രണ്ടാം മാറാട് കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ നൽകിയ ഹർജിയിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. 22 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസ് എസ്. ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നാലാഴ്ചയ്ക്കകം സുപ്രീം കോടതി പരിഗണിക്കും.
2003 മെയ് 2-ന് ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്തെ സാധാരണക്കാരായ മീന്‍ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്ത സംഭവമാണ് രണ്ടാം മാറാട് കലാപം. 2002 ജനുവരിയിൽ മാറാട് ഉണ്ടായ വർഗീയകലാപത്തിന്റെ തുടർച്ചയായിട്ടാണ് ഈ സംഭവം ഉണ്ടായത്.
2002-ല്‍ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം 3 ഹിന്ദുക്കളുടെയും 2 മുസ്ലീമുകളുടെയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. 2003-ല്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരില്‍ 8 പേര് ഹിന്ദുക്കളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളും ബോംബുകളും മറ്റും കണ്ടെടുത്തു.
കേസില്‍ ആകെ 148 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 62 പേരെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. വെറുതെ വിട്ട 86 പേരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 22 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും 62 പേരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.