ഇരുപത്തിനാല് കൊല്ലങ്ങൾക്ക് മുമ്പ് ഒരു ജൂലായ് എട്ട് ഞായർ. സ്ഥലം റോമിലെ സ്റ്റാഡിയോ ഒളിമ്പിക്കോ സ്റ്റേഡിയം. നിറഞ്ഞ് കവിഞ്ഞ 73000 കാണികളെ സാക്ഷിയാക്കി ഫുട്ബോളിന്റെ രണ്ട് തമ്പുരാക്കൻമാർ തമ്മിൽ ലോകകപ്പിന്റെ കലാശപ്പോരിൽ കൊമ്പുകോർക്കുന്നു. ഫുട്ബോൾ ദൈവം മറഡോണയുടെ ചിറകേറി വന്ന അർജന്റീനയും യൂറോകരുത്തുമായി ലോതർ മത്യേവൂസിന്റെ പശ്ചിമ ജർമ്മനിയും.
ശേഷമുള്ള കാല്‍ നൂറ്റാണ്ടിനിടയില്‍ ജർമ്മനി ഒരു തവണ ലോകകപ്പിന്റെ ഫൈനലും രണ്ട് വട്ടം സൈമിയും കളിച്ചു. ലോകകപ്പിന് ബ്രസീലും ഇറ്റലിയും ഫ്രാന്‍സും സ്പെയിനും അവകാശികളായി. റൊമാരിയോ, റൊണോൾഡോ, റൊണാള്‍ഡിഞ്ഞോ, സിദാന്‍, ബാജിയോ, ലൂയി ഫിഗോ, ബല്ലാക്ക്, ബെക്കാം അങ്ങനെ ഒരുപിടി താരങ്ങൾ ഫുട്ബോൾ ലോകത്ത് വിരാജിച്ചു. അർജന്റീനയുടെ ഇളം നീല വരയിട്ട വെള്ളജഴ്സിയിലും പിറന്നു, നിരവധി പ്രതിഭാധനർ. ഇടതൂർന്ന മുടിയുള്ള ക്ലോഡിയോ കനീജിയ, നീലക്കണ്ണുകളുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യുട്ട, സൂപ്പർ സ്ട്രൈക്കർ ഹെർനൻ ക്രെസ്പോ, മധ്യനിരയിലെ മാന്ത്രികൻ റിക്വൽമി, ഫുട്ബോൾ മിശിഹാ ലയണൽ മെസി. എന്നിട്ടും 2014 വരെ കാത്തിരിക്കേണ്ടി വന്നു ലാറ്റിനമേരിക്കൻ പോരാളികൾക്ക് കലാശപ്പോരാട്ടത്തിന് ബൂട്ട് കെട്ടാൻ.
എല്ലാ കാത്തിരിപ്പിനും അറുതിവരുത്തി ജൂലായ് 13ന് ഫുട്ബോളിന്റെ ഹൃദയഭൂമിയായ ബ്രസീലിലെ ആമസോൺ നദീതീരത്തെ മാറക്കാന സ്റ്റേഡിയത്തിൽ അർജന്റീനയും ജർമ്മനിയും ലോകകപ്പിനായി വീണ്ടും ഏറ്റുമുട്ടും. രണ്ട് തവണ ലോകകിരീടം ബ്രൂണസ് ഐറിസിൽ എത്തിയപ്പോഴെക്കെ അതിൽ പ്രതിഭാധനനായ ഒരു താരത്തിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു. 1978-ൽ മരിയോ കെംപസ്, 1986-ൽ സാക്ഷാൽ ഡീഡോ മറഡോണ. പിന്നീടൊരു ലോകകിരീടം ലാറ്റിൻ വമ്പൻമാർക്ക് കിട്ടാക്കനിയായിരുന്നു. പക്ഷേ, എത്തവണ നീലപ്പട കിരീടം സ്വന്തമാക്കുമെന്ന് കരുതുന്നവർ ഏറെയാണ്. ഇത്തവണ കെംപസിനെയും മറഡോണയെയും പോലെയൊരു താരം അർജന്റീനിയൻ നിരയിലുണ്ട്. ലയണൽ മെസിയെന്ന ഫുട്ബോൾ മിശിഹായിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷയത്രയും. അവർ വിശ്വസിക്കുന്നു, കപ്പടിക്കാൻ പറ്റിയ സമയം ഇതിലും നല്ലത് മറ്റൊന്നില്ലെന്ന്.
