എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട കേസുകളിലെ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്ന് സുപ്രീം കോടതി കീഴ്ക്കോടതികളോട് നിര്‍ദ്ദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ ദൈനംദിന അടിസ്ഥാനത്തില്‍ നടത്തണമെന്നും കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷക്കാലയളവില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിചാരണക്കോടതി ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കാരണം വിശദീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.
ജനപ്രാതിനിധ്യ നിയമത്തിലെ 8(1), 8(2), 8(3) വകുപ്പുകളില്‍ പറയുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസുകള്‍ക്കാണ് ഒരു വര്‍ഷമെന്ന വിചാരണക്കാലയളവ് സുപ്രീം കോടതി നിശ്ചയിച്ചത്. പരമാവധി രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന ഈ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടും.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനെതിരെ സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടിന്റെ തുടര്‍ച്ചയാണ് ഈ വിധി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ സമര്‍പ്പിച്ച് അയോഗ്യത ഒഴിവാക്കാന്‍ കഴിയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവടക്കമുള്ള ഏതാനും എം.പിമാരുടെ പാര്‍ലിമെന്റംഗത്വം ഈ വിധിയനുസരിച്ച് റദ്ദായിരുന്നു.