Skip to main content

 

ഞാറ്റുവേല എന്ന് മലയാളികള്‍ ഒരുവിധം എല്ലാവരും കേട്ടിരിക്കും. പക്ഷെ എന്താണീ ഞാറ്റുവേല? എല്ലാവരുടെയും മനസ്സില്‍ തിരുവാതിര ഞാറ്റുവേല മാത്രമാണ് വരിക. കാരണം ആ സമയങ്ങളിലാണ് കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറ ഞാറ്റുവേലയെപ്പറ്റി കൂടുതലായി പറയുന്നത്.

 

സൂര്യന്റെ (ഞായര്‍) വേള (വേല)കളെ ആധാരമാക്കി കാലാവസ്ഥാ വ്യതിയാനത്തെ പ്രവചിക്കുന്നതിനായി നമ്മുടെ ജ്യോതിശാസ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ് ഞാറ്റുവേല. കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാരം ഇരുപത്തിയേഴ് നാളുകളാണല്ലോ. അതായത് ചന്ദ്രന് ഭൂമിയെ ചുറ്റുന്നതിനു വേണ്ടുന്ന ദിവസം. ചന്ദ്രന്‍ ഒരു ദിവസം കൊണ്ട് ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ് ഇന്ന് അശ്വതിനാളാണ്, ഭരണിയാണ് എന്നൊക്കെ പറയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതിന് 365 ദിവസം വേണമല്ലോ. ഈ ചലനത്തില്‍ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങള്‍ സൂര്യന് നേരെയും വരും. പക്ഷെ, സൂര്യന് ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന്‌ പോകുന്നതിന് ഏകദേശം 13-14  ദിവസം വേണ്ടിവരുന്നു. സൂര്യന്‍ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത്‌ ആ കാലയളവിനു പറയുന്ന പേരാണ്‌ ഞാറ്റുവേല.

  

സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മേടം ഒന്നാം തീയതിയോട് അടുപ്പിച്ച്‌ അശ്വതി ഞാറ്റുവേല തുടങ്ങുന്നു. പിന്നെ 13- 14 ദിവസം കഴിഞ്ഞാല്‍ ഭരണി ഞാറ്റുവേല തുടങ്ങുകയായി. മേടം പത്തിന് (പത്താമുദയം) തെങ്ങുംതൈയും വാഴക്കന്നും നട്ട് വെള്ളം കോരണം എന്ന് പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവയ്ക്ക് ഒന്നോരണ്ടോ നാമ്പ് വരുമ്പോഴേക്കും മഴ തുടങ്ങും. അങ്ങനെയെങ്കില്‍ അവയ്ക്ക് വേരുപിടിക്കുകയും കുഴിയില്‍ വെള്ളം കിടക്കുന്നതുകൊണ്ട് നല്ലതുപോലെ വളരുകയും ചെയ്യും. ഓരോ മാസത്തിലും ഈരണ്ടു ഞാറ്റുവേല വീതം ഉണ്ടാകും. നമ്മുടെ പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല ആറാമതായി വരുന്നു. ഞാറ്റുവേല കലണ്ടര്‍ നോക്കിയാല്‍ അത് കൃത്യമായി അറിയാം.

njattuvela

ഞാറ്റുവേലയെക്കുറിച്ചുള്ള ചില പഴമൊഴികള്‍ ശ്രദ്ധിച്ചാല്‍ കാലാവസ്ഥയെക്കുറിച്ച് അത്യാവശ്യം ധാരണ കിട്ടും. മാത്രവുമല്ല ചെറിയ കൃഷിയൊക്കെ ചെയ്യുന്ന നമ്മുടെ പുത്തന്‍ തലമുറക്ക് അതൊരറിവാകുകയും ചെയ്യും. മലയാളം കലണ്ടറുകളില്‍ ഓരോ ഞാറ്റുവേലയും എന്നാണ് തുടങ്ങുന്നതെന്ന് പറയുന്നുണ്ട്. അങ്ങിനെ നമുക്ക് നമ്മുടെ അടുക്കള തോട്ടത്തില്‍ എന്തൊക്കെ ഏതൊക്കെ സമയത്ത് നടണമെന്ന് മനസ്സിലാക്കാം.

