ആരോപണ വിധേയരാവരെയെല്ലാം കുറ്റക്കാരായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബ്ദുള്ളക്കുട്ടി രാജിവെയ്‌ക്കേണ്ടതില്ലെന്നും സരിതയുടെ പരാതിയിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അബ്ദുള്ളക്കുട്ടിയുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അബ്ദുള്ളക്കുട്ടി രാജി സന്നദ്ധത അറിയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാജി അഭ്യൂഹങ്ങള്‍ നടക്കുന്നതിനിടയിലാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കണ്ണൂര്‍ ഡി.സി.സി തന്നെ ഒറ്റപ്പെടുത്തുന്നെന്നും പൊതുപരിപാടികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടിട്ട് അങ്ങനെ ചെയ്തപ്പോള്‍ പൊതുപരുപാടികളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് അവര്‍ തന്നെ പരാതിപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.
കൂടാതെ സരിതയുടെ ആരോപണങ്ങൾ കള്ളമാണെന്നും തന്നെ അനാവശ്യമായി വേട്ടയാടുകയും മാദ്ധ്യമ വിചാരണയ്ക്ക് ഇരയാക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആരോപണങ്ങൾ തനിക്കും കുടുംബത്തിനും കടുത്ത മനോവേദയാണ് ഉണ്ടാക്കുന്നതെന്നും ആരോപണങ്ങളില്‍ സഹികെട്ട് ഭാര്യയും കുടുംബവുംമംഗലാപുരത്തേക്ക് താമസം മാറ്റിയെന്നും അബ്ദുള്ളക്കുട്ടി ഉമ്മൻ ചാണ്ടിയെ അറിയിച്ചു.
സോളാർ പാനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചയ്ക്കായി തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി അബ്ദുള്ളക്കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സരിത എസ് നായര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ കഴിഞ്ഞ ദിവസം സരിത രഹസ്യമൊഴിയും നൽകിയിരുന്നു. മൊഴി പരിശോധിച്ച് അന്വേഷണസംഘം അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുത്തേക്കും.