ലോകകപ്പിലെ ഒരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്ന ടീമായിരുന്നു അലക്സാന്ദ്രോ സബല്ലെയുടെ കുട്ടികൾ. ക്വാർട്ടർ ഫൈനൽ വരെ അർജന്റീനയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് പുതിയ മെസിയായിരുന്നു. ബോസ്നിയ, ഇറാൻ, സ്വിറ്റ്സർലന്റ്, ബെൽജിയം എന്നിവർക്കെതിരെ മെസിയുടെ പ്രതിഭാവിലാസം പ്രകടമായിരുന്നു. പരിക്കേറ്റ മധ്യനിരതാരം എയ്ഞ്ചൽ ഡി മരിയ, മുന്നേറ്റത്തിൽ ഹിഗ്വേൻ, പ്രതിരോധത്തിൽ സബെല്ലറ്റ, ഗോളി റോമെറോ എന്നിവർക്കെല്ലാം ഊർജം പകർന്ന് കൊടുത്തതും മെസിയായിരുന്നു.
ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെ അവരോധിക്കപ്പെട്ട ബ്രസീലിയൻ മണ്ണിൽ തുടക്കം മുതലെ ടീമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ജോക്കിം ലോ പരിശീലിപ്പിച്ച ജർമ്മനിയായിരുന്നു. തോമസ് മുള്ളെറെന്ന യുവരക്തവും മധ്യനിരയില്‍ മെസൂട്ട് ഓസിലും പ്രതിരോധത്തില്‍ പരിചയ സമ്പത്തിന്റെ കരുത്തുമായി ക്യാപ്റ്റന്‍ ലാമും ഷ്വാൻസ്റ്റീഗറും ഗോളിന് മുന്നില്‍ മാന്യുവൽ ന്യുയറും ജർമ്മൻ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകുന്നു.
മെസിയെ എങ്ങനെ പിടിച്ച് കെട്ടാമെന്നാലോചിച്ചായിരിക്കും ജർമ്മൻ കോച്ച് തലപുകയ്ക്കുക. ഹോളണ്ട് കോച്ച് വാൻഗൽ മെസിയെ തളയ്ക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും മെസി വിരാജിച്ച സ്ഥാനത്ത് ലോവേസിയും പെരസും സബേല്ലറ്റയും ആക്രമിച്ച് കയറിയത് ഡച്ച് കോച്ചിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പ്രതിരോധത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡർ മഷ്റാനോയുടെ മിന്നൽ ഫോം നീലപ്പടയ്ക്കും കപ്പിനിടയിലുള്ള അകലം കുറയ്ക്കുന്നു. സെമിയിലും ക്വാർട്ടറിലും അർജന്റീനയെ രക്ഷിച്ചത് ബാഴ്സലോണയുടെ ഈ സൂപ്പർ താരമായിരുന്നു. മറഡോണയുടെ സംഘത്തിലുണ്ടായിരുന്ന ഗോളി സെർജിയോ ഗോയ്കോഷ്യയെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് കാവൽഭടൻ റൊമേറോ കാഴ്ചവയ്ക്കുന്നത്.
സെമിയിൽ ഒന്നിനെതിരെ ഏഴ് ഗോളിന് ബ്രസീലിനെ പിച്ചിച്ചീന്തിയ ഒറ്റക്കളി മതി ജർമ്മനിയ്ക്ക് ഫൈനൽ കളിക്കാതെ തന്നെ കപ്പ് ബെർലിനിലേക്ക് കൊടുത്തുവിടാൻ. കളിയുടെ സർവ്വ മേഖലകളിലും സമ്പൂർണ ജർമ്മൻ അധിപത്യമായിരുന്നു. മുന്നിൽ നിന്ന് പട നയിച്ചതാകട്ടെ തോമസ് മുള്ളറും. ഫൈനലിലും ഇത് ആവർത്തിക്കാനായിരിക്കും ജർമ്മൻ പട ശ്രമിക്കുക. എതിരാളികളുടെ ദൗർബല്യം നോക്കിയായിരുന്നു ലാമും കൂട്ടരും ആക്രമണം അഴിച്ച് വിട്ടത്. എന്നാൽ കലാശപ്പോരാട്ടത്തിൽ മെസിക്കൂട്ടം ദൗർബല്യങ്ങൾ എല്ലാം പരിഹിച്ചാണ് പോരാടാൻ ഇറങ്ങുന്നത്. ടോണി ക്രൂസ്, സമി ഖദീര എന്നിവരും ഫൈനലിൽ ജർമ്മനിയുടെ തുറുപ്പ് ചീട്ടുകളാണ്.
ദൈവം മറഡോണയ്ക്കായി കാത്തുവച്ച രണ്ടാമത്തെ ലോകകിരീടം കടുത്ത ഫൗളിലൂടെ തട്ടിയെടുത്ത കൈസറുടെ കൂട്ടര്‍ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് മെസിക്കൂട്ടം മാരക്കാനയിൽ ഇറങ്ങുന്നതെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.