Skip to main content

ഒരു പ്രമുഖ ദേശസാൽകൃത ബാങ്കിന്റെ രണ്ട് വനിതാ പ്രതിനിധികൾ. ഈ യുവതികൾ ഒന്നിച്ചാണ് ആൾക്കാരെ കണ്ട് നിക്ഷേപം ചെയ്യിക്കുന്ന ജോലി നിർവഹിക്കുന്നത്. ഒരു കക്ഷിയെ ഇവർ വിളിക്കുന്നു. തങ്ങൾ ആരാണെന്നും എന്തിനാണ് വിളിച്ചതെന്നുമൊക്കെ പറയുന്നു. കക്ഷി ചോദിക്കുന്നു, എവിടെനിന്നാണ് തന്റെ നമ്പരും വിവരവുമൊക്കെ കിട്ടിയതെന്ന്. അവർ കക്ഷിക്കു സുഖിക്കുന്ന വിധം ഉത്തരം പറയുന്നു. കക്ഷി അതു തിരിച്ചറിഞ്ഞിട്ട് മറുചോദ്യം ചോദിക്കുന്നു. അപ്പോൾ അവർ വളരെ വിദഗ്ധമെന്നോണം വിഷയം മാറ്റുന്നു. കക്ഷിയെ കാണണമെന്ന് ആഗ്രഹമറിയിക്കുന്നു. കക്ഷി അപ്പോഴും ആവർത്തിക്കുന്നു, തനിക്ക് നിക്ഷേപം താൽപ്പര്യമില്ല. അതായിക്കോട്ടെ, കക്ഷിയെ കണ്ടേ പറ്റൂ എന്ന് യുവതികളിലൊരാൾ. സമയം നിശ്ചയിച്ചതനുസരിച്ച് അവർ കക്ഷിയെ അടുത്ത ദിവസം കാണാനെത്തുന്നു. അതിൽ എ യുവതിയാണ് മുഖ്യ സംഭാഷക. ബി യുവതി ഇടയ്ക്കിടയ്ക്ക് ചില പിന്താങ്ങലുകൾ നൽകും. എ യുവതി വന്നപാടെ ചിരകാല പരിചയക്കാരിയെപ്പോലെയാണ് കക്ഷിയോട് പെരുമാറുന്നത്. അതു കഴിഞ്ഞിട്ട് ചില വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നു. പറഞ്ഞുവന്നപ്പോൾ എ യുവതിയും കക്ഷിയും ഒരേ നാട്ടുകാർ. അവിടം കൊണ്ട് സംഭാഷണം അൽപ്പം നീട്ടാൻ അവർ ശ്രമിച്ചു. എവിടെയാണ് വീടെന്നു കണ്ടുപിടിച്ചേ അടങ്ങൂ എന്ന ശ്രമം പോലെ. അപ്പോൾ കക്ഷി പറഞ്ഞു ഏറെ നാളായി ജന്മനാട് വിട്ടിട്ട്.

 

