Skip to main content

patient and relatives

 

മധ്യവയസ്സിന്റെ പടിവാതിലിലേക്ക് പ്രവേശിച്ച യുവതി. ഇരുപതുകാരിയുൾപ്പടെ രണ്ടു കുട്ടികളുടെ അമ്മ. അത്ര ഭദ്രമല്ലാത്ത, എന്നാൽ വലിയ കുഴപ്പമില്ലാത്ത സാമ്പത്തിക സ്ഥിതി. ഭർത്താവ് ബവറിജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റിൽ നിരനിൽക്കുന്ന ആളാണ്. ബാല്യം വളരെ ദുരിതപൂർണ്ണമായിരുന്നു. യൗവനമെത്തുന്നതിന് മുൻപ് തന്നെ അമ്മയുടെ മരണം. അച്ഛന്റെ മദ്യപാനം. ഇതിനിടയിലൂടെയാണ് ഈ യുവതി തന്റെ കുടുംബം രൂപപ്പെടുത്തിയെടുത്തത്. അങ്ങിനെയിരിക്കെ ഒരു ദിവസം അറിയുന്നു, താൻ സ്തനാർബുദരോഗിയാണെന്ന്. തന്റെ കുട്ടികൾ എങ്ങുമെത്താത്ത അവസ്ഥയിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങേണ്ടിവരുന്ന അവസ്ഥയായി അവർ അതിനെ എതിരേറ്റു. അർബുദത്തിനുള്ള ചികിത്സ ആരംഭിച്ചു. ഒരു സ്തനം നീക്കം ചെയ്തു. അങ്ങിനെ ദീർഘമായ ചികിത്സയ്‌ക്കൊടുവിൽ ഈ യുവതി രോഗത്തിൽ നിന്ന് മുക്തയായി.

 

ചെറിയ കാര്യങ്ങൾക്ക് ആധിയെടുക്കുകയും ഉറ്റവരോട് കയർക്കുകയും ധാർഷ്ട്യം കാണിക്കുകയുമൊക്കെ ചെയ്യുന്ന സ്വഭാവമുണ്ടായിരുന്ന ഈ യുവതി രോഗകാലഘട്ടത്തിൽ വേറൊരു വ്യക്തിയായി മാറി. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി വിശ്രമം അറിഞ്ഞ നാളുകളായിരുന്നു അത്. സഹോദരങ്ങളോടും ഭർത്താവിനോടും മക്കളോടുമൊക്കെ അവർ സ്നേഹസമ്പന്നയായി പെരുമാറി. ഏവരേയും എപ്പോഴും ഉപദേശിക്കുന്ന അവസ്ഥയിലായിരുന്നു രോഗശുശ്രൂഷാ വേളകൾ. ഉപദേശം ഏതാണ്ട് ഇങ്ങനെയാണ്- താൻ ജീവിതത്തിന്റെ അവസാനം കാണുന്നവളും കണ്ടവളുമാണ്, അതിനാൽ താൻ പറയുന്ന കാര്യം വളരെ ശ്രദ്ധയോടെ എല്ലാവരും കേൾക്കണം, ആരോടും ദേഷ്യവും വിദ്വേഷവും ഒന്നും കാട്ടരുത്. ഇതാണ് എല്ലാവരോടും എപ്പോഴും പറയാനുണ്ടായിരുന്നത്. ഉറങ്ങുന്ന സമയം കഴിഞ്ഞാൽ മിക്കപ്പോഴും ഇവർ ബന്ധുക്കളുടെ മധ്യത്തിൽ തന്നെയായിരുന്നു.

 

രോഗവിമുക്തയായി എന്ന് അറിഞ്ഞ ഉടൻ തന്നെ അവർ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവന്നു. ആദ്യമായി ചെയ്തത് തനിക്ക് വിശ്വാസമുള്ള ജോത്സ്യനെ കാണുക എന്നതായിരുന്നു. ജോത്സ്യൻ പറഞ്ഞു, ഉടനടി മകളുടെ വിവാഹം നടത്തണം. അല്ലെങ്കിൽ വല്ലാതെ നീണ്ടുപോകും. ഇതു കേട്ട മാത്രയിൽ അവർ പഴയ വീറിലും വാശിയിലേക്കുമൊക്കെ മടങ്ങിയെത്തി. മകളുടെ വിവാഹത്തിനായി എല്ലാവരേയും സജ്ജമാക്കി. അവർ തന്നെ മുന്നിട്ട് വിവാഹം നടത്തി.

