Skip to main content

ധാക്ക: ബംഗ്ലാദേശിലെ സവാറില്‍ എട്ടുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച വൈകിട്ട് അവസാനിപ്പിച്ചു. 1127 പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

 

ചൊവ്വാഴ്ച കെട്ടിടം ജില്ലാ അധികാരികള്‍ക്ക് കൈമാറുമെന്ന് അഗ്നിശമന സേനാ ഉപമേധാവി മുഹമ്മദ്‌ അമീര്‍ ഹുസൈന്‍ മജുംദാര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് ചൊവാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും  മജുംദാര്‍ പറഞ്ഞു.

 

ആഗോള തുണി വ്യവസായത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. തലസ്ഥാനമായ ധാക്കക്കടുത്ത് ഏപ്രില്‍ 24-നാണ് അഞ്ചു തുണി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന റാണ പ്ലാസ എന്ന എട്ടുനില കെട്ടിടം തകര്‍ന്നു വീണത്. 2,437 പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സൈന്യം അറിയിച്ചു. തിരച്ചിലിനിടെ മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീയെ ജീവനോടെ കണ്ടെത്തിയിരുന്നു.

 

റാണ പ്ലാസയുടെ ഉടമസ്ഥന്‍ മുഹമ്മദ്‌ സൊഹേല്‍ റാണ അടക്കം എട്ടുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

 

തുണി കയറ്റുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനമുള്ള ബംഗ്ലാദേശില്‍ പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. 5000-ത്തോളം ഫാക്ടറികളിലായി തൊഴിലെടുക്കുന്ന 36 ലക്ഷം പേര്‍ക്ക് തൊഴിലുടമകളുടെ  അനുവാദമില്ലാതെ തന്നെ ട്രേഡ് യൂണിയന്‍ രൂപിക്കരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞ വേതനത്തുക വര്‍ധിപ്പിക്കുമെന്ന് ഞായറാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Tags