കുഞ്ഞു പണിക്കൻ: നമസ്കാരം
കാറൽ മാര്‍ക്സ്: അഹം നമഃ തേ
കു.പ: അയ്യോ, അതൊക്കെ പഠിച്ചോ! അതിലൽപ്പം വൈരുദ്ധ്യാത്മകവുമുണ്ടല്ലോ.
കാ.മാ: ഹും. മുള്ളർജിയുമായുള്ള സഹവാസമൊക്കെയാവുമ്പോ അൽപ്പസ്വൽപ്പം സംസ്കൃതം അറിയാതെ വന്നുപോയി.
കു.പ: നമസ്തേ എന്നുവെച്ചാൽ അഹം നമഃ തേയാണെന്നുള്ള വിഗ്രഹം ഞാൻ മറന്നുകിടക്കുകയായിരുന്നു. മുള്ളർജിയെ ഈയുള്ളവന്റെ അന്വേഷണം അങ്ങറിയിക്കുക.
കാ.മാ: അതിരിക്കട്ടെ പണിക്കാ, എന്താണാവോ ഈ നേരംകെട്ട സമയത്തൊരു മുഖം കാണിക്കൽ.
കു.പ: അവ്യക്തകൾ വല്ലാതെ ശല്യം ചെയ്യുന്നു. ഉറക്കം കമ്മിയായിരിക്കുന്നു.
കാ.മാ: കേരളത്തിൽ പൊതുവേ ഇപ്പോ കുറച്ചാൾക്കാർക്കേ ഈയിടെയായി ഉറക്കമുളളുവെന്നു കേട്ടു. അതിലെങ്ങാനും പണിക്കൻസും പെട്ടോ.
കു.പ: ഭാഗ്യം. ഇതുവരെ ആ സരിതമ്മയെ ഞാൻ നേരിട്ടു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.
കാ.മാ: എന്തായാലും ഉറക്കഗുളികയുടെ ക്രമാതീതമായ ആവശ്യം കാരണം ഫാർമസ്യൂട്ടിക്കൽ കമ്പനിക്കാരുടെ കൊയ്ത്തുകാലം, അല്ലേ. മുതലും വികാരവും തമ്മിലുള്ള ബന്ധം ഇപ്പോ മനസ്സിലായില്ലേ. മുതലാളിത്തത്തെക്കുറിച്ചൊക്കെയുള്ള പഠനങ്ങൾ നടക്കുന്നുണ്ടല്ലോ.
കു.പ: പഠനം നടക്കുന്നുണ്ട്. അതനുസരിച്ച് മനസ്സിലാകായ്മ വർധിക്കുന്നു. മുതലാളിത്തവും സരിതയും തമ്മിലുള്ള ബന്ധവും അതിലെ വൈരുദ്ധ്യാത്മകയുമൊക്കെ ഒന്നു മനസ്സിലാക്കി വന്നപ്പോ ആകെ വൈരുദ്ധ്യങ്ങളാണ് ആചാര്യോ.
കാ.മാ: ബഹുമാനം ശ്ശി ഷ്ടായി. എന്നാലും ആചാര്യ എന്ന വിളി വേണ്ടാ പണിക്കാ. കാരണം എനിക്ക് ഞാൻ പറഞ്ഞതൊന്നും ആചരിക്കാൻ കഴിഞ്ഞില്ല. അതിനാൽ ആചാര്യ വിളി എനിക്ക് നാണമുണ്ടാക്കുന്നു.
അതിരിക്കട്ടെ , പുതിയ ഏത് വൈരുദ്ധ്യാത്മികതയാണ് മനസ്സിലാകാത്തത്.
കു.പ: നമ്മുടെ വി.എസ്സിന്റെ കീഴ്‌മേൽ മറിയം. അതങ്ങോട്ട് വ്യാഖ്യാനിച്ച് മനസ്സിലാക്കാൻ പറ്റുന്നില്ല ഗുരുസഖാവേ.
കാ.മാ: ഹഹഹ. ഷ്ടായി,ഷ്ടായി. ആ പ്രയോഗം ഗംഭീരം. ഗുരുസ്വാമി, ഗുരുസഖാവ്. കൊള്ളാം. ദേ, നിങ്ങടെ ഗുരുസഖാവ് വരുന്നുണ്ടല്ലോ. മൂപ്പരോട് ചോദിച്ചുകൊള്ളൂ. ഏത് വൈരുദ്ധ്യാത്മകസിദ്ധാന്തം വേണേലും മൂപ്പര് ഉശിരനായി വെളിവാക്കും. സംഗതി ഞാനാ എഴുതിപ്പിടിപ്പിച്ചതെങ്കിലും എനിക്കും അതങ്ങോട്ട് മനസ്സിലാകുന്നില്ല. ചിലപ്പോ എനിക്കും വല്ലാത്ത വിമ്മിഷ്ടം വരും. അതിനാൽ ഞാൻ ദേ വരുന്ന ഗുരുസഖാവിന്റെ സഹായം തേടാറുണ്ട്.
