Skip to main content

 

ബോബി ചെമ്മണ്ണൂർ. കുറച്ചു നാളായി കേരളത്തിന് സുപരിചിതമായ പേരും രൂപവും. ചെമ്മണ്ണൂർ ജൂവലേഴ്‌സ് സ്വർണ്ണക്കട എന്ന നിലയിൽ കേരളീയർക്ക് പരിചിതമായ പേരായിരുന്നു. ഒരു സുപ്രഭാതത്തിലാണ് ആ ഗ്രൂപ്പിന്റെ മുഖമായി ബോബി രംഗപ്രവേശം ചെയ്യുന്നത്. ചെറുപ്പക്കാരനായ ബോബിയുടെ വേഷം ആദ്യം ശ്രദ്ധ പിടിച്ചു പറ്റി. മുണ്ടും ചട്ടയോട് ചേർന്നു നിൽക്കുന്ന കുപ്പായവും. സ്റ്റൈൽ ചെയ്ത മുടി. കുട്ടികളുടെ നിഷ്കളങ്ക ഭാവം. തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കുന്നതിന്റേയും അവരെ കുളിപ്പിച്ച് വൃത്തിയാക്കി അന്നമൂട്ടുന്നതിന്റേയുമൊക്കെ ചിത്രങ്ങൾ വൻ പരസ്യമായി നൽകിക്കൊണ്ടാണ് ബോബി സ്വയം അവതരിപ്പിച്ചത്. പിന്നീട് പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിന്റേയും അതിലൊക്കെ മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങളുടെ പരസ്യങ്ങളായി. 

 

വി-ഗാർഡിന്റെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സാമൂഹികമായി  നടത്തിയ ഇടപെടലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു വന്ന സമയത്താണ് ബോബിയുടെ കടന്നുവരവ്.  കൊച്ചൗസേപ്പ് പലപ്പോഴും  ധനികനായ ആം ആദ്മിയെ പോലെ പ്രതികരിച്ചായിരുന്നു ഇടപെടലുകൾ നടത്തിയിരുന്നത്.  അത് കൈയ്യടിക്കൊപ്പം വിശേഷിച്ചും സി.പി.എമ്മിന്റെ കടുത്ത പ്രതിഷേധത്തിലും കൊണ്ടെത്തിച്ചു. അങ്ങനെ കൊച്ചൗസേപ്പ് ചിറ്റിലപ്പളളിയുടെ ഇടപെടലുകൾ വിവാദങ്ങളുടെ അകമ്പടിയോടെയായി. ഒപ്പം അദ്ദേഹം  സ്വന്തം വൃക്ക ദാനം ചെയ്തതിലൂടെ മറ്റൊരു നാഴികക്കല്ലും സൃഷ്ടിച്ചു. ഈ സമയത്തുള്ള ബോബിയുടെ രംഗപ്രവേശം മറ്റൊരു ദിശയിലായിരുന്നു. രണ്ടുപേരും വ്യവസായികളാണ്. സ്വഭാവികമായും അവരുടെ പ്രവർത്തനങ്ങൾ തങ്ങളുടെ കർമ്മമേഖലയെ കൂടുതൽ കരുത്തിലേക്ക് നയിക്കുന്നതായിരിക്കും. ഇത്തരം സാമൂഹിക ഇടപെടലുകളിലൂടെ ഇവരുടെ ബ്രാൻഡുകൾക്ക് ലഭിക്കുന്ന പ്രചാരവും സ്വീകാര്യതയും പരസ്യത്തിനു ചെലവഴിക്കുന്ന തുകയിലൂടെ കിട്ടുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണെന്നുള്ള വാദം ഒരു ഭാഗത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. അവസരങ്ങളെ നന്നായി വിനിയോഗിക്കുക വിജയത്തിന്റെ ഭാഗം തന്നെയാണ്. വ്യവസായികൾ അതുപയോഗിക്കുന്നു. വ്യവസായത്തിന്റെ വിജയവും അതു തന്നെ. ആവശ്യവും വിതരണവും അഥവാ ഡിമാൻഡ്  ആൻഡ് സപ്ലെയും അതുതന്നെ. തങ്ങളുടെ മേഖലാവ്യാപനത്തിന്റെ പേരിലാണെങ്കിലും ഇവർ സാമൂഹികമായ വിഷയങ്ങളെ കൂടി കാണുന്നു എന്നുള്ളതാണ് അവരെ വ്യത്യസ്തരാക്കുന്നത്.