ആദ്യത്തെ വ്യക്തിപരമായ ചോദ്യങ്ങളും സൗഹൃദ മര്യാദകളുമൊക്കെ കഴിഞ്ഞ് ശടപടേന്നെന്നോണം കാര്യത്തിലേക്കു കടന്നു. അപ്പോൾ കക്ഷി വളരെ വ്യക്തമായി വീണ്ടും ആവർത്തിച്ചു, തനിക്ക് ഇപ്പോൾ നിക്ഷേപം താൽപ്പര്യമില്ല. അതൊന്നും അവർക്ക് ബാധകമല്ല. എ യുവതി വാചാലയായി. 80 സി പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങൾ, അഞ്ചുവർഷം കഴിയുമ്പോൾ ഉണ്ടാവുന്ന വരുമാനം, വീണ്ടും തുടർന്നു കൊണ്ടുപോവുകയാണെങ്കിൽ ആ നിക്ഷേപത്തിൽ നിന്ന് തന്നെ വരുമാനമെടുത്ത് തവണയടച്ച് പദ്ധതി നീട്ടിക്കൊണ്ടുപോയി 99 വയസ്സു വരെ പെൻഷൻ ലഭിക്കാനുള്ള സാധ്യത, ഇതിനിടയ്ക്ക് പദ്ധതിയിൽ ചേർന്ന് ആദ്യ തവണയടച്ചു കഴിഞ്ഞ് മരിക്കുകയാണെങ്കിൽ ഉണ്ടാവുന്ന ബംബർ ആനുകൂല്യം തുടങ്ങി അങ്ങനെ. ഇതിനിടയ്ക്ക് ആ യുവതി വളരെ വിദഗ്ധമായി ചോദിക്കും, എത്ര തുകയുടെ പദ്ധതിയിലാണ് കക്ഷി ചേരുന്നത്. അപ്പോഴും കക്ഷി പറയുന്നു, തനിക്ക് താൽപ്പര്യമില്ലെന്ന്. അപ്പോൾ എ, ബി യുവതിമാർ സംയുക്തമായി കുടുംബാംഗങ്ങളുടെ കാര്യമൊക്കെ ഉണർത്തി അവരോടുള്ള സ്‌നേഹത്തിന്റെ പേരിൽ കുട്ടികളുടെ നന്മയ്ക്കായി പദ്ധതിയിൽ ചേരാൻ നിർബന്ധിക്കുന്നു. കക്ഷിയേക്കാൾ തന്റെ കുട്ടികളുടെ താൽപ്പര്യത്തിലും ഭാവിയിലും അവർ ശ്രദ്ധ കാട്ടിയതിൽ കക്ഷി അവരോട് നന്ദി പറഞ്ഞു. അപ്പോൾ മറുപടിയായി ചെറുപുഞ്ചിരി. ബി യുവതി എന്തായാലും ഒരെണ്ണം എടുക്കണമെന്ന് ലേശം ആർദ്രമായ ഭാഷണ ശൈലിയോടെ പറയും. ആദ്യഅഭിമുഖം ഏതാണ്ട് മുക്കാൽ മണിക്കൂർ. ഒടുവിൽ പദ്ധതികളെല്ലാം കേട്ടതിനു ശേഷം ഇവരോട് കക്ഷി പറഞ്ഞു, പദ്ധതികളൊക്കെ നോക്കിയിട്ട് പിന്നീട് മറുപടി പറയാം, അടുത്ത രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ എന്ന്. അവർക്കും മനസ്സിലായി കക്ഷി അവരെ ഒഴിവാക്കുകയാണെന്ന്. അപ്പോൾ അവർ കക്ഷിയുടെ വിലപ്പെട്ട സമയം കവർന്നെടുത്തതിൽ ക്ഷമയും പറഞ്ഞ് ചിരകാല സുഹൃത്തുക്കളെപ്പോലെ വിട പറഞ്ഞു. കക്ഷിയുടെ ഓഫീസ് മുറി വിട്ട് പുറത്തിറങ്ങുന്നതിനു മുൻപ് വാതിലിനടുത്തെത്തി എ യുവതി തിരിഞ്ഞുനിന്നുകൊണ്ടു ചോദിച്ചു, രണ്ടു ദിവസമെന്നാൽ എന്നാണ് വിളിക്കേണ്ടതെന്ന്. അപ്പോൾ കക്ഷി ദിവസം പറഞ്ഞു. അപ്പോൾ ബി യുവതി പറഞ്ഞു തങ്ങൾ വിളിക്കുന്നതിനു പകരം നേരിട്ടു വന്നുകൊള്ളാമെന്ന്. അതുവേണ്ട, വിളിച്ചാൽ മാത്രം മതിയെന്ന് കക്ഷി പറഞ്ഞു.

