ധാക്ക: രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായി ഡോ. ഷിറിന്‍ ഷര്‍മിന്‍ ചൌധരിയെ ചൊവാഴ്ച പാര്‍ലിമെന്റായ ജതിയ സംഗ്സദ് എതിരില്ലാതെ തിരഞ്ഞെടുത്തു. 47കാരിയായ ഷിറിന്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
അവാമി ലീഗ് മന്ത്രിസഭയില്‍ വനിതാ ശിശു ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അവരെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. സ്പീക്കറായിരുന്ന അബ്ദുല്‍ ഹാമിദ് രാജ്യത്തിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഷിറിന്‍ സ്പീക്കറാകുന്നത്.
ഇതോടെ രാജ്യത്തെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന വനിതകളുടെ എണ്ണവും കൂടുകയാണ്. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, പ്രതിപക്ഷ നേതാവ് ബീഗം ഖാലിദ സിയ എന്നിവര്‍ക്ക് പുറമേ പാര്‍ലിമെന്റ് ഉപനേതാവ്, വിദേശകാര്യ മന്ത്രി, കൃഷി മന്ത്രി എന്നിവരും വനിതകളാണ്.