Skip to main content

ഒരു മരണത്തിനു നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. 

                                                - ഹെമിങ്‌വേ

 

എൺപതുകളുടെ പകുതി കഴിഞ്ഞിരിക്കണം. മദ്രാസിലെ സിനിമയുടെ സിരാകേന്ദ്രമായ സാലിഗ്രാമത്തിലെ സർഗ്ഗം ഡബിംഗ് തിയേറ്ററിന്റെ (പ്രകാശ് സ്റ്റുഡിയോ) വിശാലമായ പുൽത്തകിടിയിൽവച്ചാണ് ആരോഗ്യവാനായ ആ യുവനടനെ ഞാൻ പരിചയപ്പെടുന്നത്. ബേബി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ സെറ്റിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ നിൽക്കുകയാണ് അയാൾ. ചിത്രത്തിന്റെ നിർമ്മാതാവ് പുഷ്പരാജനാണ് അയാളെ പരിചയപ്പെടുത്തിയത്. 'ഇതു ഗോപാലകൃഷ്ണൻ. വർക്കലക്കാരൻ. പഴയ ഫുട്‌ബോൾ പ്ലേയർ. കായിക ലോകത്തുനിന്ന് സിനിമയുടെ മായിക ലോകത്തെത്തിയ ആൾ. പത്രക്കാർ ഇനിയും അറിഞ്ഞിട്ടില്ലാത്ത വ്യക്തി.' വാസ്തവത്തിൽ ഇതേ ഗോപാലകൃഷ്ണനെയാണ് കുറച്ചുനാളുകളായി ഞാൻ അന്വേഷിക്കുന്നതെന്ന കാര്യം പുഷ്പരാജനോടു പറഞ്ഞില്ല.

 

ayiroor gopalakrishnan

 

അന്തരിച്ച സംവിധായകൻ ആസാദ് എന്നോടു പലതവണ ഗോപാലകൃഷ്ണനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിലെ പണിയൊക്കെ വലിച്ചെറിഞ്ഞ് സിനിമയലെത്തിയ, വർക്കലക്ക് സമീപമുള്ള അയിരൂർക്കാരൻ ഗോപാലകൃഷ്ണനെക്കുറിച്ച്. എം.ടി വാസുദേവൻനായരുടെ ബന്ധനത്തിൽ നല്ലൊരു വേഷം നൽകി ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താൻ ആ ചിത്രത്തിന്റെ പ്രധാന സംവിധാനസഹായിയായ എം. ആസാദ് ശ്രമിച്ചിരുന്നു. നിർമ്മാല്യത്തിലൂടെയാണല്ലോ രവിമേനോൻ രംഗപ്രവേശം ചെയ്തത്. അതേപോലെ ഗോപാലകൃഷ്ണനും വലിയ നടനാകുമെന്ന് ആസാദ് ചിന്തിച്ചിരിക്കണം. പക്ഷേ, അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച അയിരൂർ ഗോപാലകൃഷ്ണൻ ഒന്നുമായില്ല. പല ചിത്രങ്ങളിലും കൊച്ചുകൊച്ചു വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഈ നടൻ കാലക്രമത്തിൽ സിനിമയുടെ വശ്യ-സുന്ദര-മോഹന വാഗ്ദാനങ്ങൾ പൊള്ളയാണെന്നറിഞ്ഞ് കോടമ്പാക്കത്തിന്റെ ഭീകരതയിൽനിന്ന് ഒളിച്ചോടി മരണത്തിന്റെ അദൃശ്യമായ ഗുഹകളിൽ അഭയംതേടി.

