പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡിയില്‍ നല്‍കിയ നിയമനത്തിലും സ്‌ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെണ്ടെന്നാണ് റിപ്പോര്‍ട്ട്. കൃത്രിമമായി രേഖകള്‍ ഉണ്ടാക്കിയാണ് അരുണ്‍ നിയമനം നേടിയത്. നിയമനത്തിനാവശ്യമായ പ്രവര്‍ത്തി പരിചയം അരുണ്‍കുമാറിന് ഇല്ലായിരുന്നുവെന്നും ഇതുണ്ടെന്ന് കാണിക്കുന്നതിനായി വ്യാജപ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അരുണിനെതിരെ കേസ്സെടുക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതായാണ് സൂചന. വിജിലന്‍സിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിച്ചത്. നേരത്തെ വി.ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ കമ്മറ്റി ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്.