ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തീഹാര്‍ ജയിലില്‍ അയച്ച നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിക്കും. നാളെയാണ് കേജ്രിവാളിന്റെ കേസ് കോടതി പരിഗണിക്കുക. കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് തീഹാര്‍ ജയിലിനു പുറത്ത് ആം ആദ്മി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ജയിലിനു പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. കെജ്രിവാളിനെ ഈ മാസം 23 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടകേസുമായി ബന്ധപ്പെട്ട് ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
രാജ്യത്ത് ഏറ്റവുമധികം അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രസിദ്ധീകരിച്ചിരുന്നു. ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയുടെ പേരും പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഗഡ്കരി കെജ്രിവാളിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
10000 രൂപ കെട്ടിവെച്ച് കേസില്‍ ജാമ്യമെടുക്കാന്‍ കോടതി നിര്ദേശിച്ചേങ്കിലും അരവിന്ദ് കെജ്രിവാള് വിസമ്മതിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ കേസ് ആണെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കെജ്രിവാളിന്റെ നിലപാട്. ഇതോടെ അദ്ധേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.