കു.പ: ശിവ. ശിവ. ഞാനെന്താണീ കേൾക്കുന്നത്. അങ്ങേയ്ക്കും വൈരുദ്ധ്യാത്മകം വ്യാഖാനിക്കാൻ പറ്റുന്നില്ലന്നോ. മുള്ളറ് അങ്ങയെ വഴിതെറ്റിച്ചുവെന്നാണ് തോന്നുന്നത്. ഇപ്പോ മനസ്സിലായി നമ്മുടെ ഗുരുസഖാക്കളൊക്കെ പണ്ട് സംസ്കൃതം പഠിക്കരുതെന്ന് ഞങ്ങളെയൊക്കെ ഉപദേശിച്ചത്. ഈ.എം ഗുരുസഖാവല്ലേ വരുന്നത്. നമസ്കാരം ഉണ്ടേ.
ഇ.എം.എസ്സ്- ലാൽസലാം പണിക്കാ. എന്താണ് സഖാവ് മാര്‍ക്സുമായി ഒരു സല്ലാപം.
കു.പ: ചില മനസ്സിലാകായ്കൾ. വൈരുദ്ധ്യാത്മികം തന്നെ വിഷയം.
ഇ.എം: പറഞ്ഞോളൂ, അറിയാമെങ്കിൽ പറഞ്ഞുതരാം.
കു.പ: അവിടുന്ന് എളിമ വിട്ടിട്ടില്ല. സന്തോഷം. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണല്ലോ. അതിന് തൊട്ടുമുൻപായി നമ്മുടെ വി.എസ് ഒരു കരണം മറിച്ചിൽ നടത്തിയിരിക്കുന്നു. അതിലെ വൈരുദ്ധ്യാത്മകത മനസ്സിലാകുന്നില്ല.
ഇ.എം: സിദ്ധാന്തപരിചയവും പഠനവും കുറയുന്നതിന്റെ എല്ലാ ലക്ഷണവും കാണുന്നുണ്ടല്ലോ. അച്യുതാനന്ദൻ മനസിലാകാത്ത ഒരു വൈരുദ്ധ്യാത്മക പ്രയോഗവും നടത്തിയിട്ടില്ല. ആം ആദ്മിക്കാർ വന്നു വിളിച്ചപ്പോൾ അവർ പേടിച്ചോടിയത് കണ്ടില്ലേ. അത് അച്യുതാനന്ദൻ വൈരുദ്ധ്യാത്മകം പ്രയോഗിച്ചതിന്റെ ഫലമാ. അത് അയാള് ടി.വി ഇന്റർവ്യുവിൽ പറഞ്ഞത് ഓർമ്മയില്ലേ. ഈ അടുത്തകാലത്തായി അയാള് അത് നന്നായി പ്രയോഗിക്കുന്നുണ്ട്. താമസിയാതെ നിങ്ങളുടെ നാട്ടിൽ വിപ്ലവം നടക്കാനുള്ള എല്ലാ സാഹചര്യങ്ങളും തെളിഞ്ഞുവരുന്നുണ്ട്. മാര്‍ക്സ് ആശാനു പോലും ഇക്കാര്യങ്ങളിൽ സംശയമുണ്ടാവുന്ന സ്ഥിതിക്ക് പണിക്കന്റെ മനസ്സിലാകായ്മ മനസ്സിലാക്കാവുന്നതേ ഉള്ളു.
കു.പ: ശാസ്ത്രചിന്ത കുറഞ്ഞു. ശരിതന്നെ. എന്നിരുന്നാലും കനിവുണ്ടായി വ്യാഖ്യാനിച്ചു തരണം. വി.എസ് ഇപ്പോൾ പാർട്ടിയുടെ മുന്നണിപ്പോരാളിയായി മുന്നിട്ടിറങ്ങിയിരിക്കുന്നു. ഔദ്യോഗിക അണികളെല്ലാം രഥവുമായി പിന്നിൽ നിൽക്കുന്ന കാഴ്ച എന്റെ കാഴ്ചയെ കെടുത്തുന്നു.
