അവസരങ്ങൾ അനുകൂലമാക്കി മാറ്റണം. അതു ശരാശരി വ്യക്തിക്കും ഭരണാധികാരിക്കും ബാധകം. ഇവിടെയാണ് തീരുമാനത്തിന്റെ പ്രസക്തി വരുന്നത്. കാരണം, തീരുമാനമാണ് അവിടെ കാര്യങ്ങളുടെ ഗതി നിയന്ത്രിക്കുന്നത്. നിലവാരമില്ലാത്ത 418 ബാറുകൾക്കുള്ള അനുമതി പുതുക്കുന്നതു സംബന്ധിച്ച തീരുമാനത്തിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാരും സർക്കാരും കോൺഗ്രസ്സ് നേതൃത്വവും ഭരണമുന്നണിയും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സുധീരന്റെ ആദർശവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണത്തിലെ പ്രായോഗികതയുമായി ഇതിനകം ഈ വിഷയം മാറിക്കഴിഞ്ഞു. അഥവാ മാറ്റപ്പെട്ടു. ഏഴായിരത്തി ആഞ്ഞൂറ് കോടി രൂപയാണ് ഖജനാവിലേക്ക് തങ്ങൾ നൽകുന്നതെന്ന അവകാശവാദമാണ് ധാർഷ്ട്യത്തിലും അധികാരത്തിലും മദ്യക്കച്ചവടക്കാരായ ബാറുടമകൾ എപ്പോഴും ഓർമ്മിപ്പിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനം വേണമെങ്കിൽ വേണ്ടെന്നുവയ്ക്കാൻ സർക്കാർ ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഇതിനിടെ ശക്തമായിട്ടല്ലെങ്കിലും ഒഴുക്കൻ മട്ടിൽ പറയുകയുണ്ടായി. ഈ വിഷയത്തിൽ സുധീരനും താനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സുധീരനെ വെല്ലാനുള്ള നിലപാടായാണോ അതോ ആത്മാർഥതയോടെയാണോ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമല്ല. അതാകാനിടയില്ല എന്നുള്ളതാണ് സുധീരൻ ആ പ്രസ്താവനയെ പ്രത്യേകം സ്വാഗതം ചെയ്തതിൽ നിന്ന് മനസ്സിലാകുന്നത്.
മദ്യവിൽപ്പന സംബന്ധിച്ച് കേരളത്തിന്റെ മുന്നിലുള്ള ചോദ്യം ഒന്നേ ഉള്ളു. അതിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ് ആവശ്യം. മദ്യവിൽപ്പനക്കാരേയും മദ്യപാനാസക്തിയിൽ മുങ്ങിയവരേയും പരിഗണിച്ച് അവരുടെ താൽപ്പര്യത്തെ മുൻനിർത്തിയുള്ള തീരുമാനം വേണോ അതോ സംസ്ഥാനത്തിന്റെ പൊതു താൽപ്പര്യം കണക്കിലെടുത്ത് സാംസ്കാരികമായി മുന്നേറാൻ കഴിയുന്ന, ആരോഗ്യമുള്ള സമൂഹസൃഷ്ടിയ്ക്കുതകുന്ന തീരുമാനമാണോ വേണ്ടതെന്നതാണ് ആ ചോദ്യം. ഇപ്പോൾ ഈ വിഷയത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധി ആദ്യം പറഞ്ഞ വിഭാഗക്കാരുടെ താൽപ്പര്യത്തെ മുൻനിർത്തിയുള്ളതാണ്. നിലവിലുള്ള മദ്യനയവും അതു തന്നെ.