 

എഴുപതുകളുടെ തുടക്കത്തിൽ വിപ്ലവത്തിന്റെ ശുക്രനക്ഷത്രത്തിനുവേണ്ടി കാത്തിരുന്ന യുവാക്കളിൽ ഒരാളായിരുന്നു ഗോപാലകൃഷ്ണൻ. കൊട്ടിയം പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ നേടി പുറത്തിറങ്ങുമ്പോൾ വിപ്ലവം തോക്കിൻകുഴലിലൂടെ വരുമെന്ന് വിശ്വസിച്ചതു കൊണ്ടാണ് ഗോപാലകൃഷ്ണൻ നക്‌സലിസത്തിന്റെ ഉദാത്തമായ ശിഖരങ്ങളിലേയ്ക്ക് കയറിപ്പോയത്. പക്ഷേ, വിപ്ലവത്തിന്റെ നെടുംശാലകളിൽ വ്യക്തികൾക്ക് പ്രസക്തിയില്ലെന്നും ഏതുസമയത്തും ജീവിതത്തിൽ എന്തും സംഭവിക്കാമെന്നും വർക്കല വിജയൻ നായരെപ്പോലുള്ള വിപ്ലവകാരികളുടെ പര്യവസാനങ്ങൾ തെളിയിച്ചപ്പോൾ ഗോപാലകൃഷ്ണൻ കേരളം വിടാൻ തീരുമാനിച്ചു.

 

സുഹൃത്തായ പൊന്നപ്പന്റെ സഹായത്തോടെ മധ്യപ്രദേശിലെ ബൈലാഡിലയിലെ ഇരുമ്പുഖനികളിലാണ് ഗോപാലകൃഷ്ണൻ അഭയംതേടിയത്. അവിടെ ഇലക്ട്രിക്കൽ സെക്ഷനിലെ സ്റ്റോർകീപ്പറായി ചേര്‍ന്ന അയാളുടെ മനസ്സിൽ വിപ്ലവത്തിന്റെ വേലിയേറ്റമൊക്കെ ഇറങ്ങിയിരുന്നു എന്നുവേണം കരുതാൻ. എന്നാൽ ഗോപാലകൃഷ്ണനിൽ നല്ലൊരു നടനെ ബൈലാഡില ഇരുമ്പയിര് പ്രോജക്ടിലെ മലയാളികൾ ദർശിച്ചു. അവിടെ അരങ്ങേറിയ നാടകങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത് അയിരൂർ ഗോപാലകൃഷ്ണനായിരുന്നു. തോപ്പിൽ ഭാസിയുടെ അശ്വമേധത്തിലെ ഡോക്ടറുടെ വേഷം മുമ്പ് അവതരിപ്പിച്ച് കൈയടി നേടിയത് കെ.പി ഉമ്മറായിരുന്നു. സിനിമയിൽ സത്യനും. എന്നാൽ ബൈലാഡില മലയാളികളെ അമ്പരപ്പിച്ചത് ഗോപാലകൃഷ്ണന്റെ ഡോക്ടറായിരുന്നുവെന്ന് അന്ന് ആ നാടകം സംവധാനം ചെയ്ത കെ. ശ്രീധരൻനായർ പറയുന്നു. ശ്രീധരൻനായർ അന്ന് ബൈലാഡില പ്രോജക്ടിലെ ഉദ്യോഗസ്ഥനായിരുന്നു.

 

ബൈലാഡില ഇരുമ്പുഖനികളിൽ പൂഴ്ത്തി ജീവിതത്തെ തുരുമ്പു പിടിപ്പിക്കാനൊന്നും ഗോപാലകൃഷ്ണൻ ആഗ്രഹിച്ചില്ല. സ്റ്റോർകീപ്പറായി തുടർന്നാൽ സ്വയം നഷ്ടപ്പെടുമെന്ന് അയാൾക്ക് തോന്നി. അഭിനയത്തിന്റെ സാധ്യതകൾ കണ്ടറിയണമെന്ന താൽപര്യത്തോടെ, പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ കോടമ്പാക്കത്തിന്റെ മരുപ്പച്ചയിലേയ്ക്കാണ് അയാൾ വണ്ടികയറിയത്. കോടമ്പാക്കത്തിന്റെ അപരിചിതത്വത്തിലെത്തുന്ന മറ്റുള്ളവരെപോലെ ഗോപാലകൃഷ്ണൻ അവസരങ്ങൾക്കുവേണ്ടി സംവിധായകരേയും നിർമ്മാതാക്കളേയും കാണാൻ പോയില്ല. അവരെയൊക്കെ എയ്തുവീഴ്ത്താൻ പോരുന്ന വാചകാസ്ത്രങ്ങളൊന്നും ഗോപാലകൃഷ്ണന്റെ ആവനാഴിയിൽ ഇല്ലായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. തിരക്കേറിയ സിനിമാനഗരത്തിന്റെ ഇടനാഴികളിലെ ഉഷ്ണമേഖലയിലൂടെ നടന്ന് നടന്ന് സിനിമയുടെ കോലാഹലങ്ങളെക്കുറിച്ചു പഠിക്കാനാണ് അയാൾ ശ്രമിച്ചത്.