 

ബോബിയുടെ സാന്നിദ്ധ്യം മലയാളിക്ക് ഒരനുഭവമാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ആ ചെറുപ്പക്കാരന്റെ വിജയം. അതിനുള്ളിലേക്ക് നോക്കിയാൽ ബോബി അറിയാതെയാണെങ്കിലും രാഷ്ട്രീയവും കാണാൻ കാണാൻ കഴിയുന്നു. കക്ഷി രാഷ്ട്രീയമല്ല, മറിച്ച് സമൂഹവുമായി ബന്ധപ്പെട്ട രാഷ്ട്രീയം. ബോബി മലയാളിയുടെ ചിന്തയെ ചുരുങ്ങിയ സമയം കൊണ്ട് സ്വാധീനിച്ചു എന്നതാണ് ശ്രദ്ധേയം. എല്ലാ വിഭവങ്ങളും സൗകര്യങ്ങളുമുണ്ടെങ്കിലും മലയാളിയുടെ ചിന്തയിൽ പൊതുവേ ചില ഒതുങ്ങിക്കൂടലുണ്ട്. ഒരുപക്ഷേ ഭൗതികമായ സുഖങ്ങളുടെ സ്വാധീനത്താൽ ഉണ്ടായതാവാം. ശാന്തതയും അലസതയും പരസ്പരം കലർന്നുണ്ടായ ഒരവസ്ഥ. അതു പലപ്പോഴും  വിപരീതാത്മകതയായി മലയാളിയിൽ പ്രകടമാകാറുണ്ട്. നിലവിലുള്ളതിൽ നിന്ന് അപ്പുറത്തേക്ക് ചിന്തിക്കുന്നതിൽ നിന്ന് അത് മലയാളിയെ പലപ്പോഴും പിന്തിരിപ്പിക്കാറുണ്ട്. എന്തിനേയും  തുടക്കത്തിൽ കണ്ണുമടച്ച് എതിർക്കുക തുടങ്ങിയുള്ള ആ സ്വഭാവം രാഷ്ട്രീയ നിലപാടായിപ്പോലും പലപ്പോഴും മാറിയിട്ടുണ്ട്. എന്തിനേയും ഏതിനേയും എതിർക്കുന്നതിനാൽ  തടയേണ്ടതിനെ പലപ്പോഴും ഫലപ്രദമായി തടയാൻ കഴിയാതെയും പോകുന്നു. ബോബി വേഷത്തിലൂടെ ആദ്യം തന്നെ ചില വ്യവസ്ഥാപിത ധാരണകൾ തകിടം മറിച്ചു. പതിവ് വിട്ട് പരിധിയില്ലാതെ ചിന്തിക്കാമെന്നും ആ ചിന്തകളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്നുള്ള ധാരണ സൃഷ്ടിക്കലായിരുന്നു ഫുട്ബാൾ ചക്രവർത്തി മാറഡോണയെ കേരളത്തിൽ കൊണ്ടുവന്ന് മുണ്ടും ചട്ടയുമണിയിച്ച് കേരളീയരെ പരിചയപ്പെടുത്തി അവരിലൊരാളെപ്പോലെ തോന്നിപ്പിച്ചത്. സാധാരണനിലയിൽ അസാധ്യചിന്തയെന്ന് തോന്നാവുന്ന ഒന്നായിരുന്നു ബോബി അതിലൂടെ നിർവഹിച്ചത്. തന്റെ ബ്രാൻഡിന് പ്രചാരം കിട്ടുന്നതോടൊപ്പം അത് സമൂഹത്തിൽ ചില ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചെയ്യാൻ കഴിയുമെന്ന് കോർപ്പറേറ്റ് ലോകത്തോടും ബോബി സംസാരിക്കുകയായിരുന്നു. മാറഡോണ കണ്ണൂരിലെത്തിയത് അങ്ങനെ ചരിത്രസംഭവുമായി.

 

ഇപ്പോൾ തെരഞ്ഞെടുപ്പുകാലം. തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കേണ്ട സമയമായെങ്കിലും കേരളത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ബോബി ചെമ്മണ്ണൂർ കാസർഗോഡു നിന്നാരംഭിച്ച ഓട്ടമാണ്. തിരുവനന്തപുരം വരെയുള്ള അറുനൂറ് കിലോമീറ്റർ ഓട്ടം. രക്തം നൽകൂ, ജീവൻ രക്ഷിക്കൂ എന്ന ആശയവുമായി. ഇരുമുന്നണികളും നിലപാടുകളിലൂടെ എങ്ങിനെ ജയിച്ചുകയറാമെന്ന ചിന്തയിൽ എല്ലാവിധ രാഷ്ട്രീയ മര്യദകളേയും സദാചാരങ്ങളേയും അവഗണിച്ചുകൊണ്ട് ജനങ്ങളുടെ വോട്ടിൽ മാത്രം കണ്ണും നട്ടു ആരോപണ-പ്രത്യാരോപണമെന്ന പ്രവർത്തനത്തില്‍ മാത്രം ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ ബോബി, രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്നുണർത്തിക്കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഓടുന്നു. ആത്യന്തികമായി രാഷ്ട്രീയപാർട്ടികൾ  തങ്ങളുടെ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി കാണേണ്ട ജനന്മയെ വിസ്മരിക്കുന്നതിലേക്ക് അവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതിന്റെ രാഷ്ട്രീയവശം ബോബിയുടെ ഓട്ടത്തിൽ കാണാൻ കഴിയുന്നുണ്ട്. ഒരു കോർപ്പറേറ്റ് തലവൻ തന്റെ ബ്രാൻഡ് കെട്ടിപ്പെടുക്കലിന്റെ ഭാഗമായിട്ട് ജനനന്മയെ മുന്നിൽ നിർത്തുന്നതിന്റെ അത്രപോലും രാഷ്ട്രീയ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും കാണാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ് ബോബിയുടെ ഈ ഓട്ടം മലയാളിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന രാഷ്ട്രീയം.

