സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണിന്റെ ഭൂമി ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭരത് ഭൂഷണെ സംരക്ഷിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ചുമതലയിലാണ് അഖിലേന്ത്യാ സര്‍വീസ് വിഷയങ്ങള്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം.
ചീഫ് സെക്രട്ടറിയുടെ ഭൂമി ഇടപാടുകള്‍ അക്കമിട്ടു നിരത്തുന്ന കത്ത് ഇതിലെല്ലാം അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളതായി ആരോപിക്കുന്നു. അഴിമതി തടയുന്നതിന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ സ്വത്ത് വിവര പ്രസ്താവനയിൽ ഭരത് ഭൂഷണ് സ്വന്തം ഭൂമിയില്‍ നിന്നുള്ള ആദായവും ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ചതായും ആരോപണമുണ്ട്. ഫ്ലാറ്റുകളുടെ വില കുറച്ചുകാണിച്ചതായും ഭാര്യയുടെ ഭൂമി വില്‍പ്പനയ്ക്ക് ന്യായവില കുറച്ചുനല്‍കാന്‍ ജില്ലാ കളക്ടറില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കത്തില്‍ പറയുന്നു. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയ്ക്ക് അനധികൃതമായി സഹായം ചെയ്തുകൊടുത്ത വിഷയവും ഉന്നയിച്ചിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടി തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും ഇതില്‍ വ്യക്തത വരുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.