 

രോഗവിമുക്തയായി എന്നറിഞ്ഞനാൾ മുതൽ അവർ ഉപദേശമൊക്കെ നിർത്തി. വീണ്ടും പഴയ പരിഭവങ്ങളും ദേഷ്യവുമൊക്കെ പുറത്തു വന്നു. ഒരു വ്യത്യാസം മാത്രം. താൻ അർബുദ രോഗിയാണെന്ന് എപ്പോഴും എല്ലാവരേയും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. സ്തനമാറ്റത്തിന്റെ ഭാഗമായുളള ചില ഹോർമോൺ വ്യതിയാനങ്ങളൊഴിച്ചാൽ ഇപ്പോൾ അർബുദത്തിന്റെ ഒരു ലക്ഷണവും ഈ യുവതിക്കില്ല. സാധാരണ ജീവിതം നയിച്ചുകൊള്ളാൻ ഓരോ തവണയും ഡോക്ടർ ഈ യുവതിയോട് പറയുകയും ചെയ്യും. എന്നിരുന്നാലും ഈ യുവതിക്ക് രോഗത്തെ വിടാൻ പറ്റില്ല. കാരണം അർബുദം ഈ യുവതിക്ക് സമ്മാനിച്ച മനോജ്ഞ ദിനങ്ങൾ അവർക്ക് അത്ര വിലപ്പെട്ടതായിരുന്നു. ജീവിതത്തിൽ ആദ്യമായി പരിപൂർണ്ണ വിശ്രമം. താൻ പറയുന്നതിനെ ആരും എതിർക്കുന്നില്ല. മദ്യപനായിരുന്ന ഭർത്താവ് ആ ശീലം ഗണ്യമായി ഉപേക്ഷിച്ച് തന്നെ പരിചരിക്കുന്നതിൽ വ്യാപൃതനായി. തന്നെ തിരിഞ്ഞുനോക്കാതിരുന്ന ബന്ധുക്കൾ സ്നേഹപൂർവ്വം എപ്പോഴും തനിക്കുവേണ്ടി ചെലവഴിക്കാനും തന്നെ ശ്രദ്ധിക്കാനുമുണ്ടായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ബാല്യം മുതൽ എന്തിനുവേണ്ടിയായിരുന്നുവോ കൊതിച്ചത് അതു മുഴുവൻ രോഗകാലത്ത് ഈ യുവതിക്കു കിട്ടി. രോഗവിമുക്തയായപ്പോൾ ആ കാലം കഴിഞ്ഞുവെന്നുള്ള തിരിച്ചറിവാണ് ആ രോഗത്തിനെ ഉറ്റബന്ധുവിനെപ്പോലെ കാണാൻ ആ യുവതിയെ പ്രേരിപ്പിക്കുന്നത്. ആരും തന്റെ ജീവിതത്തിൽ ചെയ്തുകൊടുക്കാത്ത കാരുണ്യങ്ങളാണ് അർബുദം ഈ യുവതിക്ക് ലഭ്യമാക്കിക്കൊടുത്തത്. അതിനാൽ അതിന്റെ ലഭ്യതയ്ക്കുവേണ്ടി എപ്പോഴും അവർ മറ്റുള്ളവരെ ഓർമ്മപ്പെടുത്തുന്നു, താൻ അർബുദരോഗിയാണ്. അതിനാൽ മുൻപ് തന്നെ ശ്രദ്ധിച്ചതുപോലെ ഇപ്പോഴും ശ്രദ്ധിക്കുക എന്ന്. അതു കേൾക്കുന്ന മാത്രയിൽ മറ്റുള്ളവർ വർധിത വീര്യത്തോടെ അവരെ ഓർമ്മിപ്പിക്കുന്നു, അവർക്കിപ്പോൾ രോഗമില്ല എന്ന്.  അതിനെ യുവതി മനസ്സിലാക്കുന്നത് താനിപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും പരിഗണനയ്ക്കും അർഹയല്ല എന്നും അതിനാൽ അത് ലഭിക്കില്ല എന്നുമാണ്. ഉപബോധമനസ്സിലെ ആ അറിവിൽ നിന്നാണ് ശ്രദ്ധയ്ക്കും പരിഗണനയ്ക്കും വേണ്ടി അവർ താൻ ഇപ്പോഴും രോഗിയാണെന്നും അർബുദം ഒരിക്കൽ വന്നാൽ പിന്നെ എപ്പോൾ വേണമെങ്കിലും വരാമെന്ന സിദ്ധാന്തവുമൊക്കെ എപ്പോഴും വിളമ്പുന്നത്. അങ്ങനെ മനസ്സിനേയും ശരീരത്തേയും പറഞ്ഞു ബോധ്യപ്പെടുത്തിയാൽ മനസ്സും ശരീരവും ആ അവസ്ഥയിലേക്ക് ക്രമേണ മാറുകയും ചെയ്യും. അത് ഈ യുവതിയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ബന്ധുക്കൾക്കും കഴിയുന്നില്ല. ഇതു തിരിച്ചറിഞ്ഞ് അൽപ്പം കൂടുതൽ പരിഗണന അവരോട് കാട്ടുന്ന പക്ഷം അവരുടെ ഈ സ്വഭാവത്തിൽ കുറച്ച് മാറ്റം വേണമെങ്കിൽ വന്നേക്കാം.

