പാചകവാതക വില വര്‍ധനയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്കും എതിരെ നടപടി എടുക്കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു.
കിഴക്കന്‍ മേഖലയില്‍ എണ്ണ ഖനനത്തിന്റെ കുത്തക കൈവശപ്പെടുത്തിയ റിലയന്‍സ് ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍.ടി.പി.സി അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് പാചകവാതകം നല്‍കുന്നത്. 2.3 ഡോളറിന് 17 വര്‍ഷം വാതക വിതരണത്തിന് കരാറെടുത്ത റിലയന്‍സ് ഇപ്പോള്‍ ഏപ്രില്‍ മുതല്‍ എട്ടു ഡോളറാക്കി വില ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി അവര്‍ കൃത്രിമ ക്ഷാമം സൃഷിടിക്കുകയാണെന്നും കെജ്രിവാള് ആരോപിച്ചു.
കിഴക്കന്‍ തീരത്തെ ഡി-6 ബ്ലോക്കില്‍ നിന്നുള്ള വാതക ഉത്പാദനം 2010 മുതല്‍ കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് വിലവര്‍ധനവിന് അനുകൂല തീരുമാനം സമ്പാദിച്ചത്. 2014 ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ക്കറ്റ് വില അനുസരിച്ച് വാതക വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ റിയലന്‍സിന് അനുമതി നല്‍കുകയായിരുന്നു. ഇത് ഇത് റിയലന്‍സും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.
ഗ്യാസ് ലോബി കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും വിലക്കെടുത്തിരിക്കുകയാണെന്നും ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിച്ചാല്‍ റിയലന്‍സിന്റെ ലാഭം 44 കോടി ഡോളറായി ഉയരുമെന്നും റിലയന്‍സിന്റെ പക്കലുള്ള എണ്ണക്കിണറുകള്‍ സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.
എന്നാല്‍ കെജ്രിവാളിന്റെ ആരോപണം മന്ത്രി വീരപ്പ മൊയ്ലി തള്ളിക്കളഞ്ഞു. ആം ആദ്മിക്ക് സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് അറിയില്ലെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരമാണെന്നുമായിരുന്നു മൊയ്ലിയുടെ പ്രതികരണം.