Skip to main content
ന്യൂഡല്‍ഹി

supreme courtലോകസഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവി കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയല്ല തങ്ങളുടെ ജോലിയെന്ന് ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. സ്പീക്കറുടെ റൂളിംഗ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

 

പ്രതിപക്ഷ നേതൃപദവി ലഭിക്കാനുള്ള കോണ്‍ഗ്രസിന്റെ സാധ്യത ഇതോടെ തീര്‍ത്തും മങ്ങി. നേരത്തെ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിഷയത്തില്‍ അറ്റോര്‍ണ്ണി ജനറലുടെ അഭിപ്രായമാരാഞ്ഞപ്പോള്‍ കീഴ്വഴക്കം അനുസരിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി നല്‍കിയ ഉപദേശം.

 

ലോകസഭയില്‍ ആകെ അംഗങ്ങളുടെ പത്തിലൊന്ന് അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് മാത്രമേ ഇതുവരെ നേതൃസ്ഥാനം നല്‍കിയിട്ടുള്ളൂ. ലോകസഭയുടെ ആദ്യ സ്പീക്കര്‍ ജി.വി മാവ്ലങ്കര്‍ കൊണ്ടുവന്ന ഈ നിബന്ധനയനുസരിച്ച് നേതൃസ്ഥാനം ലഭിക്കാന്‍ ഇപ്പോഴത്തെ ലോകസഭയില്‍ 55 അംഗങ്ങളുടെ പിന്തുണയെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് ആവശ്യമാണ്‌. കോണ്‍ഗ്രസിന് 44 അംഗങ്ങള്‍ മാത്രമേ ലോകസഭയില്‍ ഉള്ളൂ. എന്നാല്‍, പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ നേതൃസ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.        

Tags