സാംസങ്ങും എൽ.ജിയും നിലവാരമുള്ള കമ്പനികളാണ്. അവരുടെ ടെലിവിഷനും മോശമാകാനിടയില്ല. അവരുടെ ടെലിവിഷനുവേണ്ടി പരസ്യം നിർമ്മിച്ചവർ ആ കമ്പനിയോളം ഗുണനിലവാരം പുലർത്തുന്നില്ല. അതു മാത്രമല്ല അവർ പരോക്ഷമായി ചെയ്യുന്നത് അപരാധവുമാണ്. വീട്ടിലെ അച്ഛനും മകനും രണ്ടിടത്തിരുന്ന് ടി.വി. കാണണം. അവർ തങ്ങളുടെ ഭാഗത്തേക്ക് അത് തിരിക്കുന്നു. അതിനു പരിഹാരമായി പരസ്യം പറയുന്നു, നിലവിലുള്ള ടി.വി മാറ്റിയിട്ട് എൽ.ജിയുടെ എൽ.ഇ.ഡി ടിവി വാങ്ങുവാൻ. കാരണം എവിടെയിരുന്നു വേണമെങ്കിലും ടി.വി കാണാമത്രെ. അനാകർഷമായ പരസ്യമാണത്. അച്ഛന് ഭക്ഷണം കഴിക്കുമ്പോഴാണത്രെ ടി.വി കാണേണ്ടത്. സാംസങ്ങിന്റെ പരസ്യത്തിലും ടി.വിയില്‍ റോമന്‍ ഗ്ലാഡിയേറ്റര്‍മാരുടെ ആക്രമണം കാണുന്ന അച്ഛന്റേയും മകന്റേയും കൈയ്യില്‍ ചായയും ബിസ്കറ്റുമാണുള്ളത്. ഈ പരസ്യങ്ങളില്‍ മാത്രമല്ല, പല ഉല്‍പ്പന്നങ്ങളുടേയും പരസ്യത്തിലും ടി.വി കാണുന്ന ദൃശ്യങ്ങളില്‍ ഇപ്പോള്‍ ഭക്ഷണം ഒരു സ്ഥിരം ചേരുവയാണ്. പ്രത്യേകിച്ചും ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍. വ്യക്തിയുടേയും കുടുംബത്തിന്റേയും സുഖവും സ്വസ്ഥതയും നശിപ്പിക്കാനുള്ള വഴിയാണ് ആ പരസ്യക്കാർ പറഞ്ഞുതരുന്നത്. പരസ്യക്കാരേയും കുറ്റം പറയാൻ പാടില്ല. കാരണം നല്ലൊരു ശതമാനം ആൾക്കാരും ഭക്ഷണം കഴിക്കുമ്പോൾ ഒരു കറിയെന്നവണ്ണം ടി.വി കാണുന്നു. ഇത് മനുഷ്യന്റെ ശ്രദ്ധയെ ക്രമേണ ഇല്ലായ്മ ചെയ്യും. അതോടൊപ്പം ശരീരത്തിന് രോഗങ്ങളും സമ്മാനിക്കും.
ഭക്ഷണം കഴിക്കേണ്ടത് അതീവശ്രദ്ധയോടെയാണ്. അവയുടെ രുചി ആസ്വദിച്ചു വേണം കഴിക്കാൻ. ഭക്ഷണം കാണുമ്പോഴും മണം അറിയുമ്പോഴുമൊക്കെ ഓരോ സ്രവങ്ങൾ വായ്ക്കുള്ളിൽ ഉണ്ടാവുന്നു. അതത് ഭക്ഷണത്തിന്റെ പചനപ്രക്രിയയ്ക്ക് സഹായകമായ രീതിയിലാണ് ആ സ്രവങ്ങൾ ഉണ്ടാവുന്നത്. അവ ഭക്ഷണവുമായി കൂടിക്കലർന്ന് ചവച്ചരഞ്ഞ് ഉള്ളിൽ ചെല്ലുമ്പോഴാണ് ദഹനവും തുടർന്നുള്ള പചനപ്രക്രിയയും പൂർണ്ണമായ രീതിയിൽ നടക്കുക. അങ്ങനെ സംഭവിക്കാതെ വരുമ്പോൾ പ്രകടമായുണ്ടാവുന്ന രോഗമാണ് ദഹനക്കേട്. വയറാണ് ആരോഗ്യത്തിന്റെ ആധാരം. നിലനിൽപ്പിന്റേയും ആരോഗ്യത്തിന്റേയും കളിത്തട്ട്. അമ്മയെ മകൻ തല്ലിക്കൊല്ലുന്നതും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും അടക്കമുള്ള വാർത്തകളും