ഏഴായിരത്തി അഞ്ഞൂറു കോടി രൂപ ഖജനാവിലേക്ക് മദ്യവിൽപ്പനയിലൂടെ ഒഴുകി വരുന്നുവെന്ന് പറയുമ്പോൾ വിസ്മരിക്കുന്ന കാര്യങ്ങൾ അനേകമാണ്. സമൂഹം എന്നത് കുടുംബങ്ങളിലൂടെ രൂപപ്പെട്ടു വരുന്നതാണ്. ആ കുടുംബവ്യവസ്ഥയെ മദ്യം ഏതാണ്ട് തകർച്ചയിലേക്ക് തള്ളിവിട്ടു കഴിഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകളില്‍ 80 ശതമാനത്തിലും മദ്യത്തിന്റെ പങ്ക് കാണാമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ പരമോന്നത കോടതിയും ഈ യാഥാർഥ്യത്തിലേക്കാണ് പലകുറി ശ്രദ്ധ ക്ഷണിച്ചത്. എന്നാൽ അക്കാര്യം മാത്രം ഇതുവരെ സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ മറ്റ് ബന്ധപ്പെട്ടവരുടേയോ പരിഗണനയിലെത്തിയിട്ടില്ല. മദ്യം വരുത്തി വയ്ക്കുന്ന രോഗചികിത്സയ്ക്കായി സർക്കാർ എത്ര രൂപ ഖജനാവിൽ നിന്നു ചെലവഴിക്കുന്നു എന്നതും കാണേണ്ടതാണ്. ജീവിതശൈലീ രോഗത്തിന്റെ പേരിൽ ഇപ്പോൾ സർക്കാർ ചെലവഴിക്കുന്നത് കോടികളാണ്. ഇത്തരം രോഗങ്ങളിലും വാഹന അപകടങ്ങളിലും നല്ലൊരു പങ്കിന്റെ കാരണമായും മദ്യം ഉണ്ട്. ആ രീതിയിൽ നോക്കുമ്പോൾ മദ്യത്തിൽ നിന്നുള്ള വരുമാനത്തേക്കാൾ വില കൊടുക്കേണ്ടി വരുന്നു മദ്യം വരുത്തി വയ്ക്കുന്ന രോഗങ്ങളേയും വിപത്തുകളേയും നേരിടാൻ. കുറ്റകൃത്യങ്ങളുടെ കാര്യം മറ്റൊരു വശം.
ബെവറിജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പന കുറയുന്നതിന്റെ അടിസ്ഥാനത്തിൽ മദ്യ ഉപയോഗം കേരളത്തിൽ കുറഞ്ഞുവരുന്നുവെന്ന് എക്സൈസ് വകുപ്പും മന്ത്രിയുമൊക്കെ അവകാശപ്പെടുന്നുണ്ട്. അത് കേരളത്തിലേക്ക് കഴിഞ്ഞ ഒന്നര വർഷമായി ഒഴുകിയെത്തിയ വ്യാജമദ്യത്തിന്റെ അനുസ്യൂതമായ ഒഴുക്കിന്റെ പ്രതിഫലനമാണ്. വ്യാജമദ്യ വിൽപ്പന കൂടും, മദ്യ ദുരന്തങ്ങളുണ്ടാകും എന്നൊക്കെയാണ് മദ്യം സംബന്ധിച്ചുള്ള ചർച്ചകൾ വരുമ്പോൾ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പറയുന്നത്. മദ്യലോബിയും രാഷ്ട്രീയനേതാക്കളും തമ്മിലുള്ള ബന്ധം ആരോഗ്യവും പോഷകസാന്നിദ്ധ്യവും പോലെയാണെന്നുള്ളത് ഏവർക്കുമറിയാവുന്ന, എന്നാൽ പരസ്യമായി സമ്മതിക്കാത്ത സത്യമാണ്. ഒറ്റയ്ക്കും തെറ്റയ്ക്കുമുണ്ടാകുന്ന മദ്യദുരന്തങ്ങളേക്കാൾ വലുതാണ് കേരളത്തിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മദ്യം ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ചെറിയ രീതിയിൽ ചില ട്രാഫിക് നിയന്ത്രണങ്ങൾ നടത്തപ്പെട്ടപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മരണ നിരക്ക് കുറഞ്ഞു. കുറഞ്ഞത് ഇരുനൂറിൽ താഴെയാണെങ്കിലും അതൊരു വലിയ നേട്ടമാണ്. എല്ലാ മരണവും ഉറ്റബന്ധുക്കളെ സംബന്ധിച്ചിടത്തോളം എങ്ങനെ സംഭവിച്ചാലും ഒന്നു തന്നെ. സമൂഹത്തില്‍ ഇരുത്തിനാലു മണിക്കൂറിൽ താഴെ മാത്രം നിലനിൽക്കുന്ന ഒരു ഞെട്ടലാണ് കൂട്ടമരണങ്ങൾ ഉണ്ടാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മദ്യം വരുത്തിവയ്ക്കുന്ന മരണങ്ങളും വിപത്തുക്കളുമാണ് മദ്യം നിരോധിക്കുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ വലിയ ദുരന്തം.