന്‍ പറ്റുന്ന, അതുകൊണ്ടുതന്നെ കള്ളമില്ലാത്ത പി.കെയുടെ ലോകം സ്വന്തം ഭാവനയിലൂടെ കാണാനുള്ള അവകാശം കാണികള്‍ക്ക് നല്‍കിയും സിനിമ കയ്യടി നേടുന്നു.
പി.കെ വന്നിറങ്ങുന്ന മരുഭൂമി, ഡല്‍ഹി, അമ്പലം, പള്ളി ഇതൊക്കെ നമുക്ക് പരിചിതമായ പശ്ചാത്തലം സൃഷ്ടിക്കുമ്പോള്‍ തുടക്കത്തില്‍ മാത്രം വന്നുപോകുന്ന ബെല്‍ജിയം ശാന്തസുന്ദരമായ അനുഭൂതിയും തരുന്നു. മലയാളിയായ സി.കെ മുരളീധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമാണ്.
അന്യഗ്രഹത്തില്‍ നിന്ന്‍ ആളെ കൊണ്ടുവന്ന രീതിയ്ക്കാണ് ആദ്യം അഭിനന്ദനം നല്‍കേണ്ടത്. അന്യഗ്രഹജീവികളുടെ കഥയും ആള്‍ദൈവങ്ങളുടെ കഥയും മാദ്ധ്യമപ്രവര്‍ത്തകരുടെ കഥയും ഒരുപാട് കണ്ട കാണികളാണ് നാം. എന്നാല്‍, അന്യഗ്രഹജീവി നിഷ്കളങ്കമായി ആള്‍ദൈവങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ കടിച്ചുതൂങ്ങുന്ന വിശ്വാസങ്ങളില്‍ എത്രത്തോളം ശരിയുണ്ടെന്ന് നാം ചിന്തിച്ചുപോകും.
ഭഗവാനോട് ആദ്യമായി പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ സമൂസ കിട്ടുമ്പോള്‍ പി.കെയും ഭഗവാനില്‍ വിശ്വസിക്കുകയാണ്. എന്നാല്‍, പിന്നീട് ചോദിക്കുന്നതൊന്നും ലഭിക്കാതെ അയാള്‍ പരവശനാകുകയും ചെയ്യുന്നു. ദൈവം ഉണ്ടെന്ന് തോന്നുന്ന നിമിഷങ്ങളും ഇല്ലെന്ന് തോന്നുന്ന നിമിഷങ്ങളും നമ്മളുടെ ജീവിതത്തിലും സംഭവിക്കാറുണ്ടെന്നിരിക്കെ ഇത്തരം നര്‍മ്മത്തില്‍ ചാലിച്ച സന്ദര്‍ഭങ്ങള്‍ ഒരോരുത്തരേയും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഒരു സിഖുകാരന്‍ തൊപ്പിയൂരി ഹിന്ദുവാകുന്നതും മീശ മാറ്റി മുസല്‍മാനാകുന്നതും മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം കൊണ്ടുവരുന്നു. ഒപ്പം കൊട്ടകയില്‍ നിന്ന്‍ കയ്യടികളും.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും കാണാനും പറ്റുമെങ്കില്‍ Missing – ഈശ്വരന്‍ എന്നൊരു നോട്ടീസ് വിതരണം ചെയ്താലോ എന്നും തോന്നിപ്പോകും. ആഡംബരത്തേയും അടിപൊളിയേയും പരിപോഷിപ്പിക്കാന്‍ കോടികള്‍ മുടക്കുന്ന സിനിമകളുടെ ഇടയില്‍ ആശയം കൊണ്ടും ചിത്രീകരണം കൊണ്ടും വേറിട്ടും മുന്നിട്ടും നില്‍ക്കുന്നു, പി.കെ.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ചന്ദന