 

 

ഞാറ്റുവേല

ഞാറ്റുവേല ആരംഭം (2014)

1

അശ്വതി

ഏപ്രില്‍ 14 പകല്‍ 

2

ഭരണി

ഏപ്രില്‍ 27 രാത്രി

3

കാര്‍ത്തിക

മെയ്‌ 11 വൈകീട്ട്

4

രോഹിണി

മെയ്‌ 25 ഉച്ചക്ക്

5

മകയിരം

ജൂണ്‍ 8 പകല്‍

6

തിരുവാതിര

ജൂണ്‍ 22 രാവിലെ

7

പുണര്‍തം

ജൂലൈ 6 –രാവിലെ

8

പൂയം

ജൂലൈ 20 രാവിലെ

9

ആയില്യം

ആഗസ്റ്റ്‌ 3 രാവിലെ

10

മകം

ആഗസ്റ്റ്‌ 16  രാത്രി

11

പൂരം

ആഗസ്റ്റ്‌ 30 രാത്രി

12

ഉത്രം

സെപ്റ്റംബര്‍ 13 രാത്രി

13

അത്തം

സെപ്റ്റംബര്‍ 27 പകല്‍

14

ചിത്തിര

ഒക്ടോബര്‍ 10 രാത്രി

15

ചോതി

ഒക്ടോബര്‍ 24 പകല്‍

16

വിശാഖം

നവംബര്‍ 6 രാത്രി

17

അനിഴം

നവംബര്‍ 19 രാത്രി

18

ത്രികേട്ട

ഡിസംബര്‍ 2 രാത്രി

19

മൂലം

ഡിസംബര്‍ 16 പകല്‍

20

പൂരാടം

ഡിസംബര്‍ 29പകല്‍

 

 

നമ്മുടെ പ്രധാന കൃഷിയായ നെല്ല്, അശ്വതി ഞാറ്റുവേല മുതല്‍ ചോതി ഞാറ്റുവേല വരെയുള്ള കാലഘട്ടത്തിലാണ് ചെയ്യുന്നത്. ‘അശ്വതിയിലിട്ട വിത്തും അച്ഛന്‍ വളര്‍ത്തിയ മകനും ഭരണിയിലിട്ട മാങ്ങയും പിഴക്കില്ല’, ‘അശ്വതി കള്ളനാണ്,ഭരണി വിതയ്ക്കാന്‍ കൊള്ളാം’, ‘ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം’.  എന്നുവെച്ചാല്‍ അശ്വതി ഞാറ്റുവേലയില്‍ വിത്തിട്ടാല്‍ മുളക്കാതിരുന്നാലും ഭരണിയിലിട്ട മാങ്ങ പോലെ കേടുവരാതെ ഇരിക്കും. ഭരണി ഞാറ്റുവേലക്ക് പെയ്യുന്ന മഴയില്‍ മുളച്ചുകൊള്ളും. അങ്ങിനെ ഏപ്രിലില്‍ മഴ പെയ്തില്ലെങ്കിലും ഭരണി ഞാറ്റുവേലയില്‍ അതായത് മെയ്‌ ആദ്യവാരത്തില്‍ ഒരു മഴ കിട്ടി, ആ മഴക്ക്‌ വിത്ത് മുളക്കുമെന്ന് സാരം. ‘വിതയ്ക്കാന്‍ ഭരണി, പാകാന്‍ മകീരം, പറിച്ചുനടാന്‍ തിരുവാതിര’ എന്ന ചൊല്ലില്‍ തന്നെയുണ്ട്‌ കൃഷിരീതി. ഭരണി ഞാറ്റുവേലയില്‍ പൊടി വിത്ത് വിതക്കുക, മകയിരം ഞാറ്റുവേലയില്‍ മുളപ്പിച്ച വിത്ത് പാകണം, തിരുവാതിര ഞാറ്റുവേലയില്‍ പറിച്ചു നടണം.  ഈ അറിവിലാണ്  നമ്മുടെ പൂര്‍വ്വികര്‍ കൃഷി ചെയ്തിരുന്നത്.

