വേദനയുടെ അനുഭവം അഥവാ അവസ്ഥയാണ് ദുഖം. ദു:ഖം ചിന്തയിലാണ്. ചിന്തയാണ് വേദനയെ ദു:ഖമാക്കി മാറ്റുന്നത്. ദു:ഖത്തിൽ നിന്ന് മുക്തി നേടുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം തന്നെ. അവിടെയാണ് മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. സ്വാതന്ത്ര്യമാണ് മോചനം. ഇതിന്റെ വഴിയെ നീങ്ങാൻ കഴിയാതെ വരുമ്പോഴാണ് വേദന പ്രതികാരമാകുന്നത്. മറ്റുള്ളവരെ വേദനിപ്പിച്ചും വേദനിപ്പിച്ചവരോട് പകതീർത്തും മനുഷ്യൻ സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്നതാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും രാഷ്ട്രങ്ങളുടേയും ഗതി സംഘർഷഭരിതവും യുദ്ധമയവുമാക്കുന്നത്. ഇന്ന് വ്യക്തിയും സമൂഹവും ഏതാണ്ട് ആ അവസ്ഥയിലാണ്. ഈ സന്ദർഭത്തിൽ വെറും ആചാരാനുഷ്ഠാനത്തേക്കാൾ അർഥപൂർണ്ണമായി യേശുദേവന്റെ പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പും പ്രസക്തമാകുന്നു. അവിടെയാണ് പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പും എന്തിന്റെ പ്രതീകമാണെന്ന് മനസ്സിലാക്കേണ്ടതിന്റേയും അതിന്റെ പ്രയോഗികതയുടേയും സാംഗത്യം ഓർക്കേണ്ടത്.
കുർബാനകളിൽ മുഴങ്ങിക്കേൽക്കുന്ന ഒന്നാണ് എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കണമെന്നത്. അതിനർഥം അതൃപ്തിയിൽ നിന്നുള്ള മോചനമാണ്. അതൃപ്തിയുണ്ടാവുന്നത് അജ്ഞതയിൽ നിന്നാണ്. അജ്ഞത എന്നാൽ പാപം. പാപമോചനമാണ് പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പും നമ്മെ ഓർമ്മിപ്പിക്കുന്നത്. അത് എവിടെ സംഭവിക്കുന്നുവോ അവിടെയെല്ലാം യേശുദേവന്റെ സാന്നിദ്ധ്യം അനുഭവിക്കാനും അറിയാനും കഴിയും. പെസഹാദിവസം ഇറാനിൽ നിന്നെത്തിയ വാർത്ത അതിനുള്ള ഉദാത്ത ഉദാഹരണം. അതൊരുയിർത്തെഴുന്നേൽപ്പിന്റേതാണ്. ഒരു അമ്മയുടെ ഉയിർത്തെഴുന്നേൽപ്പിന്റേത്. മുറിവേറ്റ സ്ത്രീയിൽ നിന്നും വിശ്വമാതാവിന്റെ തലത്തിലേക്കുയർന്ന സ്ത്രീയുടേത്.
കഴിഞ്ഞ ദിവസം ഒരു യുവാവിനെ തൂക്കിക്കൊല്ലാനായി പൊതുസ്ഥലത്ത് തൂക്കുകയറിനു കീഴിൽ നിര്‍ത്തി. മറ്റൊരു യുവാവിനെ കൊന്നുവെന്നുള്ളതായിരുന്നു അയാളുടെ മേൽ ചാർത്തപ്പെട്ട കുറ്റം. അയാൾക്ക് മാപ്പ് കൊടുക്കാൻ അവകാശമുള്ളത് കൊല്ലപ്പെട്ടവന്റെ അമ്മയ്ക്ക് മാത്രം. കഴുത്തിൽ തൂക്കുകയറുമായി നിന്ന ആ യുവാവിന്റെ നേർക്ക് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ നടന്നുചെന്ന് അവന്റെ മുഖത്ത് ഒരു അടി നൽകി അവന് മാപ്പ് കൊടുത്തു. ആ അടി നേർവഴിക്ക് നടക്കാനായി ഒരു മകന് അമ്മ തന്നെ നൽകുന്ന അടി. ആ മാപ്പ് നൽകലിലൂടെ മരണത്തിന്റെ പടിവാതിൽക്കൽ നിന്ന യുവാവ് ജീവിതത്തിലേക്ക് മടങ്ങി. അതിനേക്കാളുപരി മകന്‍ മരിച്ച വേദനയെ പ്രതികാരത്തിന്റെ വഴിയിലൂടെ ശമിപ്പിക്കുന്നതിൽ നിന്ന് കരകയറിയ ഒരമ്മയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അത്. കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും ഉറ്റവർ തമ്മിൽ പോലും പരസ്പരം വദനിപ്പിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിച്ച് ജീവിതം തകിടം മറിയുന്ന ഈ കാലഘട്ടത്തിൽ ഇറാനിൽ നിന്നുള്ള ഈ അമ്മയുടെ ഉയിർത്തെഴുന്നേൽപ്പ് വാർത്ത ജീവിതത്തെ നന്ദിയോടും ഭംഗിയോടും സ്വീകിരിക്കാൻ പര്യാപ്തമാക്കുന്നതാണ്.