 

രണ്ടു ദിവസം കഴിഞ്ഞ് ബി യുവതിയുടെ സാന്നിദ്ധ്യം ഫോണിലൂടെ അറിയിച്ചുകൊണ്ട് എ യുവതി വിളിച്ചു. അപ്പോഴും കക്ഷി തന്റെ താൽപ്പര്യമില്ലായ്മ വളരെ വ്യക്തമായി പറഞ്ഞു. അതെന്താ സാറേ അങ്ങിനെ എന്ന് എന്തോ അവിശ്വാസത്തോടെ എ യുവതി ആരാഞ്ഞു. എന്നിട്ട് കക്ഷിക്കു ഗുണമുണ്ടാകുന്ന കാര്യങ്ങൾ അവർ നിരത്തി. കക്ഷി തന്റെ നിലപാടും ആവർത്തിച്ചു. എന്നിട്ടും യുവതി ചോദിച്ചു, പിന്നീടെപ്പോഴാണ് വിളിക്കേണ്ടതെന്ന്. അപ്പോൾ കക്ഷി പറഞ്ഞു നിക്ഷേപിക്കാൻ തോന്നുന്ന പക്ഷം തിരികെ വിളിക്കാമെന്നും അവരുടെ നമ്പർ സൂക്ഷിച്ചുകൊള്ളാമെന്നും. കക്ഷി അവരുടെ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്തു. വീണ്ടും വിളിക്കുകയാണെങ്കിൽ മനസ്സിലാക്കാനായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഇവരുടെ വിളി. വിളി തുടർന്നിട്ടും കക്ഷി ഫോണെടുത്തില്ല. അടുത്ത ദിവസങ്ങളിലും വിളി തുടർന്നു. കക്ഷി ഫോണെടുക്കാതെയും. അങ്ങനെയിരിക്കെ അടുത്ത ദിവസം സുസ്‌മേരവദനകളായിക്കൊണ്ട് യുവതികൾ ഉച്ച സമയത്ത് കക്ഷിയുടെ ഓഫീസിൽ പ്രത്യക്ഷപ്പെട്ടു. കക്ഷി ഊണുകഴിക്കാനായി പുറപ്പെടാനൊരുങ്ങിയപ്പോഴാണ് അവരെത്തിയത്. അതു മനസ്സിലാക്കി, തുടക്കത്തിലേ ക്ഷമാപണത്തോടെയാണ് സംഭാഷണം ആരംഭിച്ചത്. പിന്നീട് കുട്ടികൾ കളിപ്പാട്ടം വേണമെന്നു പറയുന്നതുപോലെ ഒരെണ്ണം എടുക്കൂ സാറേ എന്ന തലത്തിലേക്ക് അവർ മാറി. അപ്പോഴും കക്ഷി തന്റെ നിലപാട് ആവർത്തിച്ചു. വീണ്ടും അവർ പദ്ധതി സവിശേഷതകൾ വിവരിച്ചുകൊണ്ട് കക്ഷിയുടെ ഭാവിജീവിതം എങ്ങിനെ സങ്കീർണ്ണ രഹിതമാക്കാമെന്നുള്ള വിശദീകരണം തുടർന്നു. ഒടുവിൽ അവർ പറഞ്ഞു, കുറഞ്ഞ പക്ഷം ഒരു എസ്.ഐ.പിയെങ്കിലും എടുക്കണമെന്ന്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്നാണ് അതിന്റെ വിശാലരൂപം. പിന്നീട് എസ്.ഐ.പിയെക്കുറിച്ച് വെറുംവയറ്റിൽ കക്ഷിയോട് വിവരിച്ചു. വിവരണം കഴിഞ്ഞ് ഒരപേക്ഷ ബാഗിൽ നിന്നെടുത്ത് കക്ഷിയോട് തിരിച്ചറിയൽ രേഖ എടുക്കൂ എന്ന് സ്‌നേഹപൂർവ്വം എ യുവതി ആവശ്യപ്പെട്ടു. ബി യുവതി മുഖഭാവത്തിലൂടെ അതെങ്ങെടുത്തുകൊടുക്കൂ എന്ന് അഭ്യർഥിച്ചു. കക്ഷി വിശദീകരണമെല്ലാം കേട്ട് വയറ് നിറഞ്ഞുകൊണ്ട് വീണ്ടും തനിയാവർത്തനത്തിലേക്ക് കടന്നു. കുറേക്കഴിഞ്ഞ് എസ്.ഐ.പിയെക്കുറിച്ച് ആലോചിക്കൂ, പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അവർ ഇറങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ നിലയ്ക്കാത്ത വിളി. അതു കഴിഞ്ഞ് വീണ്ടും ഉച്ച സമയത്ത് എയും ബിയും ഹാജർ. ആ പ്രക്രിയ മൂന്നു നാല് തവണ ആവർത്തിച്ചു. പിന്നീട് പരിചയത്തിന്റെ അടിസ്ഥാനത്തിൽ വന്നാലുടനെ അപേക്ഷഫോറം പുറത്തെടുത്ത്, ദേ ഇവിടെയൊന്നൊപ്പിട്ടേ എന്നാവശ്യപ്പെട്ടുകൊണ്ട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടും.

