ഇന്ത്യയിലെ പ്രശസ്തമായ എൻ.ഐ.ടിയിൽ നിന്നും മികച്ചരീതിയിൽ ആർക്കിടെക്ചറിൽ ബിരുദമെടുത്ത യുവാവ്. പഠനത്തിനുശേഷം ദില്ലിയില്‍ ഉന്നതോദ്യോഗസ്ഥയായ അമ്മയോടൊപ്പം കുറച്ചുകാലം അവിടെ ചെലവഴിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ദില്ലി മൂപ്പർക്ക് പിടിക്കാതെയായി. നേരേ കൊച്ചിയിലേക്ക്. അമ്മയുടെ സഹോദരിയോടൊപ്പം താമസം. പക്ഷേ ഒന്നും ചെയ്യാൻ തോന്നുന്നില്ല. ജോലിക്കപേക്ഷിക്കാനോ ജോലി ചെയ്യാനോ. യുവാവിന്റെ അമ്മയ്ക്ക് എന്തു ചെയ്യണമെന്നറിയില്ല. കലാ-സാംസ്കാരിക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അമ്മ. അതിന്റെ ഭാഗമമായി അരാജകത്വത്തിന്റെ അങ്ങേയറ്റം വരെ പോയവരെ അടുത്തുകാണുകയും ഇടപഴകുകകയും ദുരന്തങ്ങൾ അടുത്തുകാണുകയുമൊക്കെ ചെയ്ത അനുഭവങ്ങൾ അവരുടെ മുന്നിലുണ്ട്. എന്തായാലും അവരുടെ വഴിയേ പോകുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്റെ മകൻ കാട്ടിയിട്ടില്ലെന്ന് ഇടയ്ക്കിടയ്ക്ക് അമ്മ ആശ്വാസപൂർവ്വം ഓർമ്മിക്കാറുണ്ട്. അരാജകത്വ സ്വഭാവത്തിന്റെ ഭാഗമായി തന്റെ ബന്ധുക്കൾ കൂട്ടുപിടിച്ചിരുന്ന മദ്യപ്രയോഗത്തിനോട് തന്റെ മകന് എതിർപ്പാണെന്നും അവർ പറയാറുണ്ട്. എങ്കിലും അവർക്ക് സംഭ്രമം. അവർ കൊച്ചിയിലുള്ള അവരുടെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് നല്ല യോഗ പഠിപ്പിക്കുന്നതെന്ന് അന്വേഷിച്ചു. സുഹൃത്തിന്റെ സുഹൃത്ത് നല്ലൊരു യോഗാ മെഡിറ്റേഷൻ ടീച്ചറുണ്ട്. അദ്ദേഹത്തിന്റെ നമ്പർ അയച്ചുകൊടുത്തു. സുഹൃത്ത് യോഗയും മെഡിറ്റേഷനും ഈ ഗുരുവിൽ നിന്ന് അഭ്യസിച്ച വ്യക്തിയാണ്. ആ ഗുരു മകന്റെ കാര്യം ശരിയാക്കിക്കൊള്ളുമെന്ന് യുവാവിന്റെ അമ്മയെ ആശ്വസിപ്പിച്ചു. ഇനാക്ഷൻ അഥവാ ഒന്നും ചെയ്യായ്കയാണ് തന്റെ മകന്റെ പ്രശ്നമെന്ന് അമ്മ പറയുകയും. ചെയ്തു. അത് അവന്റെ ഉള്ളിൽ പ്രവർത്തനം (കർമ്മം) കൂടിയതിനാലാണ് പുറത്തുള്ള പ്രവർത്തനം (കർമ്മം) നിലച്ചുപോയതെന്നും അതൊന്നു തിരിച്ചിട്ടാൽ തീരുന്ന പ്രശ്നമേ മകനുള്ളുവെന്നും സുഹൃത്ത് ആശ്വാസവചനങ്ങൾക്കൊപ്പം കൂട്ടിച്ചേർത്തു. യുവാവിന്റെ അമ്മ നല്ലൊരു ബുദ്ധിജീവിയും കൂടിയാണ്.
സുഹൃത്ത്- താങ്കൾ ഇനി നാട്ടിൽ വരുമ്പോൾ നാലഞ്ച് ദിവസം കൊച്ചിയിൽ നിൽക്കാനുള്ള സമയമുണ്ടെങ്കിൽ ഞാൻ പറഞ്ഞ ടീച്ചറിൽ നിന്ന് മെഡിറ്റേഷൻ വേണമെങ്കിൽ അഭ്യസിക്കാം.
യുവാവിന്റെ അമ്മ- അയ്യോ സുഹൃത്തേ, എനിക്ക് യാതൊരു കുഴപ്പവുമില്ല.