 

ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതി ഉദ്ദേശിക്കുന്ന സമയത്ത് മകൾ തന്നെ കാണാൻ എത്തിയില്ലെങ്കിൽ മകൾക്കിപ്പോൾ തന്നെ വേണ്ടായെന്നും അവൾക്കുവേണ്ടിയാണ് താൻ ജീവിച്ചതെന്നുമൊക്കെയുളള പ്രസ്താവനകൾ മകളോടും മറ്റുളളവരോടും നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. അസുഖകാലത്ത് മറ്റുള്ളവരോട് ഉപദേശിച്ച ഉപദേശങ്ങളൊന്നും ഓർമ്മയിൽ എത്തുന്നതുമില്ല. ഭർത്താവ് വീണ്ടും ക്യൂ നിന്നു തുടങ്ങി. മകൾക്കിപ്പോൾ ഭർത്താവിന്റെ വീട്ടിൽ നിന്നും വരാൻ പേടിയാണ്. കാരണം വന്നിട്ട് തിരിച്ചുപോകുമ്പോൾ ആ യുവതിയുടെ മനസ്സമാധാനം മുഴുവൻ ഇല്ലാതാകുന്നു. അതിനാൽ മകൾ ഇപ്പോൾ വരവ് കുറയ്ക്കുന്നു. അതോടെ അമ്മയുവതിക്ക് തന്റെ മകളേക്കുറിച്ചുളള സിദ്ധാന്തം ശരിയാണെന്നു മറ്റുള്ളവരുടെയടുത്ത് സ്ഥാപിക്കാനും അവരേക്കൊണ്ട് സമ്മതിപ്പിക്കാനും സാധ്യമാകുന്നു. ചില ബന്ധുക്കൾ അമ്മയെ മറക്കരുതെന്ന് മോളെ ഉപദേശിക്കാനും മറക്കുന്നില്ല. മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിനും തന്റെ മകളുടെ വിവാഹം നടത്തിക്കൊടുക്കാനും അതു കാണാൻ കഴിഞ്ഞതിലും എല്ലാവരോടുമൊത്ത് സുഖമായി ജീവിക്കാനും അവസരം കിട്ടിയതിന് വേണമെങ്കിൽ ഈ യുവതിക്ക് സദാ നന്ദിയും സന്തോഷമുളളവളുമായി തുടരാം. പക്ഷേ പറ്റുന്നില്ല. അതാണ് ബാല്യത്തിൽ ശ്രദ്ധ കിട്ടാതെ വളർന്നതിന്റെ പരിണാമം. ആ സ്ത്രീയും സന്തോഷിക്കുന്നില്ല, കൂടെയുളളവരും സന്തോഷമറിയുന്നില്ല. കൂടെയുളളവരും അറിയുന്നില്ല, ശ്രദ്ധ കിട്ടിയാൽ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നമെന്ന്. അവർക്കും അത് പറ്റുന്നില്ല. ഇതൊരു മറവിയാണ്. കോശങ്ങളിലെ മരണമറവിയാണ് അർബുദമായി മാറുന്നത്. അതായത് അർബുദമെന്നാൽ അശ്രദ്ധ തന്നെ. ശ്രദ്ധ നഷ്ടമാകുന്നിടത്ത് അശ്രദ്ധ താരമാകും. ഇപ്പോൾ ഈ യുവതിയുടെ വീട്ടിൽ അർബുദം താരമായി നിലനിർത്തപ്പെടുന്നതുപോലെ.