(alcaholic)
കേരളത്തിൽ മദ്യക്കച്ചവടം നടത്തുന്നവരുടെ താൽപ്പര്യവും സമൂഹത്തിനോടുള്ള അവരുടെ പ്രതിബദ്ധതയും ഏവർക്കുമറിയാവുന്നതാണ്. അക്കാര്യത്തിൽ നാടൻ മദ്യക്കച്ചവടക്കാരനും ബാറുടമയും തമ്മിൽ സാംസ്കാരികവും സാമൂഹികവുമായി ഒരു വ്യത്യാസവുമില്ല. അത്തരം വ്യക്തികളുടെ അഭിപ്രായങ്ങൾ ജനായത്തത്തിന്റെ പേരിൽ ആരായേണ്ടതില്ല. സുചിന്തിതമായ തീരുമാനമാണ് സമൂഹത്തേയും സംസ്ഥാനത്തേയും ബാധിക്കുന്ന കാര്യങ്ങളിൽ വേണ്ടത്. അതിനാൽ ടെലിവിഷന്‍ ചാനലുകള്‍ ചർച്ചയിൽ മദ്യക്കച്ചവടക്കാരെയും അവരുടെ പ്രതിനിധികളേയും ചർച്ചയ്ക്ക് ഉൾപ്പെടുത്തുന്നത് സമൂഹത്തിൽ മദ്യക്കച്ചവടക്കാർക്ക് അന്തസ്സ് പകർന്നു നൽകുന്നതിനു മാത്രമേ സഹായിക്കുകയുള്ളു. ഇത്തരത്തില്‍ പകർന്നു കിട്ടിയ അന്തസ്സിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കച്ചവടക്കാർക്ക് എന്തിന്റേയും ഏതിന്റേയും തലപ്പത്ത് കയറിയിരിക്കാനുള്ള സാമൂഹികാന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. മദ്യപാനത്തിനോടുള്ള സാമൂഹിക സമീപനം മാറുന്നതിനും ഈ അന്തസ്സ് കൽപ്പിക്കൽ നടപടികൾ കാരണമായിട്ടുണ്ട്. സമൂഹത്തിനെ സൂക്ഷ്മമായി ബാധിക്കുന്ന കാര്യങ്ങളെ അതിസൂക്ഷ്മതയോട് കണ്ട് തീരുമാനങ്ങളെടുത്ത് അതിന്റെ പശ്ചാത്തലത്തിൽ വാർത്തയെ നിശ്ചയിക്കുന്നതിനാണ് പത്രാധിപ നേതൃത്വവും പത്രധർമ്മ പാലനവുമൊക്കെ മാധ്യമപ്രവർത്തനത്തിൽ ആവശ്യമായി വരുന്നത്. അതിന്റെ പ്രകടമായ അഭാവത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മദ്യക്കച്ചവടക്കാരെ വിളിച്ചിരുത്തി മറ്റുള്ളവർക്കൊപ്പം ചർച്ച നടത്തുന്നത്. മനുഷ്യനെ നശിപ്പിച്ച് മൃഗത്തേക്കാൾ കഷ്ടമാക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുന്ന വസ്തു വിൽക്കുന്നവർ സമൂഹത്തിലെ അധമരാണെന്നു കാണാനുള്ള കണ്ണ് തുടക്കക്കാരായ മാധ്യമപ്രവർത്തകർക്കു പോലും വേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യം വീണുകിട്ടിയിരിക്കുന്ന അവസരമാണ്. അതിനെ കേരളത്തെ മുന്നിൽ കണ്ടുകൊണ്ട് തീരുമാനമെടുക്കാൻ രാഷ്ട്രീയനേതൃത്വവും ഭരണനേതൃത്വവും തയ്യാറാവേണ്ടതാണ്. അതിന് അനുസൃതമായ പൊതുജന അഭിപ്രായം രൂപവത്ക്കരിക്കേണ്ടതിൽ ഓരോ വ്യക്തിയും പങ്കാളിയാകേണ്ടത് അങ്ങേയറ്റം അനിവാര്യവും.