 

ബോബിയുടെ ഈ ഓട്ടത്തിൽ കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും ഓട്ടം കടന്നുപോകുന്ന ഓരോ കേന്ദ്രങ്ങളിലും കൂടെ ഓടിയും ആശംസകൾ നേർന്നും പങ്കെടുക്കുന്നു. അതു സൂചിപ്പിക്കുന്നത് ജനങ്ങളുടെ പൊതുവായ നന്മയ്ക്കുള്ള കാര്യങ്ങളിൽ രാഷ്ട്രീയപാർട്ടികൾ വ്യത്യാസം മറന്ന് ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ഒന്നിക്കാൻ കഴിയുമെന്നതിന്റെ സാധ്യതയുമാണ്. പരമ്പരാഗതമായി ഇത്തരം കുത്തകമുതലാളിമാർക്കെതിരെ പ്രസംഗിച്ചും പ്രവർത്തിച്ചും മാത്രം സാംസ്കാരിക ശീലമുള്ള നേതാക്കളെപ്പോലും കൂടെ ഓടിപ്പിക്കാൻ ബോബിക്കു കഴിഞ്ഞു. അവിടെയും ബോബി മറ്റൊരു സാധ്യതാ രാഷ്ട്രീയത്തിന്റെ മുഖം പ്രകടമാക്കുന്നു. ജനായത്ത സംവിധാനത്തിൽ അതല്ലേ പരമപ്രധാനമായ ഊന്നൽ വിഷയമാകേണ്ടതെന്ന രാഷ്ട്രീയ അജണ്ടയും ഈ മീനച്ചൂടിലെ ഓട്ടത്തിലൂടെ തീഷ്ണമാം വിധം ബോബിയുടെ ഓട്ടം ഈ പൊതുതെരഞ്ഞെടുപ്പ് വേളയിൽ ഉണർത്തുന്നു. അല്ലാത്ത പക്ഷം കോർപ്പറേറ്റുകളുടെ ലാഭേച്ഛയേക്കാൾ അപകടകരമല്ലേ സ്ഥാപിതമായ താൽപ്പര്യങ്ങളുടെ പേരിൽ ജനായത്ത സംവിധാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടെന്നുള്ളതും ബോബി ചെമ്മണ്ണൂരിന്റെ  ഓടി വിയർക്കുന്ന മുഖം ചോദിക്കുന്നു. പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ബഹളത്തിനിടയിൽ ബോബിയുടെ ഓട്ടവും കുട്ടികളെ അനുസ്മരിപ്പിക്കുന്ന മുഖവും ആശ്വാസം പകരുന്നു.

 

ചെമ്മണ്ണൂർ ജൂവലറി യഥേഷ്ടം പരസ്യം  നൽകുന്നതിനാൽ ചാനലുകളെല്ലാം തന്നെ വിശദമായി ബോബിയുടെ ഓട്ടത്തെ വാർത്തയായി അവതരിപ്പിക്കുന്നുമുണ്ട്. പരസ്യം കാര്യമായിട്ടുള്ളതിനാൽ തന്നെ ഒരു ചാനലും ബോബിയുടെ ഓട്ടത്തെ അവരുടെ ആക്ഷേപഹാസ്യപരിപാടിയിൽ ഉൾപ്പെടുത്തി തൊലിയുരിയാൻ ധൈര്യപ്പെട്ടിട്ടുമില്ല. എന്തായാലും ബോബിയുടെ ഓട്ടം കാഴ്ചസുഖം നൽകുന്നു. കൂട്ടത്തിൽ ഈ രക്തദാന ബോധബോധവൽക്കരണ പരിപാടിയുടെ പേരിൽ ഒരാളുടെയെങ്കിലും ജീവൻരക്ഷയ്ക്കുതകിയാൽ തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ രക്തം ചിന്തിക്കൊണ്ടിരിക്കുന്ന കേരളത്തിൽ മറ്റൊരു രാഷ്ട്രീയ ചിന്തയിലേക്കും അതു നയിക്കുന്നു.