 

‘കാര്‍ത്തികയില്‍ കാശോളം വിത്ത്.’ ഇഞ്ചി കൃഷിക്ക് പറ്റിയ സമയം. കാശോളം വലിപ്പത്തിലുള്ള വിത്തിട്ടാലും മതി, ധാരാളം വിളവ്‌ കിട്ടും. രോഹിണി ഞാറ്റുവേലയില് പയറിട്ടാല്‍ അതായത് ആദ്യ മഴക്ക് ശേഷം വിത്തിട്ടാല്‍, ധാരാളം പയര്‍ പറിക്കാം. ‘മകയിരത്തിൽ മദിക്കും’ (ജൂണ്‍ ആദ്യവാരത്തിലാണ് മകയിരം ഞാറ്റുവേലയുടെ ആരംഭം) എന്നുപറഞ്ഞാല്‍ മകയിരത്തില്‍ വിത്തിട്ടാല്‍ ധാരാളം ഇലയും പടര്‍പ്പും ഉണ്ടാകുമെന്നല്ലാതെ കായ്‌ഫലം കുറവായിരിക്കും.

 

പിന്നെ വരുന്ന തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും പ്രധാനമായി കൃഷിക്കാര്‍ കരുതുന്നത്. ‘തിരുവാതിര തിരിമുറിയാതെ പെയ്യണം’ എന്നാണ് ചൊല്ല്. മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല, ഒന്നാംവിള നെല്ല് പറിച്ചുടാന്‍ അനുകൂല സമയമാണ്. നെല്‍ കൃഷിക്കു മാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയില്‍ മഴ കൂടിയേ തീരൂ. 101 മഴയും 101 വെയിലും ലഭിക്കുന്ന തിരുവാതിരയില്‍ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ് പഴമൊഴി. തിരുവാതിര ഞാറ്റുവേലയിലെ മഴവെള്ളം ‘ഗംഗാമ്പൂ’ എന്നാണ് അറിയപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ഈ കാലത്തെ വെള്ളം വളരെ പ്രാധാന്യമുള്ളതാണ്. പേരുകൊണ്ട് തന്നെ അപ്പോഴത്തെ മഴയുടെ പ്രാധാന്യം വ്യക്തമാണല്ലോ.

 

നമ്മുടെ നാട്ടിലെ ‘കറുത്ത പൊന്നിന്റെ’ സമൃദ്ധി കണ്ടിട്ട് പോര്‍ച്ചുഗീസുകാര്‍ കുരുമുളക് കൊടി (തൈ) അവരുടെ നാട്ടിലേക്ക് കൊണ്ട്പോകാനൊരുങ്ങി. അതുകണ്ട് നമ്മുടെ പ്രധാന വരുമാനമാര്‍ഗ്ഗം നിന്നുപോകുമോ എന്ന് ഭയന്ന മന്ത്രിയോട് ‘കുരുമുളക് കൊടിയല്ലേ അവര്‍ക്ക് കൊണ്ടുപോകാന്‍ പറ്റുകയുള്ളു, ഞാറ്റുവേല കൊണ്ട് പോകാന്‍ പറ്റില്ലല്ലോ’ എന്ന് പണ്ടു സാമൂതിരി രാജാവ് പറഞ്ഞതായ കഥ പ്രസിദ്ധമാണല്ലോ.

