ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുധനാഴ്ച രണ്ട് പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്റര്‍നെറ്റ് വീഡിയോ കോണ്‍ഫറന്‍സ് സൈറ്റായ സ്കൈപ്പിലൂടെയാണ് ടെക്നോപാര്‍ക്കിന്റേയും സ്റ്റാര്‍ട്ട് അപ് വില്ലേജിന്റേയും പരിപാടികള്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലിരുന്ന് ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരത്തെ ടെനോപാര്ക്കിലെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ടെക്നോപാര്‍ക്കിന്റെ തൊഴില്‍ സാധ്യതകള്‍ പുതുതലമുറയുടെ ജീവിതത്തിലുണ്ടാക്കിയ അടിസ്ഥാനപരമായ മാറ്റം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗംഗ, യമുന എന്നീ പേരുകളിലുള്ള രണ്ട് ടവറുകള്‍ കൂടെ പ്രവര്‍ത്തനക്ഷമ മാകുന്നതോടെ പ്രത്യക്ഷത്തില്‍ നാല്പതിനായിരം തൊഴിലവസരങ്ങളും പരോക്ഷമായി രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണവും ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. വ്യവസായ-ഐ.റ്റി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എറണാകുളത്ത് കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് നടത്തുന്ന ബൂട്ട് ക്യാംപാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച മറ്റൊരു പരിപാടി.
ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട ക്യാമ്പസില്‍ തന്നെയാണ് രണ്ട് ചടങ്ങുകളും നടന്നത്. സ്കൈപ് വഴി വലിയ സ്ക്രീനിലെത്തിയ മുഖ്യമന്ത്രിയെ നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.
എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥത്തില്‍ അവരുടെ അഭിരുചിയ്ക്ക് ഒത്ത പഠന മേഖല തെരഞ്ഞെടുക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യം മാറണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ യുവാക്കള്‍ തൊഴില്‍ തേടി ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്നതിനു പകരം ഇവിടെത്തന്നെ തൊഴില്‍ സംരംഭകര്‍ ആവുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകളില്‍ സ്റ്റാര്‍ട്ട് അപ് ക്യാമ്പുകള്‍ തുടങ്ങി ഓരോന്നായി നേരിട്ട് വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.