തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പ് വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലെ വര്‍ധന മെയ് 1 മുതല്‍ നിലവില്‍വന്നു. പല സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.
വസ്തു ഈടിന്‍മേല്‍ വായ്പ എടുക്കാനും മറ്റും ആവശ്യമായ ബാധ്യതാസര്‍ട്ടിഫിക്കറ്റ് അഞ്ചുവര്‍ഷം വരെയുള്ളതിന് 110 രൂപയായി. മുമ്പ് ഇത് ഒരുവര്‍ഷത്തേക്ക് 5 രൂപ എന്ന നിരക്കിലാണ് നല്‍കിയിരുന്നത്. പുതിയ പരിഷ്‌കാരപ്രകാരം 6 മുതല്‍ 30 വര്‍ഷം വരേക്കുള്ള സര്‍ട്ടിഫിക്കറ്റിന് 260 രൂപയായി. 10 കൊല്ലത്തേക്കുള്ള ബാധ്യതാസര്‍ട്ടിഫിക്കറ്റാണങ്കിലും ഇപ്പോള്‍ അതിന് 30 വര്‍ഷത്തേക്കുള്ള തുക നല്‍കണം.
രേഖകളുടെ പകര്‍പ്പിന് 310 രൂപയായി. നേരത്തെ ഇത് 100 വാക്കിന് 7 രൂപയായിരുന്നു. രേഖകളുടെ തിരച്ചിലിന് 5 വര്‍ഷത്തിനിടെയുള്ളതാണങ്കില്‍ 100 രൂപയായി മാറി. നേരത്തെ ഇത് ഒരുരൂപയായിരുന്നു. 5 മുതല്‍ 30 വര്‍ഷംവരെയുള്ള രേഖകള്‍ തിരയാന്‍ 250 രൂപ കെട്ടണം. ഇതുകഴിഞ്ഞ് ഓരോ അധികവര്‍ഷത്തിനും 25 രൂപ വീതം കൂടും.
കോപ്പിഷീറ്റിന് ഒരുരൂപയായിരുന്നത് 10 രൂപയായി ഉയര്‍ത്തി. അവധിദിനത്തില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഇനി 100 രൂപക്ക് പകരം 500 രൂപ അടയ്ക്കണം. വില്‍പ്പത്രം തയ്യാറാക്കുന്നതിനുള്ള ഫീസും 100 ല്‍നിന്ന് 500 രൂപയായി രജിസ്‌ട്രേഷന്‍ നടത്താനുള്ള ഫീസും 100ല്‍നിന്ന് 500 രൂപയാക്കി കൂട്ടി.