 

II

 

അവസാനം കക്ഷി അവരോട് ചോദിച്ചു, നിങ്ങൾക്ക് തന്റെ ക്ഷേമത്തിലുള്ള താൽപ്പര്യം കൊണ്ടാണോ ഈ ഉത്സാഹമെടുക്കുന്നതെന്നും തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതെന്നും. ചോദ്യത്തിന് ആദ്യം മറുപടി അതേയെന്നും എന്താ സംശയമെന്നുമായിരുന്നു എയുടെ പ്രതികരണം. പെട്ടന്ന് ബി മുഖമൊക്കെ വക്രിച്ച് ദീനഭാവത്താൽ പറഞ്ഞു: സാറേ, ഡിസംബര്‍ 31 നു മുൻപ് ഞങ്ങൾക്ക് ടാർജറ്റ് തികയ്ക്കണം. ഒരെണ്ണമെടുത്ത് സഹായിക്കൂ. എയുടേയും മുഖഭാവം ബിയുടേതായി. എന്താ സാറേ ഒരെണ്ണമെടുത്ത് സഹായിക്കരുതോ എന്നായി എയും.

 

കക്ഷി: അങ്ങനെ പറയുന്നത് ശരിയാണോ, ഒരാൾ നിക്ഷേപം നടത്തുന്നത് അയാളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകേണ്ടേ. നിങ്ങളെ സഹായിക്കാനായി ഞാൻ നിക്ഷേപിക്കാൻ തയ്യാറായാൽ അത് എനിക്ക് ഒരു സുഖവുമുള്ള ഏർപ്പാടാവില്ല. സുഖം തോന്നാതെ എന്തെങ്കിലും ചെയ്യുന്നത് ശരിയാണോ.

എ: ഞങ്ങളെ ഒന്നു സഹായിക്കുന്നതിലെന്താ സാറേ കുഴപ്പം?

ക: നിങ്ങൾ നിങ്ങളുടെ തൊഴിലിന്റെ ഭാഗമായി നിക്ഷേപകരെ കാണുന്നു. ചിലർ നിക്ഷേപത്തിൽ താൽപ്പര്യമുള്ളവർ. അവരെ തിരിച്ചറിയാൻ നിങ്ങൾ ശ്രദ്ധിക്കുകയല്ലേ വേണ്ടത്. നിങ്ങൾ എന്തിനാണ് നിങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ് യാചനാ സ്വരത്തിൽ സംസാരിക്കുന്നത്. നിങ്ങൾ ഒരു തൊഴിൽ ചെയ്യുന്നു. അതിൽ അന്തസ്സ് തോന്നുകയല്ലേ വേണ്ടത്. സന്തോഷത്തോടും സുഖത്തോടും വേണ്ടേ ഏതു ജോലിയും ചെയ്യാൻ?

