Skip to main content

രുചി. അതാര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാരണം അതനുഭാവിക്കാനെ പറ്റുകയുള്ളു. അതങ്ങനെ വേണ്ടതുമാണ്. ക്രിസ്തുമസ് ആഘോഷ ചടങ്ങുകളില്‍ സാന്താക്ലോസ് ഉണ്ടാകും. കേക്കും വൈനും ഉണ്ടാകും. സാന്താക്ലോസ് മിഠായി കൊടുക്കും. മിഠായിക്കു മധുരം. ആ മിഠായിയുടെ രുചി. ആ കേക്കിനും വീഞ്ഞിനും അതിനേക്കാള്‍ രുചി. പാട്ടും മേളവും, എല്ലാം കൂടിയാകുമ്പോള്‍ ആസ്വാദ്യം. അത് ആഘോഷത്തിന്റെ രുചി. ക്രിസ്തുമസിന്റെ സന്ദേശവും അതുതന്നെ. രുചി. രുചിയെ ഉണര്‍ത്തുക. നോമ്പുകൂടി കഴിഞ്ഞിട്ടാകുമ്പോള്‍ രുചി കൂടുതല്‍ രുചിക്കും. അതോരോര്‍മ്മിപ്പിക്കലാണ്. ജീവിതം രുചിക്കുക. അത് രുചിക്കനുള്ളതാണ്. പക്ഷെ പലപ്പോഴും നാം രുചി അറിയുന്നില്ല. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോള്‍ പലരും മൊബൈല്‍ ഫോണ്‍സ്വൈര്യമായി സംസാരിക്കാനുള്ള അവസരമായി കാണുന്നു. അപ്പോള്‍ നാം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവയുടെ രുചി അറിയുന്നില്ല. കേക്കും വീഞ്ഞും രുചിക്കുന്നത് പ്രതീകാത്മകമായി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനുഭവിപ്പിക്കുന്നു. യേശു അനുഭവമായി മാറുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ യേശു രുചിയാകുന്നു. മധുരം മധുരമാകുന്നു. സ്നേഹമാകുന്നു. സ്നേഹം മധുരം. യേശുവിന്‍റെ അനുഭവം അകലുമ്പോള്‍ രുചിയകലുന്നു. സുഹൃത്തുക്കള്‍ സൌഹൃദം പങ്കുവക്കുമ്പോള്‍ അവിടെയും രുചി. അവിടെയും യേശുദേവന്‍ അനുഭവപെടും. പിണക്കമാകുമ്പോള്‍ യേശുദേവന്റെ അനുഭവത്തില്‍ നിന്നകലും. ഇന്ന് എവിടെയും രുചികേടുകളുടെ ഉദാഹരണമാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ രുചികേടുകള്‍. മക്കളും രക്ഷകര്‍താക്കളും തമ്മില്‍, സഹപ്രവര്‍ത്തകര്‍ തമ്മില്‍, രുചികേടുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. അവിടെയാണ് തിരുപ്പിറവിയുടെ രുചി. എവിടെയൊക്കെ രുചിക്കെടുകള്‍ അറിയുന്നു, അറിയുക, അവിടെയും യേശുവില്‍ നിന്നകലുന്നു. നോക്ക് എത്ര മനോഹരമായാണ് യേശു ജീവിതത്തെ രുചിക്കാന്‍ പഠിപ്പിച്ചത്. മധുരം മാത്രമല്ല കയ്പ്പും രുചിക്കാനുള്ളതാണ്. പരിഭവമില്ലാതെ ശാന്തഭാവത്തോടെ അതും രുചിച്ചു മാനവരാശിക്ക് കാട്ടി കൊടുത്തു. അങ്ങനെ കയ്പ്പും മധുരവും ഒരേ പോലെ രുചിക്കുമ്പോള്‍ അവിടെ ഉയിര്‍ത്തെഴുന്നേല്പുണ്ടാവുന്നു. അതറിവ്. അറിവ് രുചിയാകുന്നു. ആ രുചികരമായ അറിവില്‍, പ്രതിസന്ധികളെ തരണം ചെയ്തു ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ യേശുദേവന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 
 

രുചിയോര്‍ക്കുമ്പോള്‍ അത് ആഗ്രഹം.  പിന്നെ ആര്‍ത്തി. ആര്‍ത്തിയില്‍ രുചിനഷ്ടം. വാരിവലിച്ച് എത്ര അകത്താക്കിയാലും കാര്യമില്ല. ആ ആര്‍ത്തിയില്‍ ലാഭത്തിന്‍റെ രുചി ഓര്‍ത്ത് രുചി കൂട്ടാന്‍ ഭക്ഷണത്തില്‍ വിഷകരമായ മായം ചേര്‍ക്കുന്നു. സ്വന്തം ജീവിതരുചിക്കുവേണ്ടി മറ്റുള്ളവര്‍ക്ക് 'അരുചി'കരമായത് ചെയ്യുന്നു. സ്വയം രുചി അറിഞ്ഞാല്‍ മാത്രമേ തന്‍റെ അയല്‍ക്കാരനെയും ആ രുചി അറിയിക്കാന്‍ കഴിയുകയുള്ളൂ. അവിടെ യേശുവിനെ സ്വന്തം അനുഭവമാക്കി സ്വയം സ്നേഹിക്കുന്നു. അങ്ങനെ സ്നേഹിക്കുന്നവനു മാത്രമേ തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കുവാന്‍ കഴിയുകയുള്ളൂ. ആ അനുഭവത്തിന്‍റെ മനുഷ്യരൂപമാണ്‌ തിരുപ്പിറവി. ആ ഉണ്ണി ഏവരിലുമുണ്ട്. അതിനെ രുചിക്കലാവട്ടെ ഈ ക്രിസ്തുമസ്. അങ്ങിനെ രുചികേടുകള്‍ കുറയ്ക്കുന്ന പുതുവര്‍ഷത്തിലേക്ക് നമുക്ക് പ്രവേശിക്കുകയും ചെയ്യാം. കുറഞ്ഞപക്ഷം ഭക്ഷണം കഴിക്കുമ്പോള്‍ അതുമാത്രം ചെയ്യുകയെന്ന തീരുമാനമെങ്കിലും നമുക്കെടുക്കാം.