 

‘പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ’, ‘പുണർതത്തിൽ പുകഞ്ഞ മഴയാണ്’ ‘പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും’, ‘പൂയത്തിൽ പുല്ലും പൂവണിയും’ - ഒരേ ഞാറ്റുവേലയ്ക്ക് ഗുണവും ദോഷവും ഉണ്ടെന്ന പണ്ടുള്ളവരുടെ അറിവാണ് ഈ ചൊല്ലുകളിലൂടെ നമുക്ക് ലഭിക്കുന്നത്. പൂയത്തില്‍ മഴപെയ്താല്‍ ധാരാളം നെല്ല് ഉണ്ടാകുമെന്ന അനുഭവവും അതേസമയം പൂയത്തില്‍ ഞാറു നട്ടാല്‍ പുഴുക്കേട് അധികമാകുമെന്ന അനുഭവവും ഈ ചൊല്ലുകള്‍ക്ക് പുറകിലുണ്ട്. അതാണ്‌ ജൂലൈ അവസാന വാരങ്ങളില്‍ നടുന്നവയില്‍ തണ്ട്‌ തുരപ്പന്റെയും ഈച്ചയുടെയും മറ്റും ശല്യം കൂടുതലായി കാണുന്നത്.  പുണര്‍തം ഞാറ്റുവേലയില്‍ നല്ല മഴയായിരിക്കും. അപ്പോഴിടുന്ന വിത്ത് പൂയത്തിലെ മഴയും കൊണ്ടാല്‍ പുഴുക്കേട് കുറഞ്ഞിരിക്കുമത്രേ.

 

‘ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം.’ ആഗസ്റ്റ്‌ രണ്ടാം വാരം വരെയാണ് ആയില്യം ഞാറ്റുവേല. അപ്പോള്‍ രണ്ടാം വിള നെല്ല് പാകാം. വെള്ളരി, മത്തന്‍ എന്നിവ പാകാനും ഉത്തമമാണ്. ‘മകം മുഖത്തെള്ളെറിയണം’ എന്നാല്‍ കര്‍ക്കിടകകൊയ്ത്ത് കഴിഞ്ഞാല്‍ അവിടെ എള്ള് വിതക്കണം. ‘അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ’, ‘അത്തത്തിൽ അകലെ കൊണ്ടു വടിച്ചു നട്ടാൽ മതി’, ‘അത്തവർഷം അതിശക്തം’, ‘അത്തവെള്ളം പിത്തവെള്ളം’  തുടങ്ങി ഏറെയാണ് അത്തം ഞാറ്റുവേലയെക്കുറിച്ചുള്ള മൊഴികള്‍. ഇരുപ്പൂ നിലങ്ങളില്‍ അത്തം ഞാറ്റുവേലയിലെ കൊയ്ത്ത് കഴിഞ്ഞതിനുശേഷം അപ്പോള്‍ത്തന്നെ എള്ളിട്ടാല്‍ ഭരണി നിറയെ എണ്ണ കിട്ടുമത്രേ. അതായത് എള്ളിനു നല്ല വിളവ്‌ കിട്ടുമെന്ന് സാരം. ‘ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല’ - അതായത് നല്ല തുലാവര്‍ഷം കിട്ടിയാല്‍ നല്ല വിളവ്‌ കിട്ടും. ‘ചോതി കഴിഞ്ഞാൽ ചോദ്യമില്ല.’ മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം.

 

ഞാറ്റുവേലകളെക്കുറിച്ചുള്ള അറിവില്‍ നമുക്ക് ഓരോ കാലഘട്ടത്തിലും ഉള്ള മഴയുടെ ഏറ്റക്കുറവുകളെക്കുറിച്ച് ധാരണ ഉണ്ടാകും. അപ്പോള്‍ നമ്മള്‍ നമ്മുടെ അനുഗ്രഹമായ മഴയെ ‘നശിച്ച’ മഴ എന്ന് ശപിക്കാതിരിക്കും. പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച ഈ അറിവില്‍ വായനക്കാരായ നിങ്ങള്‍ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ സന്തോഷം. അത് കമന്റ്സില്‍ എഴുതുക.