ദൃശ്യങ്ങളും കാണുമ്പോൾ അവ കാണുന്നവരുടെ ഉള്ളിൽ വികാരങ്ങളുടെ മാറ്റംമറിച്ചിലുകൾ സംഭവിക്കുന്നു. അതായത് രാസപ്രവർത്തനങ്ങൾ. നല്ല രുചികരമായ മാമ്പഴപ്പുളിശ്ശേരി കഴിക്കുമ്പോഴാണ് ഈ ദൃശ്യങ്ങൾ കാണുന്നതെങ്കിൽ വർധിതമായ തോതിലുണ്ടാവേണ്ട സ്രവങ്ങൾക്കുപകരം പീഡനവാർത്ത സൃഷ്ടിച്ച അസ്വസ്ഥതാ രാസഘടകങ്ങളായിരിക്കും ഉണ്ടാവുക. ചൂടാക്കിയ തൈരിന്റേയും മാമ്പഴത്തിന്റെ മധുരത്തിന്റേയും പുളിയുടേയും പിന്നെ എരിയുടേയുമെല്ലാം സമ്മിശ്രിതമായ ആ പുളിശ്ശേരി ഉള്ളില്‍ കോരിയൊഴിക്കുന്നതിനു സമാനമായിട്ടായിരിക്കും ചെന്നു പതിക്കുക. അതാ വരുന്നു, അപ്പോൾ ടി.വിയിൽ അടുത്ത പരസ്യം, ഉഗ്രൻ അന്റാസിഡുകളുടെ. ഉണ്ടുകഴിഞ്ഞ് നേരേ പോയി അവ കുടിച്ച് ഗ്യാസിനെ അകറ്റി നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ ശ്രമിക്കുന്നവരും കുറവല്ല.
ഒരു പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിലേർപ്പെടുന്നതിനെ മ്ലേച്ഛമായാണ് കരുതപ്പെടുന്നത്. അതിലേർപ്പെടുന്നവർ എങ്ങനെ വിളിക്കപ്പെടുമെന്നും ഊഹിക്കാം. ഭക്ഷണം കഴിച്ചുകൊണ്ട് ടി.വി കാണുവാൻ ആഹ്വാനം ചെയ്യുന്നതു വഴി ആ അവസ്ഥയിലേക്ക് എത്താനുള്ള ക്ഷണം കൂടിയാണ്. ബുദ്ധിയും വിവേകവും വേണ്ടരീതിയിൽ ഉണ്ടായാൽ ഇത്തരം കമ്പനികളുടെ ഉൽപ്പന്നങ്ങൾ നന്നായി വിറ്റഴിക്കപ്പെടില്ലെന്നുള്ളതും മറ്റൊരു കാര്യം. പൊണ്ണത്തടിയും ടീവികണ്ടുതീറ്റയും തമ്മിലുള്ള ബന്ധവും ഓർക്കാവുന്നതാണ്. ഇവിടെയെല്ലാം സംഭവിക്കുന്നത് അബോധാവസ്ഥയിൽ മനുഷ്യൻ തളച്ചിടപ്പെടുകയാണ്. ഈ അബോധാവസ്ഥയാണ് മനുഷ്യനെ ദുരിതങ്ങളിൽ പെടുത്തുന്നതും. ദുരിതം വേണോ, അതോ ദുരിതങ്ങളിൽ നിന്നുള്ള മോചനം വേണോ എന്നുള്ളത് ഓരോരുത്തരുടേയും തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. ദുരിതത്തിൽ പെടുന്നവർ ഒരിക്കലും ഇത് തിരിച്ചറിയുകയുമില്ല. മറ്റാരുടേയോ നിലപാടോ പ്രവൃത്തിയോ കൊണ്ടാണ് തങ്ങൾ ഇങ്ങനെ ദുരിതത്തിൽ പെട്ടതെന്ന് വിലപിച്ച് അവർ കൂടുതൽ ദുരിതത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും. ടെലിവിഷൻ കാണാതെ നിശബ്ദമായി ഭക്ഷണം രുചിയറിഞ്ഞൊന്നു കഴിച്ചുനോക്കിയാലറിയാം കഴിപ്പിന്റെ കഴമ്പ്. അത് ദുരിതത്തിൽ നിന്ന് മെല്ലെ കരകയറാനുള്ള ലളിതമായ ഒരെളുപ്പ പടികൂടിയാണ്. വേണ്ടത് തീരുമാനം മാത്രം. പരസ്യക്കാർ പലതും പറയും.