ബി: എന്നാലും ഒരെണ്ണമെടുക്കു സാറേ, ഞങ്ങൾക്ക് ടാർജറ്റ് തികച്ചില്ലെങ്കി പ്രശ്‌നമാ.

ക: അതിന് നിങ്ങൾക്ക് കഴിവുണ്ടല്ലോ. എന്തിന് കഴിവില്ലായ്മയെ കൂട്ടുപിടിക്കണം.

എ: മനസ്സിലായില്ല സാറേ.

ക: ഒരാൾക്ക് നിക്ഷേപത്തിൽ താൽപ്പര്യമുണ്ടോ ഇല്ലയോ എന്നറിയാൻ എളുപ്പമാണ്. അത് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുന്നതിനു പകരം താൽപ്പര്യം ഇല്ലാത്ത ഒരാളെ എങ്ങനെയെങ്കിലും തൽപ്പരനാക്കാൻ നിങ്ങൾ ശ്രമിക്കുന്നു. അതിനായി നിങ്ങൾ ഒടുവിൽ നിങ്ങളുടെ ദയനീയ അവസ്ഥ നിരത്തി എന്നിൽ അനുകൂല വികാരങ്ങളുണ്ടാക്കി അതുവഴി നിങ്ങൾ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നു. അവിടെ നിങ്ങൾ ലക്ഷ്യത്തിലെത്താൻ ദൗർബല്യത്തേയല്ലേ കൂട്ടുപിടിക്കുന്നത്. ഇവിടെയെത്താൻ നിങ്ങളുപയോഗിച്ചത് നിങ്ങളുടെ ശക്തിയാണ്. അതുപോലെ എല്ലാ കാര്യത്തിലും ശക്തിയെ കൂട്ടുപിടിക്കുന്നതിനു പകരം എന്തിന് ദൗർബല്യത്തെ കൂട്ടുപിടിക്കണം? അതനുസരിച്ച് ദൗർബല്യം കൂടി വരികയല്ലേയുള്ളു. ചിലപ്പോൾ ഈ ദൗർബല്യം നിങ്ങൾക്ക് ചില സ്ഥലങ്ങളിൽ കാര്യങ്ങൾ സാധിച്ചു തന്നെന്നിരിക്കും. അപ്പോഴൊക്കെ നിങ്ങൾക്ക് നിങ്ങളോടു തന്നെ യാതൊരു ബഹുമാനവും തോന്നുകയില്ല. മറ്റുചിലപ്പോൾ ചില കക്ഷികളെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ നിങ്ങളോട് മോശമായി പെരുമാറിയെന്നിരിക്കും. അപ്പോൾ ഒന്നുകിൽ നിങ്ങൾക്ക് അവരെ ചെറിയ തോതിലെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടി വരും. അല്ലെങ്കിൽ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടിവരും. അതിന് അവസരം കൊടുത്താല്‍ അതിലപ്പുറത്തേക്കും ചിലപ്പോൾ കടന്നെന്നിരിക്കും. അതിന് വാതിൽ തുറന്നിടുന്നത് നിങ്ങൾ തന്നെയാവില്ലേ.

എ: സാറ് പറഞ്ഞതു ശരിയാ. അങ്ങനെയൊക്കെ ഉള്ള സന്ദർഭങ്ങൾ ധാരാളമുണ്ടാകാറുണ്ട്. ഫീൽഡല്ലേ സാറേ. ഞങ്ങൾക്ക് ടാർജറ്റ് മീറ്റ് ചെയ്യാനുള്ള പ്രഷറ് സാറിനറിയില്ല.

