കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജി. പ്രതാപവർമ തമ്പാനെ നീക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മാർക്കറ്റ്ഫെഡ് ചെയർമാനുമായ വി. സത്യശീലനാണ് പുതിയ അദ്ധ്യക്ഷന്‍. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് തീരുമാനം അറിയിച്ചത്. ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന് നല്കിയ ശുപാര്‍ശ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.
ഐ.എന്‍.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. ചന്ദ്രശേഖരനും തമ്പാനുമായുള്ള പരസ്യമായ അഭിപ്രായ വ്യത്യാസം ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും രൂക്ഷമാകുകയും പ്രാദേശിക നേതാക്കള്‍ തമ്പാനെ വിമര്‍ശിക്കുകയും ചെയ്തതോടെയാണ് കെ.പി.സി.സി ഉപാദ്ധ്യക്ഷന്‍ എം.എം ഹസന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചത്. എന്നാല്‍, തന്നോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നയാളാണ് ഹസനെന്ന് ആരോപിച്ച് കെ.പി.സി.സി യോഗത്തില്‍ തമ്പാൻ ഇറങ്ങിപ്പോയിരുന്നു.
തമ്പാനെ അദ്ധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്തിയാല്‍ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തിയിരുന്നു. കെ.പി.സി.സി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സെന്റ്, ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. തമ്പാന് പുതിയ ചുമതലയൊന്നും നല്‍കിയിട്ടില്ല.