അഴിമതിയും അതു സംബന്ധിച്ച ആരോപണവും ആഘോഷമാകുന്നു. അഴിമതിവിരുദ്ധദിനമായ ഡിസംബര്‍ ഒമ്പതിന് ആഭ്യന്തര -വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ ലേഖനം പത്രങ്ങളിൽ വന്നു. അതിൽ അഴിമതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും അഴിമതിയുടെ സ്ഥിതിവിവരക്കണക്കും അതിൽ ഇന്ത്യയുടേയും കേരളത്തിന്റേയും സ്ഥാനവുമൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. ഓരോ അഞ്ചു വർഷവും കഴിയുമ്പോൾ കേരളത്തിൽ സർക്കാരുകൾ മാറിവരുന്നതിന്റെ കാരണമായും അഴിമതിയെ അദ്ദേഹം ആ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അഴിമതിയുമായി യാതൊരു വിധ സന്ധിയും പാടില്ല എന്ന ആഹ്വാനവും താൻ അതിനായി നിലകൊള്ളുന്നു എന്നുമാണ് അഴിമതിവിരുദ്ധദിനത്തിൽ അദ്ദേഹം ലേഖനത്തിലൂടെ നടത്തിയത്. ഇതേദിനത്തിൽ ആഘോഷപൂർവം നടന്ന മറ്റൊരു ചടങ്ങ് നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ നടത്തിയ ആരോപണമാണ്. ഒരുപക്ഷേ ഇത്തരത്തിലുള്ള നടപടി കേരളനിയമസഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമാകാനാണിട. ഭരണമുന്നണിയിലെ അംഗം മന്ത്രിക്കെതിരെ അദ്ദേഹത്തിന്റേയും മുഖ്യമന്ത്രിയുടേയും സാന്നിദ്ധ്യത്തിൽ നടത്തിയ ആരോപണം. പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ സ്റ്റാഫിലെ മൂന്നു പേരിലൂടെയാണ് അഴിമതി നടത്തുന്നതെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എഞ്ചിനീയർമാരുടെ സ്ഥലം മാറ്റത്തിന് അറുപത് ലക്ഷം രൂപ വരെ കോഴ വാങ്ങുന്നുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു.
വളരെ ലാഘവത്തോടും വികാരത്തിന് അടിപ്പെടാതെയുമായിരുന്നു പൊതുമരാമത്തു മന്ത്രിയുടെ മറുപടി. ഗണേഷ് കുമാറിനെ ഏതോ പ്രേതം ആവേശിച്ചിരിക്കുകയാണെന്നും യാഥാർഥ ഗണേഷ് കുമാറല്ല സംസാരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഗണേഷ് കുമാർ പേരെടുത്തു പറഞ്ഞ മൂന്നുദ്യോഗസ്ഥരും സംശുദ്ധരാണെന്നും ഇബ്രാഹിം കുഞ്ഞ് സഭയെ അറിയിക്കുകയുണ്ടായി. വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലൻസ് കേസ്സെടുത്തതിന് തൊട്ടുപിന്നാലെയാണ് ഗണേഷ് കുമാറിന്റെ ആരോപണം വന്നിരിക്കുന്നത്. ആരോപണത്തെക്കുറിച്ച് അന്വേഷണം വന്നാൽ തെളിവുകൾ നൽകാൻ താൻ തയ്യാറാണെന്നും ഗണേഷ് കുമാർ സഭയെ അറിയിച്ചു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമസഭാസമിതി രൂപീകരിക്കണമെന്ന നിർദ്ദേശത്തോട് പൊതുമരാമത്തുവകുപ്പ് മന്ത്രി മൗനം പാലിക്കുകയും ചെയ്യുന്നു. മറ്റൊരു മന്ത്രിക്കെതിരെയുള്ള അഴിമതിയെക്കുറിച്ചുള്ള തെളിവുകളും തന്റെ പക്കലുണ്ടെന്ന് ഒരു കവർ ഉയർത്തിക്കാണിച്ചുകൊണ്ട് ഗണേഷ് കുമാർ അവകാശപ്പെടുകയുണ്ടായി. രണ്ട് മന്ത്രിമാർക്കെതിരെയുളള അഴിമതി സംബന്ധിച്ചുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഗണേഷ്‌കുമാർ ഏതാനും ദിവസം മുൻപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമടക്കമുള്ള യു.