ഇ.എം: കൊള്ളാം. ഭാഷയിലെ വൈരുദ്ധ്യാത്മക പ്രയോഗം മറന്നിട്ടില്ല. സംഗതി എളുപ്പമായി. ഔദ്യോഗിക നേതൃത്വത്തെ കഴിഞ്ഞ പതിറ്റാണ്ടായി തറപറ്റിച്ചു കൊണ്ടിരിക്കുന്ന അച്യുതാന്ദൻ എങ്ങനെ ഇപ്പോൾ മുന്നണിപ്പോരാളിയായെന്നറിയണം. ഇത്രയല്ലേ ഉള്ളു. ലളിതം. എന്നും എക്കാലത്തും അച്യുതാനന്ദൻ വൈരുദ്ധ്യാത്മകത തന്നെയാണ് പ്രയോഗിച്ചുകൊണ്ടിരുന്നത്. ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് അങ്ങിനെയായിരിക്കും. പക്ഷേ യഥാർഥ കമ്മ്യൂണിസ്റ്റിനെ സാധാരണക്കാർക്ക് മനസ്സിലാവുകയില്ല. നിങ്ങൾക്ക് മൃഗചക്ഷുവിനോടാണ് താൽപ്പര്യം.
കു.പ: അങ്ങയുടെ ആ തമാശകളൊന്നും പോയിട്ടില്ല, അല്ലേ. മാൻമിഴികളോട് ഞങ്ങൾക്ക് ഇത്തിരി പ്രിയം കൂടുതലുണ്ട്. അതങ്ങേയ്ക്കും അറിയാവുന്നതല്ലേ.
ഇ.എം: കഷ്ടം. കഷ്ടം! എപ്പോഴും സ്ത്രീ സംബന്ധമായ ചിന്തയേ ഉള്ളു. ഞാൻ ഉദ്ദേശിച്ചത് വെറും മൃഗങ്ങൾ കാണുന്നതു പോലെ എല്ലാം നേരിട്ടുകാണുന്ന കാഴ്ചയേ നിങ്ങൾക്കുള്ളൂ എന്നാണ്. വൈരുദ്ധ്യാത്മകം മനസ്സിലാകമെങ്കിൽ അതുകൊണ്ട് സാധ്യമല്ല. കാരണം നേർക്കാഴ്ചയിൽ കാണുന്നതിന് വിപരീതമായിരിക്കും സംഭവിക്കുക എന്നതാണ് വൈരുദ്ധ്യാത്മകതയുടെ അടിസ്ഥാന സ്വഭാവം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത് അച്യുതാനന്ദൻ ഔദ്യോഗിക നേതൃത്വത്തെ തള്ളിപ്പറയുകയും എതിർക്കുകയും ചെയ്തു. ആ രണ്ടു തിരഞ്ഞെടുപ്പിൽ ഒന്നിൽ അച്യുതാനന്ദനും പാർട്ടിയും ജയിച്ചു. അച്യുതാനന്ദൻ മുഖ്യമന്ത്രിയുമായി. രണ്ടാമത്തേതിൽ കഷ്ടിച്ചു തോറ്റുവെന്നേ ഉള്ളു. നല്ല പ്രകടനം കാഴ്ചവെച്ചു.
കു.പ: ഈശ്വരാ, ഇക്കുറി അപ്പോ ഇടതുപക്ഷം തറപറ്റുമെന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്.
ഇ.എം: സംശയം വേണ്ടാ. വിഡ്ഢികൾ. അച്യുതാനന്ദൻ പാർട്ടിയെ വിപ്ലവത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പാർട്ടിക്ക് പറ്റിയിരിക്കുന്ന പ്രശ്നം പാർലമെന്ററി വ്യാമോഹം. ആ പ്രകാശിനെയും കൂട്ടരേയും പോലും പിടികൂടിയിരിക്കുന്നു. പ്രകാശിന് ദില്ലിയിൽ മാധ്യമങ്ങളുടെ മുന്നിൽ ആംഗലേയം സംസാരിക്കണമെങ്കിൽ പാർലമെന്റിൽ പാർട്ടി വേണം. അതാ അയാളുടെ വ്യാമോഹം. പാർലമെന്ററി വ്യാമോഹം ഒഴിവാക്കാതെ പാർട്ടിക്ക് വിപ്ലവം സാധ്യമല്ല. ബംഗാളിൽ നിന്ന് ആർക്കും ആ വ്യാമോഹം ഉണ്ടാവില്ല. പിന്നെ കേരളത്തിൽ നിന്നുള്ള കാര്യമാണ്. കേരളത്തിൽ നിന്നുള്ളതും ഇല്ലാതാക്കുകയാണെങ്കിൽ പാർലമെന്റിന്റെ സുഖലോലുപത പാർട്ടി അംഗങ്ങളെ നശിപ്പിക്കില്ല.