ഒരു വ്യക്തിക്ക് ഏൽക്കപ്പെടാവുന്ന അങ്ങേയറ്റം കഠിനമായ പീഡാനുഭവമാണ് കുരിശിൽ തറയ്ക്കൽ. ആ സമയവും യേശുദേവൻ ഓർമ്മിപ്പിക്കുന്നത് അവർ ചെയ്യുന്നത് എന്താണെന്ന് അവരറിയുന്നില്ല എന്നതാണ്. അറിവില്ലായ്മയിൽ നിന്നാണ് മറ്റുള്ളവർ നമ്മെ വേദനിപ്പിക്കുന്നതെന്നുള്ള അറിവിലേക്കാണ് യേശുദേവൻ നമ്മെ ഉണർത്തുന്നത്. വർത്തമാന കാലത്തിൽ കേരളത്തിൽ വർധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളുടേയും വിവാഹമോചനത്തിന്റേയുമൊക്കെ കാരണം ഈ അറിവിന്റെ അഭാവം അഥവാ ഉറക്കമാണ്. സംഭവിച്ചത് എത്ര കഠിനമാണെങ്കിലും അതിനെ സ്വീകരിക്കുകയല്ലാതെ മാർഗ്ഗമില്ല. അതിനെ തിരസ്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലവും മരണവും ജീർണ്ണതയും ഉറപ്പാക്കുന്നതാണ്. കുരിശേറ്റപ്പെട്ട യേശുദേവന്റെ മുഖത്ത് കാണുന്ന ശാന്തതയും പിരിമുറുക്കമില്ലാത്ത, പിടയ്ക്കാത്ത കൈപ്പത്തികളും സംഭവിച്ചതിനെ സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ്. അതാണ് മറക്കലും പൊറുക്കലും. അപ്പോഴാണ് ഒരുവൻ മരണത്തേയും ജീർണ്ണതയേയും അതിജീവിക്കുക. അതാണ് ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശം. അതാണ് ജീവിതത്തിന്റെ സാധ്യതയും സൗന്ദര്യവും. ഇവ രണ്ടും ഇണങ്ങിയും വിളങ്ങിയും നിന്നാൽ ജീവിതം സൗരഭ്യമുള്ളതാകുന്നു. പീഡാനുഭവത്തിലൂടെയും ഉയിർത്തെഴുന്നേൽപ്പിലൂടെയും രണ്ട് വഴികളുമാണ് അവതരിപ്പിക്കപ്പെടുന്നത്. നാം ഏതു തിരഞ്ഞെടുക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു ജീവിതത്തിന്റെ ഗതി. ആചാരങ്ങളിൽ ഉപയോഗിക്കപ്പെടുന്നതെല്ലാം പ്രതീകങ്ങളാണ്. പ്രതീകങ്ങൾ അർഥങ്ങളിലേക്കുള്ള വഴിയും. അതറിയുകയും അതിന്റെയടിസ്ഥാനത്തിൽ അനുഭവ തലത്തിലേക്ക് ഉയരുകയും ചെയ്യുമ്പോഴാണ് ആചാരങ്ങൾ മനുഷ്യജീവിതത്തിൽ പ്രസക്തമാകുന്നത്. ഇറാനിൽ നിന്നുള്ള അമ്മയുടെ മാതൃസ്നേഹത്തിന്റെ സ്പർശാനുഭൂതിയോടെ ഈ അർഥതലത്തിലേക്ക് പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പും ഉയരട്ടെ.