പശ്ചിമ ബംഗാളില്‍ നടന്ന ശാരദാ ചിട്ടി തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. പശ്ചിമബംഗാളിന് പുറമെ ഒറീസ, ത്രിപുര, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറുകണക്കിനുപേര്‍ക്ക് ചിട്ടി തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിരുന്നു. മമതാ ബാനര്‍ജി സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ അന്വേഷണം അനിവാര്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു.
കൊല്‍ക്കത്തയില്‍ സുദീപ്ത സെന്നിന്റെ നേതൃത്വത്തിലാണ് ശാരദ ചിട്ടിഫണ്ട് നടത്തിവന്നത്. 2013 ഏപ്രിലിലാണ് തട്ടിപ്പ് പുറത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് എം.പിമാര്‍ക്കും ഒരു മന്ത്രിക്കും തട്ടിപ്പു നടത്തിയ ശാരദാ ഗ്രൂപ്പിന്റെ എം.ഡി സുദീപ്‌തോ സെന്നുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ വെളിവായിരുന്നു. ചിട്ടി തട്ടിപ്പിന് നേതൃത്വം നല്‍കിയ സുദീപ്താ സെനന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
പിടിയിലായ സുദീപ്‌താ സെന്‍ സി.ബി.ഐയ്ക്ക് കൈമാറിയ കത്തില്‍ തൃണമൂല്‍ എം.പിമാരായ കുനാല്‍ ഘോഷ്, ശ്രിന്‍ജോയ് ബോസ് എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. തൃണമൂലിന്റെ സംരംഭമെന്ന രീതിയില്‍ അവതരിപ്പിച്ചാണ് കമ്പനി തങ്ങളില്‍ നിന്ന് പണം സമാഹരിച്ചതെന്നാണ് നിക്ഷേപകരുടെ ആരോപണം. പശ്ചിമ ബംഗാളിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന അവസാഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത്.