ബി: സാറെന്നാലും ഒരു എസ്.ഐ.പി എടുക്ക് സാറേ. (ചിരി നിലനിർത്തി കരച്ചിലിന്റെ ഭാവത്തിൽ )

 

III

 

ആധുനിക മാനേജ്‌മെന്റിൽ ഉന്നത ബിരുദങ്ങളൊക്കെയുള്ളവരാണ് യുവതികൾ. എന്നിരുന്നാലും ഒരു നിക്ഷേപക തൽപ്പരനെ അല്ലെങ്കിൽ തൽപ്പരയെ തിരിച്ചറിയാനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടില്ല. സ്വന്തം നിലയിൽ അവര്‍ക്കത് വികസിപ്പിച്ചെടുക്കാനും കഴിയുന്നില്ല. ടാർജറ്റ് കൊടുത്ത് ബാങ്ക് അവരെ പുറത്തേക്ക് പറഞ്ഞയയ്ക്കുന്നു. ഒരുപക്ഷേ, പുരുഷന്മാരേക്കാൾ കൂടുതൽ കക്ഷികളെ സ്വാധീനിച്ച് നിക്ഷേപം നടത്തിക്കാൻ സമർഥർ സ്ത്രീകളായിരിക്കുമെന്ന് കണ്ടറിഞ്ഞതിനാലാവും ബാങ്കുകൾ ഇവരെ ഫീൽഡ് വർക്കിന് നിയോഗിക്കുന്നത്. അത് ആ ബാങ്കിന് നേതൃത്വം നൽകുന്നവരുടെ കഴിവില്ലായ്മയും ബൗദ്ധികമായി നേരിടുന്ന ശൂന്യതയും സാംസ്‌കാരികമായുള്ള പാപ്പരത്തത്തിന്റെ ലക്ഷണവുമാണ്. കക്ഷികൾ അകറ്റാൻ ശ്രമിച്ചാലും തെല്ലും ബുദ്ധിമുട്ട് തോന്നാതെ അവരോട് സൗഹൃദം സ്ഥാപിച്ച് നിക്ഷേപം നടത്താനുള്ള ശേഷിയാണ് എയിലും ബിയിലും ബാങ്ക് നേതൃത്വം കണ്ടെത്തിയിട്ടുള്ളത്. എങ്ങിനെ കാര്യങ്ങൾ സാധിക്കാമെന്നുള്ള എളുപ്പവഴിയെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടാണത്.

 

സ്ത്രീകള്‍ ഫീൽഡ് വർക്കിന് നിയോഗിക്കപ്പെടുന്നത് നല്ലതു തന്നെ. എന്നാൽ അവർ സ്ത്രീകളായതു കൊണ്ടാണ് നിയോഗിക്കപ്പെടുന്നതെന്നു വരുന്നത് പരോക്ഷമായ അപമാനിക്കൽ തന്നെയാണ്. ഓരോ തവണ കക്ഷി അവരെ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അങ്ങനെയുള്ളവർക്ക് വ്യക്തിപരമായി അവരുടെയുള്ളിൽ കുറിക്കപ്പെടുന്നത് തങ്ങൾ പരാജയപ്പെടുന്നുവെന്നാണ്. സ്ത്രീ എന്ന നിലയിലും തങ്ങൾ പരാജയപ്പെടുന്നു എന്നായിരിക്കും അവരുടെ മനസ്സിന്റെ അടിത്തട്ടിൽ അവരറിയാതെ നിക്ഷേപിക്കപ്പെടുന്ന സഞ്ചിത വികാരം. ഒരു വ്യക്തി നയിക്കപ്പെടുന്നത് ഈ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടത്തിൽ അത്യാവശ്യം ടെലിവിഷൻ സീരിയൽ കൂടി കാണുന്ന സ്വഭാവം ഇവർക്കുണ്ടെങ്കിൽ ഇവരുടെ മാനസികാവസ്ഥ വളരെ ക്ലേശകരമായിത്തീരും. അത്യാവശ്യം ആകർഷകത്വം എന്നുള്ള മേന്മ തന്നെയാണ് ഇവർ ഈ ജോലിക്ക് നിയോഗിക്കപ്പെടാൻ ബാങ്ക് കണ്ടെത്തുന്ന പ്രാഥമിക യോഗ്യത. സ്വയം ബഹുമാനം നഷ്ടപ്പെട്ടാല്‍ ഇവർ എത്ര സൗന്ദര്യമുള്ളവരായാലും അവരുടെ ആകർഷകത്വം നഷ്ടമാകും. അത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് അവരുടെ വ്യക്തിജീവിതത്തെയാവും. ജോലി സമ്മർദ്ദത്തെയായിരിക്കും അവരുടെ ദുരിതങ്ങൾക്ക് കാരണമായി അപ്പോഴും കാണുക.