ഡി.എഫ് നേതൃത്വം ഗണേഷിന്റെ ആരോപണത്തെ തളളിപ്പറയുകയും അപലപിക്കുകയും ചെയ്തു. പ്രതിപക്ഷം പ്രതീക്ഷിച്ചതുപോലെ പതിവ് ആഘോഷ പരിപാടികളിൽ മുഴുകി. ചാനലുകളും പതിവുപോലെ ചർച്ചകളും പ്രതികരണങ്ങളും ഉൾപ്പെടുത്തി ആഘോഷിച്ചു. ചില ചാനലുകൾ എന്താണ് ഇത്തരത്തിലൊരു ആരോപണമുന്നയിക്കാൻ ഗണേഷ് കുമാറിനെ ഏറ്റവും ഒടുവിൽ പ്രേരിപ്പിച്ചതിനെ കുറിച്ചും റിപ്പോർട്ടില്‍ ഉൾപ്പെടുത്തി. ഒരു കുടുംബത്തിന്റെ അത്താണിയായ, വികലാംഗയും വിധവയുമായ പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് കൊല്ലത്ത് ക്വാർട്ടേഴ്‌സ് അനുവദിക്കാത്തത് സംബന്ധിച്ച ഒരു കണ്ണീർക്കഥ.
മൂവാറ്റുപുഴ-ശബരിമല റോഡ് വികസനം സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിച്ചാണ് ഗണേഷ് കുമാർ ആരോപണം ഉന്നയിച്ചത്. എഴുതിക്കൊടുത്തുകൊണ്ട് വേണം അഴിമതി ആരോപണം ഉന്നയിക്കേണ്ടതന്ന് ഗണേഷ് കുമാറിന് നന്നായി അറിയാവുന്നതാണ്. അതിനാൽ സ്പീക്കർ ഇടയ്ക്കിടെ അത് അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയുമുണ്ടായി. അങ്ങനെയെങ്കിൽ താനിത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൊടുത്തുകൊള്ളാമെന്ന് തെളിവുകൾ ഉയർത്തിക്കൊണ്ട് ഗണേഷ്‌കുമാർ ക്ഷോഭത്തോടെ പ്രതികരിച്ചു.
സ്വന്തം മുന്നണിയിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അഴിമതിവിരുദ്ധ പ്രതിഛായ ഉണ്ടാക്കിയെടുക്കുകയും അതിനോടൊപ്പം ചില്ലറ സമ്മർദ്ദ - വിലപേശൽ തന്ത്രം കൂടി പ്രയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഗണേഷ് കുമാർ ഈ ആരോപണവുമായി ഉത്തരവാദിത്വമില്ലായ്മയോടെ സഭയിൽ ശ്രദ്ധക്ഷണിക്കൽ നേരത്ത് ഇതവതരിപ്പിച്ചത്. ഒന്നോ രണ്ടോ ദിവസം താൻ നായകപരിവേഷത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമെന്ന് പുത്തൻ ശൈലിയിൽ മീശയും കൃതാവുമൊക്കെയായി രൂപപരിവർത്തനം നടത്തിയിട്ടുള്ള ഗണേഷ്‌കുമാറിന് നന്നായി അറിയാം. അതങ്ങനെ സംഭവിച്ചു. ഗണേഷ്‌കുമാറിന്റെ ആരോപണത്തെ രാഷ്ട്രീയമായ ആരോപണമാണിതെന്ന നിലയ്ക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി ചിത്രീകരിച്ചത്. അതിനാല്‍ പടർന്ന് പന്തലിച്ച് വലുതായി നിൽക്കുന്ന മുസ്ലീംലീഗിന് അതിനെ നേരിടാനുള്ള ശേഷിയിന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തുനിലയ്ക്കാണ് ഈ ആരോപണം രാഷ്ട്രീയമായതെന്ന് അതു സംപ്രേഷണം ചെയ്ത ഒരു മാധ്യമപ്രവർത്തകനോ പ്രവർത്തകയ്‌ക്കോ അദ്ദേഹത്തിനോട് ചോദിക്കാൻ തോന്നിയില്ല.