കു.പ: അതിപ്പോ വി.എസ്സ് പാർട്ടി നേതൃത്വത്തെ അനുകൂലിച്ചും ഉത്തേജിപ്പിച്ചുമൊക്കെയാണല്ലോ.
ഇ.എം: മണ്ടൻ പണിക്കാ. കഴിഞ്ഞതവണ നേതൃത്വത്തിനെതിരെ പോരാടി നിന്ന പ്രതിഛായ കൊണ്ടല്ലേ അച്യുതാനന്ദൻ പ്രചാരണത്തിനിറങ്ങിയപ്പോൾ എല്ലാവരും വോട്ട് ചെയ്തത്. ഇപ്പോ ആ നേതൃത്വത്തിന്റെ കൂടെ കൂടിയാൽ സ്ഥിതിയെന്തായി. അല്ലാത്തപ്പോൾ കിട്ടുന്ന വോട്ടുകൂടി സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും കിട്ടില്ല. ഇപ്പോ എല്ലാവരും ചർച്ച ചെയ്യുന്നത് എന്താ? അച്യുതാനന്ദൻ ചതിച്ചു, വിഴുങ്ങി, കൂടെനിന്നവരെ ഞെട്ടിച്ചു, വഴിയാധാരമാക്കി, ചന്ദ്രശേഖരന്റെ ദേഹത്തുള്ള അച്യുതാനന്ദന്റെ അമ്പത്തിരണ്ടാമത്തെ വെട്ടാണ് എന്നൊക്കെയല്ലേ. പഴയ അച്യുതാനന്ദനാണ് വോട്ടു പിടിക്കുക. ഇപ്പോൾ അനുകൂലിക്കുന്ന അച്യുതാനന്ദന് ജനം എതിരാകും. നേതൃത്വത്തിലുള്ളവർ പ്രത്യയശാസ്ത്ര പഠനത്തിൽ നിന്ന് അകന്നതിനാലാണ് അവർക്ക് വൈരുദ്ധ്യാത്മക സിദ്ധാന്തത്തിന്റെ പ്രയോഗം കാണുമ്പോൾ മനസ്സിലാകാത്തത്. എടോ പണിക്കാ ഗാന്ധിജി എന്തിന്റെ പേരിലാ അറിയപ്പെടുന്നത്.
കു.പ: സംശയമില്ല. അഹിംസയുടെ പേരിൽ.
ഇ.എം: എവിടുന്നാ ഗാന്ധിജി അഹിംസാ സിദ്ധാന്തം എടുത്തതെന്നറിയാമോ
കു.പ: മറന്നുപോയി.
ഇ.എം: അൾഷേമേഴ്‌സ് രോഗം വല്ലാതെ പെരുകുന്നത് ചുമ്മതല്ല. എടോ ഭഗവദ്ഗീതയിൽ നിന്നാണ്. എപ്പോഴും ഗാന്ധിജി കക്ഷത്തു കൊണ്ടുനടന്ന പുസ്തകവും അതായിരുന്നു. യുദ്ധം ചെയ്യാൻ മടിച്ചുനിൽക്കുന്ന അർജുനനോട് ഷണ്ഡത്തം ഒഴിവാക്കി എഴുന്നേറ്റ് നല്ല ആണുങ്ങളേപ്പോലെ യുദ്ധം ചെയ്യാൻ പറയുന്ന ഗ്രന്ഥമാ ഗീത. അറിയുമോ. അതും അഹിംസയും. ഇതാണ് വൈരുദ്ധ്യാത്മകത. അതുതന്നെയാണ് അച്യുതാനന്ദനും പ്രയോഗിക്കുന്നത്. ഇതൊന്നും അറിയാതെ എൽ.കെ.ജി കുട്ടികളേപ്പോലെ കുറേ ചാനൽകാര് ദിവസവും വൈകീട്ട് ചർച്ചയും. കഷ്ടം തന്നെ പണിക്കാ.
കു.പ: അയ്യോ, അതെന്തുപറ്റി. ഗുരുസഖാവ് മാര്‍ക്സ്, ദേ മറിഞ്ഞുവീഴുന്നു. ബോധക്കേട് പോലുണ്ട്.
ഇ.എം: ആ അതിപ്പോ ഇടയ്ക്കിടയ്ക്ക് ഉണ്ടാവാറുണ്ട്. കൂട്ടുകെട്ട് അത്ര നന്നല്ല. കുറച്ചുകഴിയുമ്പോൾ മാറിക്കൊളളും.