 

മറിച്ച് ഒരു വ്യക്തിയുടെ സംഭാഷണം ശ്രദ്ധിച്ച് അയാളുടെ പശ്ചാത്തലം മനസ്സിലാക്കി മുന്നോട്ടു നീങ്ങുകയാണെങ്കിൽ കണ്ടുമുട്ടുന്ന ഓരോ കക്ഷിയും ഓരോ പാഠങ്ങൾ ഈ മാനേജർമാർക്ക് നൽകും. അവർ ആവശ്യമില്ലാതെ സമയം പാഴാക്കില്ല. ഒരാൾ നിക്ഷേപിക്കുമോ ഇല്ലയോ എന്നുള്ളത് കുറേക്കഴിയുമ്പോൾ ഒറ്റ നിമിഷംകൊണ്ട് അവർക്ക് അറിയാൻ കഴിയും. അങ്ങിനെയുള്ള ശ്രദ്ധാലുക്കളാകും. അത് അവരുടെ മുഖഭാവത്തിൽ പോലും പ്രകടമാകും. ആത്മവിശ്വാസമുണ്ടാവുമ്പോൾ അവരുടെ സാന്നിദ്ധ്യം മറ്റുള്ളവർക്ക് അനുഭവപ്പെടും. അവർ ബഹുമാനിക്കപ്പെടും. അവർ അവരുടെ ജോലി അഭിമാനത്തോടും വൈദഗ്ധ്യത്തോടെയും നിറവേറ്റും. ഔദ്യോഗികതലത്തിൽ അവർ ഉയരങ്ങളിലേക്ക് കയറും. നല്ല ടീം ലീഡറായി മാറുമെന്നുള്ളതിൽ സംശയമില്ല. കാരണം അവരുമായുള്ള വേളകൾ ടീമംഗങ്ങൾക്ക് ആസ്വാദ്യവും കാര്യങ്ങൾ അനായാസം ഗ്രഹിക്കാനുമുള്ള അവസരങ്ങളായിരിക്കും. അവർ സംശയങ്ങൾ നിവർത്തിക്കും. അപ്പോഴും തന്റെ ടീമംഗങ്ങളിൽ നിന്നവർ പഠിക്കുകയും ചെയ്യും. ആ പഠനത്തിലൂടെയാവും അവരെ ആ മാനേജർ നയിക്കുക. അങ്ങിനെ നയിക്കുമ്പോൾ മാത്രമാണ് ഒരു വ്യക്തി ആണായാലും പെണ്ണായാലും മാനേജരാവുക. നായക സ്ഥാനത്തില്ലാത്തവരാണെങ്കിൽ സമ്മർദ്ദമില്ലാതെ ഏൽപ്പിക്കപ്പെട്ട ജോലി മികവോടെ ചെയ്യുവാനും കഴിയുക.

 

IV

 

എ,ബി യുവതികൾ വീണ്ടും ഒടുവിൽ ചോദിച്ചു, എന്നാ സാറേ ഞങ്ങൾ വരേണ്ടത്. എന്തായാലും സാറൊരു ചെറിയ എസ്.ഐ.പിയിൽ ചേരുമല്ലോ. അവർ വീണ്ടും വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോൾ കക്ഷിക്ക് സംശയം, ആ പദ്ധതിയിൽ ചേരണോ വേണ്ടയോ എന്ന്.