Skip to main content
കൊച്ചി

 

പൊതുവിഷയങ്ങളില്‍ വിമതസ്വരം ഉയര്‍ത്തി ശ്രദ്ധ നേടിയവരെ കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സജീവശ്രമം. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ ഒരേപോലെ എതിർക്കുന്നവരും വിമത സ്വരത്താൽ മാധ്യമ പ്രിയരുമായവരെ പാർട്ടിയുടെ കേരളഘടകത്തിന്റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമം. എഴുത്തുകാരിയും പരിസ്ഥിതി-സാംസ്‌കാരിക-സ്ത്രീവിമോചക പ്രവർത്തകയുമായ സാറാ ജോസഫ്, സ്വാധീനങ്ങൾക്ക് വഴങ്ങാതെ ശക്തമായ തീരുമാനങ്ങളെടുത്തതിന്റെ പേരിൽ സർവീസിൽ പലവിധം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന  ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി എന്നിവര്‍ ഈ പ്രമുഖരില്‍ ഉള്‍പ്പെടും. സാറാ ജോസഫ് ഇതിനകം പാര്‍ട്ടിയോടുള്ള അനുഭാവം വ്യക്തമാക്കിയിട്ടുണ്ട്.

 

വി.എസ് അച്യുതാനന്ദന് പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങൾക്ക് വിരുദ്ധമായി പല വിഷയങ്ങളിലും സ്വീകരിച്ച നിലപാടുകൾക്ക് മാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അത്തരം നിലപാടുകളെ അഴിമതിക്കെതിരായ നിലപാടായി ഉയർത്തിക്കാട്ടിയ വിമത സ്വരക്കാരാണ് അണിയറ പ്രവർത്തകർ. ദില്ലിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയ ദിവസം തിരുവനന്തപുരത്തെത്തുണ്ടായിരുന്ന ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷൺ പ്രതിപക്ഷ നേതാവിനെ  ഔദ്യോഗിക വസതിയിലെത്തി കണ്ട് ചർച്ച നടത്തിയിരുന്നു.

 

എന്നാല്‍, ആം ആദ്മി പാര്‍ട്ടി വി.എസ്സിന് സി.പി.ഐ.എമ്മിൽ പുതിയ വിലേപശലിന് അവസരമൊരുക്കുകയാണ് ചെയ്തത്. പാർട്ടിയിൽ നിന്ന് കൂടുതൽ അവഗണന നേരിടുകയാണെങ്കിൽ വി.എസ് ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്നു വരെ ചിലർ അഭ്യൂഹങ്ങൾ അഴിച്ചുവിട്ടു. സോളാർ സമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ഇക്കൂട്ടർ ഉയർത്തിക്കാട്ടുകയും ചെയ്യുകയുണ്ടായി. കേരളത്തിലും വേണ്ടിവന്നാൽ വീട്ടമ്മമാരെക്കൊണ്ട് കേജ്രിവാളിന്റെ പാർട്ടിയുടെ ചിഹ്നം ഉമ്മൻചാണ്ടി സർക്കാരിനെതിരെ എടുപ്പിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം.

അതേസമയം, പ്രശാന്ത് ഭൂഷൺ കേരളത്തിലെത്തി വി.എസ്സിനെ കണ്ടത് ഇവിടെ ആം ആദ്മി പാർട്ടിയുടെ പ്രതിനിധികളായി പ്രവർത്തിച്ചു വന്നവരിൽ  അസ്വസ്ഥത സൃഷ്ടിക്കുകയും അതവർ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ ഇതിലൊന്നും ഇതുവരെ പ്രതിപക്ഷനേതാവ് പ്രതികരിച്ചിട്ടില്ല. ആം ആദ്മി പാർട്ടി സാധ്യതയെ ഉയർത്തിക്കാട്ടി പാർട്ടിക്കുള്ളിൽ പുതിയ സമരമുഖം തുറക്കുകയാണ് വി.എസ് ചെയ്തത്.

 

പാർട്ടി നിലപാടിൽ നിന്നും വിരുദ്ധമായി ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചു കൊണ്ടുള്ള വി.എസ്സിന്റെ നിലപാടിലാണ് ഇപ്പോൾ പാർട്ടി ബുദ്ധിമുട്ടിലായിരിക്കുന്നത്. കാരണം കസ്തൂരിരംഗൻ റിപ്പോർട്ടും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും തള്ളണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മും ഇടതുപക്ഷവും സമരം നയിക്കുന്നതിനിടയിലാണ് വി.എസ്സിന്റെ ഈ നിലപാട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും ആം ആദ്മി പാർട്ടിയെ തങ്ങളുടെ രാഷ്ട്രീയ വേദിയാക്കി ഉപയോഗിച്ചുകൊണ്ട് രംഗപ്രവേശം നടത്താൻ ശ്രമിക്കുന്നുണ്ട്. കേരളത്തിൽ പരിസ്ഥിതി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഴിമതി വിരുദ്ധ പോരാട്ടമുഖം ആം ആദ്മിക്കു വേണ്ടി തുറക്കാൻ കഴിയുമെന്നുള്ളതാണ് ഇവർ കാണുന്ന സാധ്യത. ആറന്മുള വിമാനത്താവള നിർമ്മാണ വിഷയവും പശ്ചിമഘട്ട സംരക്ഷണവും ആം ആദ്മി പാർട്ടിയിലൂടെ രാഷ്ട്രീയമായി നേരിടാമെന്ന സാധ്യതയും പരിസ്ഥിതി പ്രവർത്തകർ കാണുന്നുണ്ട്.

 

ഗാഡ്ഗിൽ റിപ്പോർട്ടിനും കസ്തൂരി രംഗൻ റിപ്പോർട്ടിനും എതിരെ സമരരംഗത്തുള്ളവരുടെ നിലപാട് കേരളത്തിലെ ക്വാറി മാഫിയയേയും കൊള്ളക്കാരേയും സഹായിക്കുന്നതാണെന്ന് ഇതിനകം ജനമധ്യത്തിൽ ധാരണയുണ്ടാക്കാൻ പരിസ്ഥിതി പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുമുന്നണികളും ഈ സമരത്തെ അനുകൂലിക്കുന്നതിനാൽ പശ്ചിമഘട്ട - ആറന്മുള സംരക്ഷണത്തെ മുൻനിർത്തിക്കൊണ്ട് ആം ആദ്മി പാർട്ടിയിലൂടെ പരിസ്ഥിതിപ്രവർത്തകർക്ക് തങ്ങളുടെ ലക്ഷ്യം നിറവേറ്റുകയും രണ്ടു മുന്നണികളും അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്ന വയാണെന്ന് വരുത്തിത്തീർക്കാനും കഴിയും.

 

വിമതസ്വരത്താൽ മാധ്യമഇട ലഭ്യതയുള്ളവരാണെന്നൊഴിച്ചാൽ ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ കേരളഘടക രൂപീകരണവുമായി പറഞ്ഞുകേൾക്കുന്ന പലർക്കും കാര്യമായ ജനപിന്തുണ ഉള്ളവരല്ല. ജനങ്ങളെ ആകർഷിച്ച് ജനസമ്മതിയെ സമാഹരിക്കാൻ പ്രാപ്തിയുള്ള ഒരു നേതാവിനെ ഇതുവരെ കേരളഘടകത്തിന് ലഭ്യമായിട്ടില്ല.