സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ ഗ്രീസില്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നടപടികള്‍ 500-ല്‍ അധികം പുരുഷന്മാരുടെ ആത്മഹത്യയിലേക്ക് വഴി തെളിച്ചതായി ഗവേഷണ പഠനം. വര്‍ധിച്ചു വരുന്ന ആത്മഹത്യാ നിരക്കും സാമ്പത്തിക അച്ചടക്ക നടപടികളും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി പോര്‍ട്സ്മൌത്ത് സര്‍വകലാശാലയിലെ രണ്ട് ഗവേഷകരാണ് വെളിപ്പെടുത്തുന്നത്.
സര്‍ക്കാര്‍ ചെലവിലെ ഒരു ശതമാനം കുറവിന് ആനുപാതികമായി പുരുഷന്മാരുടെ ഇടയിലെ ആത്മഹത്യാ നിരക്കില്‍ 0.43 ശതമാനം വര്‍ധന ഉണ്ടാകുന്നുവെന്നാണ് നിക്കോളാസ് അന്റോണാകാകിസ്, അലന്‍ കോളിന്‍സ് എന്നിവരുടെ പഠനത്തില്‍ കാണുന്നത്. 2009-നും 2010-നും ഇടയില്‍ 551 പുരുഷന്മാര്‍ സാമ്പത്തിക അച്ചടക്ക നടപടികളില്‍ നിന്ന്‍ ഉളവായ കാരണം കൊണ്ടുമാത്രം ആത്മഹത്യ ചെയ്തതായി ഇവര്‍ കണക്കാക്കുന്നു.
2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനും 2009-ല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിട്ട കട പ്രതിസന്ധിയ്ക്കും ശേഷം ഗ്രീസിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആത്മഹത്യാ നിരക്കുകളില്‍ ശ്രദ്ധേയമായ വര്‍ധന ഉണ്ടായതായി ഇരുവരും ആമുഖമായി ചൂണ്ടിക്കാട്ടുന്നു.
1.12 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് 2009-ലും 2010-ലും ദിവസേന ഒരാള്‍ വീതം സാമ്പത്തിക കാരണത്താല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് അന്റോണാകാകിസിന്റെയും കോളിന്‍സിന്റെയും പഠനം കാണിക്കുന്നത്. 2010-ല്‍ ഗ്രീസിലെ ആകെ ആത്മഹത്യാ നിരക്ക് ദിനം പ്രതി രണ്ട് പേര്‍ എന്ന കണക്കിലായിരുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ആത്മഹത്യ ചെയ്തവരില്‍ പകുതി പേര്‍ക്കും കാരണമായത് സാമ്പത്തിക അച്ചടക്ക നടപടികളാണ്.
സാമ്പത്തിക അച്ചടക്കം, ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക്, കുറയുന്ന സാമ്പത്തിക വളര്‍ച്ച, പ്രജനന നിരക്കിലെ കുറവ് എന്നിവയാണ് ഗ്രീസിലെ ആകെ ആത്മഹത്യാ നിരക്കുകളില്‍ വര്‍ധന ഉണ്ടാക്കുന്ന ഘടകങ്ങള്‍ എന്ന് പഠനം കണ്ടെത്തുന്നു. അതേസമയം, മദ്യ ഉപഭോഗത്തിലും വിവാഹമോചനത്തിലും ഉണ്ടായ വര്‍ധന ആത്മഹത്യാ നിരക്കിനെ ബാധിക്കുന്നതായി കാണുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.
ശമ്പളം, പെന്‍ഷന്‍ എന്നിവ തടസ്സപെടുന്ന 45-നും 89-നും ഇടയിലുള്ള പുരുഷന്മാരിലാണ് ആത്മഹത്യാ പ്രവണത ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനം കണ്ടെത്തുന്നു. സ്ത്രീകളുടെ ആത്മഹത്യാ നിരക്കില്‍ പ്രത്യേകമായ വര്‍ധന ഉണ്ടായിട്ടില്ല.