Skip to main content

modi unity run

 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 139-ാം ജന്മവാര്‍ഷികത്തിന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം. സര്‍ദാര്‍ പട്ടേല്‍ ഇല്ലാതെ മഹാത്മാ ഗാന്ധി പോലും അപൂര്‍ണ്ണനായി തോന്നുന്നുവെന്ന് ചടങ്ങില്‍ മോദി അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയ അനന്യമായ പങ്കാളിത്തമായിരുന്നു ഇവരുടേതെന്ന് മോദി പറഞ്ഞു.

 

പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുമെന്ന് മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് രാജ്യത്തെങ്ങും ഏകതയ്ക്കായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പതാം ചരമ വാര്‍ഷികം കൂടിയാണിന്ന്‍. പതിവില്‍ നിന്ന്‍ വ്യത്യസ്തമായി മോദിയോ മന്ത്രിസഭാംഗങ്ങളോ ഇന്ദിര ഗാന്ധിയുടെ സമാധിസ്മാരകമായ ശക്തി സ്ഥല്‍ സന്ദര്‍ശിച്ചില്ല. ഇന്ദിര ഗാന്ധിയെ മോദി സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 

കൂട്ടയോട്ട ചടങ്ങില്‍ സംസാരിക്കവേ ഇന്ദിര ഗാന്ധിയുടെ വധത്തെ അനുസ്മരിച്ച മോദി വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും ഹൃദയത്തിലേക്ക് കുത്തിയിറക്കിയ കത്തിയാണെന്ന് വിശേഷിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു.

 

സര്‍ദാര്‍ പട്ടേലിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസ് അവഗണിച്ചതായും നെഹ്രു കുടുംബത്തെ മാത്രം അനുസ്മരിക്കുന്നതായും മോദിയും ബി.ജെ.പിയും ആരോപിക്കുന്നു. പട്ടേലിന്റെ ജന്മസംസ്ഥാനമായ ഗുജറാത്തില്‍ 3000 കോടി രൂപ ചിലവില്‍ അദ്ദേഹത്തിന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുന്നതിന് മോദി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.

 

അതേസമയം, പട്ടേല്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും ഗാന്ധി വധത്തെ തുടര്‍ന്ന്‍ ആര്‍.എസ്.എസിനെ നിരോധിച്ചയാളാണെന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ദുഃഖകരവും അപമാനകരവുമാണെന്ന് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. നേതാക്കളെ വിഭാഗീയമായി കാണുന്നത് അരോചകമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.   

 

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ ശക്തി സ്ഥലില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.