ഇന്ത്യയില്‍ സാമ്പത്തിക വികാസത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും വ്യാപാരത്തിന്റേയും ഒരു പുതുയുഗം ആരംഭിച്ചതായും ആസിയന്‍ രാഷ്ട്രങ്ങള്‍ക്കും ഇന്ത്യയ്ക്കും പരസ്പരം മികച്ച പങ്കാളികളാകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മറിലെ നായ് പി താവില്‍ ബുധനാഴ്ച ഇന്ത്യ-ആസിയന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പത്ത് രാഷ്ട്രങ്ങള്‍ അടങ്ങിയ ആസിയന്‍ കൂട്ടായ്മയും ഇന്ത്യയും തമ്മില്‍ ശക്തവും സമഗ്രവുമായ തന്ത്രപര പങ്കാളിത്തത്തിനുള്ള ഉറച്ച അടിത്തറ ഇതിനകം രൂപപ്പെട്ടതായി മോദി പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇന്ത്യയുടെ ലുക് ഈസ്റ്റ് നയം ആക്ട് ഈസ്റ്റ് നയമായി മാറിയിരിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മിലുള്ള പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയാണിത്. ഹിന്ദിയിലാണ് മോദി തന്റെ അഭിസംബോധന നടത്തിയത്. മ്യാന്‍മറില്‍ ആസിയന്‍ ഉച്ചകോടിയുടെ പിന്നാലെ നടക്കുന്ന കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. തുടര്‍ന്ന്‍ ആസ്ത്രേലിയയിലേക്ക് തിരിക്കുന്ന മോദി ബ്രിസ്ബെയ്നില്‍ ജി-20 കൂട്ടായ്മയുടെ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കും. പസിഫിക് ദ്വീപുരാഷ്ട്രമായ ഫിജി സന്ദര്‍ശിച്ച ശേഷമായിരിക്കും മോദി ഇന്ത്യയിലേക്ക് മടങ്ങുക. പത്ത് ദിവസത്തെ വിദേശ പര്യടനത്തില്‍ ഏകദേശം 40 രാഷ്ട്ര നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.