Skip to main content
ന്യൂഡല്‍ഹി

kg basinകൃഷ്ണ-ഗോദാവരി (കെ.ജി) തടത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ നടത്തുന്ന പ്രകൃതിവാതക ഉല്‍പ്പാദനം അന്താരാഷ്ട്ര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് (ഡി.ജി.എച്ച്). തങ്ങള്‍ക്ക് അനുവദിച്ച ബ്ലോക്കുകളില്‍ നിന്നാണ് റിലയന്‍സിന്റെ വാതക ഉല്‍പ്പാദനമെന്ന് സംശയം പ്രകടിപ്പിച്ച പൊതുമേഖലാ സ്ഥാപനമായ എണ്ണ പ്രകൃതിവാതക കോര്‍പ്പറേഷനും (ഒ.എന്‍.ജി.സി) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

 

കെ.ജി ഡി-6 ബ്ലോക്കിന്റെ കിഴക്കന്‍ തീരത്ത് റിലയന്‍സിന്റെ മൂന്ന്‍ എണ്ണക്കിണറുകള്‍ എങ്കിലും ഒ.എന്‍.ജി.സിയുടെ വാതകപ്പാടങ്ങളുടെ സമീപമാണ്. ഇതില്‍ രണ്ടെണ്ണമെങ്കിലും ഒ.എന്‍.ജി.സിയുടെ അതേ സംഭരണി പങ്ക് വെക്കുന്നതാണെന്നും തങ്ങള്‍ക്ക് അനുവദിച്ച ബ്ലോക്കില്‍ റിലയന്‍സ് ഇനിയും വാതക ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തങ്ങളുടെ പങ്ക് വാതകമാണ് ഇപ്പോള്‍ റിലയന്‍സിന്റെ എണ്ണക്കിണറുകള്‍ വഴി ലഭിക്കുന്നതെന്നും ഒ.എന്‍.ജി.സി ആരോപിക്കുന്നു.  

 

തങ്ങളുടെ വശത്തുള്ള വാതക സംഭരണിയുടേയും ഉല്‍പ്പാദനത്തിന്റേയും വിവരങ്ങള്‍ ഉടന്‍ ഒ.എന്‍.ജി.സിയുമായി പങ്ക് വെക്കാന്‍ റിലയന്‍സിനോട് ഡി.ജി.എച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ ആരോപണത്തിന് ആധാരമായ വിവരങ്ങള്‍ റിലയന്‍സുമായി പങ്ക് വെക്കാന്‍ ഒ.എന്‍.ജി.സിയ്ക്കും ഡി.ജി.എച്ച് നിര്‍ദ്ദേശം നല്‍കി.    

 

പെട്രോളിയം മന്ത്രാലയത്തിന് ഫെബ്രുവരി 11-ന് ഒ.എന്‍.ജി.സി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പെട്രോളിയം വിഭവങ്ങളുടെ സര്‍ക്കാര്‍ നിയന്ത്രണ സംവിധാനമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് വിഷയത്തില്‍ ഇടപെട്ടത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി പ്രശ്നപരിഹാരത്തിന് സഹകരിക്കുന്നില്ലെന്നും ഏഴു മാസം മുന്‍പ് തങ്ങള്‍ ഉന്നയിച്ച പരാതിയില്‍ നടപടി വൈകിപ്പിക്കുകയുമാണ്‌ എന്നായിരുന്നു ഒ.എന്‍.ജി.സിയുടെ പരാതി.

 

റിലയന്‍സും ഒ.എന്‍.ജി.സിയും സംയുക്തമായി ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ജി.എച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം കക്ഷിയെ കൊണ്ട് സ്വതന്ത്ര പഠനം നടത്തി പ്രശ്നം പരിഹരിക്കാമെന്നുള്ള ഒ.എന്‍.ജി.സിയുടെ നിര്‍ദ്ദേശം പരിഗണിക്കാനും ഡി.ജി.എച്ച് റിലയന്‍സിനോട് ആവശ്യപ്പെട്ടു.