ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഇതിഹാസതുല്യ സമരം നയിച്ച നെല്‍സണ്‍ മണ്ടേല അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. 95-കാരനായ മണ്ടേല ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1990-ല്‍ ഇന്ത്യ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്.
ആദ്യകാലത്ത് മഹാത്മാഗാന്ധിയെ പ്രചോദനമായി കണ്ടിരുന്ന മണ്ടേലയെ ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നു. വര്‍ണ്ണവിവേചനം അവസാനിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി 1994-ല്‍ അധികാരത്തിലെത്തിയ അദ്ദേഹം അഞ്ചുവര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന്‍ മാഡിബ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ ദക്ഷിണാഫ്രിക്കന്‍ ജനത നെഞ്ചേറ്റുകയായിരുന്നു.
മണ്ടേലയുടെ മരണം ദക്ഷിണാഫ്രിക്കയുടെ എന്ന പോലെ ഇന്ത്യയുടേയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മണ്ടേല ഒരു യഥാര്‍ത്ഥ ഗാന്ധിയന്‍ ആയിരുന്നെന്നും മന്‍മോഹന്‍ സിങ്ങ് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും വരും തലമുറകള്‍ക്ക് പ്രചോദനമായി അവശേഷിക്കുമെന്ന് സിങ്ങ് പറഞ്ഞു.
1918 ജൂലൈ 18-ന് ദക്ഷിണാഫ്രിക്കയിലെ ഖോസ ഗോത്രത്തലവന്മാരുടെ കുടുംബത്തില്‍ ജനിച്ച നെല്‍സണ്‍ റോളിലാല മണ്ടേല നിയമപഠനത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിന്റെ സ്ഥാപകാംഗമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ചേര്‍ന്ന്‍ തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ച മണ്ടേലയെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങള്‍ക്ക് 1962-ല്‍ അറസ്റ്റ് ചെയ്തു. പിന്നീട് 1990-ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. ഇതില്‍ 1982 വരെ ഇരുപതുവര്‍ഷം കഴിഞ്ഞത് റോബന്‍ ദ്വീപുകളിലെ തടവറയിലാണ്.
1993-ലെ നോബല്‍ സമാധാന സമ്മാനമടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. യു.എസ്സിലെ പ്രസിഡന്റിന്റെ സ്വാതന്ത്ര്യ മെഡലും സോവിയറ്റ് യൂണിയന്റെ ഓര്‍ഡര്‍ ഓഫ് ലെനിനും ഇവയില്‍ ഉള്‍പ്പെടും. പരമോന്നത ബഹുമതിയായ ഭാരതരത്നത്തിന് പുറമേ 2001-ല്‍ ഗാന്ധി അന്താരാഷ്ട സമാധാന സമ്മാനവും ഇന്ത്യ മണ്ടേലക്ക് സമ്മാനിച്ചു.
മൂന്നുതവണ വിവാഹിതനായ അദ്ദേഹത്തിന് ആറു മക്കളുണ്ട്. 38 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം രണ്ടാം ഭാര്യ വിന്നിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹമോചനം വിവാദം സൃഷ്ടിച്ചിരുന്നു.
മണ്ടേലയുടെ ആദ്യ ടെലിവിഷന്‍ അഭിമുഖം കാണാം. 1961-ല്‍ നല്‍കിയത്.