അഴിമതിയ്‌ക്കെതിരെയുള്ള നിലപാടാണ് ഗണേഷ്‌കുമാർ എടുത്തിട്ടുള്ളതെങ്കിൽ ഒന്നുകിൽ അത് അദ്ദേഹം എഴുതിക്കൊടുത്ത് നിയമസഭയിൽ അവതരിപ്പിക്കണം. അതല്ലെങ്കിൽ മുഖ്യമന്ത്രിയെക്കണ്ട് നേരിട്ട് ഏൽപ്പിക്കണം. അതുമല്ലെങ്കിൽ അന്വേഷണ സംവിധാനങ്ങൾക്ക് കൈമാറണം. നാട്ടിലെ കോടതികൾ മുൻപ് സ്വമേധയാ കേസ്സെടുക്കുന്ന ചില കീഴ്വഴക്കങ്ങളുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെങ്കിലും പൊതുവേ അതു കുറവായാണ് കാണുന്നത്. രണ്ട് മന്ത്രിമാർക്കെതിരെ അഴിമതിയുടെ തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്ന് സഭയ്ക്ക് വെളിയിലും അകത്തും പ്രഖ്യാപനം നടത്തിയ ഗണേഷ് കുമാർ വെറുമൊരു രാഷ്ട്രീയക്കാരനോ പൗരനോ അല്ല. അദ്ദേഹം ജനപ്രതിനിധിയാണ്. അത്രയും ഉത്തരവാദിത്വമുള്ള വ്യക്തി ഇത്തരത്തിൽ പരസ്യപ്രഖ്യാപനം നടത്തുമ്പോൾ കോടതികൾക്കോ ലോകായുക്തയ്‌ക്കോ ഒക്കെ സ്വമേധയാ കേസ്സെടുത്ത് അദ്ദേഹത്തോടെ തെളിവ് ഹാജരാക്കാൻ പറയാവുന്നതാണ്.
എല്ലാറ്റിനുമുപരി അഴിമതിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന ആഭ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഗണേഷിനോട് തെളിവുകൾ തനിക്ക് കൈമാറാൻ ആവശ്യപ്പെടാവുന്നതാണ്. പകരം, അദ്ദേഹവും കൂടി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണത്തെ രാഷ്ട്രീയമാക്കി പ്രസ്താവനകൾ കൊണ്ടും മറുപ്രസ്താവനകൾ കൊണ്ടും ആഘോഷത്തിന്റെ ഭാഗമാക്കുകയാണ് ചെയ്തത്. ഗണേഷ് കുമാർ കണക്കുകൂട്ടിയതുപോലെ പത്രങ്ങളും അതിന്റെ ഭാഗമായി. ഡിസംബര്‍ പത്തിലെ പത്രങ്ങളും ഈ അഴിമതി ആരോപണത്തെ അഴിമതിയുമായി ചേർത്തുവച്ച് കാണാന്‍ തയ്യാറായില്ല. അഴിമതിക്കെതിരെയുള്ള നിലപാടിന് വിരുദ്ധമായി, സ്വന്തം താൽപ്പര്യങ്ങളാണ് ഇത്തരമൊരു ഉത്തരവാദിത്വമില്ലാതെയുള്ള അഴിമതി ആരോപണമെന്ന് വെളിപ്പെടുത്തുന്ന വിധത്തില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള പക്വത പത്രങ്ങളും കാട്ടുകയുണ്ടായില്ല. അവരും ചാനലുകൾക്ക് പിന്നാലെ പോവുക മാത്രമാണ് ചെയ്തത്. അഴിമതിയെ അഴിമതിയല്ലാതാക്കി മാറ്റുന്നതാണ് ഏറ്റവും വലിയ അഴിമതി. അതിനെ അഴിമതി എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് പരിമിത പ്രഖ്യാപനമായിപ്പോകും. കാരണം ലജ്ജയില്ലാതെ വന്നാൽ വസ്ത്രം അപ്രസക്തമാകുന്നതുപോലെ ഒരു സാമൂഹിക മാനസികാന്തരീക്ഷം രൂപപ്പെടും. അത്തരത്തിലുള്ള പ്രതിഭാസമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗണേഷ് കുമാറിന്റെ ഉത്തരവാദിത്വമില്ലാത്ത അഴിമതി ആരോപണം.