സു- കുഴപ്പമുള്ളവർക്ക്... (യുവാവിന്റെ അമ്മ സംഭാഷണം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല)
യു.അ- അയ്യയ്യോ, ഇല്ലില്ല. എനിക്ക് അങ്ങിനെയുള്ള ഒന്നിന്റേയും ആവശ്യമില്ല.
സു- ഇതുവരെ ഞാൻ കരുതിയിരുന്നത് അത്യാവശ്യമില്ലെന്നായിരുന്നു. ഇപ്പോൾ മനസ്സിലായി മകനേക്കാൾ അടിയന്തരാവശ്യം അമ്മയ്ക്കാണെന്ന്.
യു.അ- താങ്കൾ അല്ലേലും രസികനാണല്ലോ. എന്തായാലും എനിക്ക് ആവശ്യമൊന്നുമില്ല.
സു- മെഡിറ്റേഷൻ എന്നു കേട്ട നിമിഷം തന്നെ താങ്കൾക്കിത് ആവശ്യമില്ലെന്ന് പറയുന്നു. ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കാൻ പോലും തയ്യാറായില്ല. അതിനു മുൻപേ തീരുമാനം വന്നു. ഇങ്ങനെയാണോ തീരുമാനങ്ങൾ എടുക്കേണ്ടത്. താങ്കളിൽ നിന്ന് ഉണ്ടായത് പ്രതികരണമല്ല. എന്നുവെച്ചാൽ റെസ്‌പോൺസല്ല. റിയാക്ഷനാണ്. ഉള്ളിൽ നിന്നും അറിയാതെ പുറത്തു വരുന്നത്. അറിഞ്ഞുകൊണ്ടുവരുമ്പോൾ മാത്രമേ പ്രതികരണമാകൂ.
യു.അ- വെറുതേ പറഞ്ഞ് കാടുകയറാതെ.
സു- വല്ലപ്പോഴും കാട്ടിൽ കയറുന്നത് ആരോഗ്യത്തിന് നല്ലതാണ്. കാട്ടിൽ കയറുമ്പോഴാണ് കാടിന്റെ വന്യതയും കാടുമൊക്കെ മനസ്സിലാകൂ. കാടിന്റെ ഉൾഭാഗത്ത് പോയിട്ടുണ്ടോ.
യു.അ- ഇതാ ഞാൻ പറഞ്ഞെ കാടുകയറണ്ടാന്ന്. തൽക്കാലം എനിക്ക് കുഴപ്പമൊന്നുമില്ല.
സു-സുഹൃത്തേ, താങ്കളുടയടുത്ത് ആരാണ് പറഞ്ഞത്, അല്ലെങ്കിൽ എവിടെ നിന്നാണ് മനസ്സിലാക്കിയത് മെഡിറ്റേഷൻ, യോഗ എന്നിവയൊക്കെ കുഴപ്പമുള്ളവരുടെ കുഴപ്പങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ളതാണെന്ന്. കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ആരോഗ്യമാർഗ്ഗങ്ങളാണവ.
യു.അ- അതെന്തോ ആയിക്കൊള്ളട്ടെ, മൂപ്പരുടയടുത്ത് മോനെ താങ്കൾതന്നെയൊന്നു പരിചയപ്പെടുത്തണം. ഞാൻ വരുമ്പോൾ നോക്കട്ടെ. പറ്റുമെങ്കിൽ ഞാൻ കൂടിനോക്കാം.
ബുദ്ധിജീവി കൂടിയായ ഈ അമ്മയുടെ മകൻ കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ അനവധിയാണ്. അച്ഛനേക്കാൾ ഈ യുവാവിൽ സ്വാധീനം അമ്മയ്ക്കാണ്. മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള ചിന്തകളുടെ രാപ്പകൽ ധർണ്ണ ഈ യുവാവിന്റെ മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അമ്മയുടേയും അമ്മയുടെ ചിന്തകളുടേയും അതിന്റെ പ്രജനനസന്തതികളായ ചിന്തകളുടേയും സ്വന്തം സർഗ്ഗവാസനയുടേയും ബുദ്ധിയുടേയും എല്ലാം ഇടയിൽ കിടന്നു ഞെരിപിരി കൊള്ളുമ്പോൾ ഈ യുവാവിന് ഏതെങ്കിലും ഒന്നിൽ മാത്രം മനസ്സർപ്പിച്ച് മുന്നോട്ടു നീങ്ങുന്നതിന് ഊർജ്ജം തോന്നിയെന്നിരിക്കില്ല. എന്തായാലും ആ യുവാവിന് മെഡിറ്റേഷനും യോഗയും ജീവിതത്തിന് ഒരു ദിശനൽകാൻ സഹായകമാകും.