 

 

ചിലർ അയാളുടെ തടിയും പാവത്വവും കണ്ടിട്ട് ചില്ലറവേഷങ്ങൾ കൊടുത്തു. അച്ഛനായും പൊലീസായും റൗഡിയായും കൊള്ളക്കാരനായുമൊക്കെ അയാൾ അഭിനയിച്ചു. ഐ.വി ശശിയുടെ മീൻ എന്ന ചിത്രത്തിൽ മധുവിന്റെ അച്ഛന്റെ വേഷം പോലും അക്കാലത്ത് ഗോപാലകൃഷ്ണൻ ചെയ്തു. ബേബി, ശശികുമാർ തുടങ്ങിയവരുടെ ചിത്രങ്ങളിൽ സ്ഥിരമായി വേഷങ്ങൾ ലഭിച്ചു. അമ്പതിലധികം ചിത്രങ്ങളിൽ ഈ നടൻ അഭിനയിച്ചു. പക്ഷേ അതുകൊണ്ടൊന്നും ജീവിക്കാനുള്ള ചുറ്റുപാടുകൾ ഉണ്ടായില്ല. അയിരൂരിൽ നിന്ന് സ്നേഹസമ്പന്നനായ ജ്യേഷ്ഠൻ സദാനന്ദൻ അയച്ചുകൊടുക്കുന്ന മണിയോർഡറുകളായിരുന്നു ഗോപാലകൃഷ്ണനെ കോടമ്പാക്കത്തിന്റെ തീഷ്ണതകളിൽ നിന്ന് അകറ്റിനിർത്തിയത്. അനുജൻ ഒരിക്കൽ ജനമറിയുന്ന വലിയൊരു നടനായിത്തീരുമെന്ന് പാരിപ്പള്ളിയിൽ മെഡിക്കൽഷോപ്പു നടത്തുന്ന സദാനന്ദൻ വിശ്വസിച്ചിട്ടുണ്ടാകണം.

 

അക്കാലത്താണ് സ്വന്തമായി സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഗോപാലകൃഷ്ണനെ പിടികൂടുന്നത്. (സിനിമാജ്വരം പിടിച്ച് കോടമ്പാക്കത്തെത്തുന്ന തൊണ്ണൂറു ശതമാനം പേരിലും നിർമ്മാതാവാകണമെന്ന മോഹം ഉറങ്ങിക്കിടക്കുന്നുണ്ടെന്നു ആരാണു പറഞ്ഞത്?) അന്നു പുതുമകൾക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന ഭരതനായിരുന്നു ഗോപാലകൃഷ്ണന്റെ മനസ്സിൽ കുടിയിരുന്ന സംവിധായകൻ. കാവൽ സുരേന്ദ്രൻ എന്ന സുഹൃത്തുവഴി ഒരു ലക്ഷം രൂപ ഭരതനു അഡ്വാൻസും കൊടുത്തു. പക്ഷേ സുരേന്ദ്രൻ അയാളെ വട്ടംകറക്കി. ഓരോരോ ചിലവുകൾ പറഞ്ഞ് അയാൾ പലതവണ ഗോപാലകൃഷ്ണനിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി. മാസങ്ങളും വർഷങ്ങളും കടന്നപ്പോൾ സിനിമാ നിർമ്മാണമെന്ന ചിന്ത വെറുമൊരു ദിവാസ്വപ്നമാണെന്ന് അയാൾ മനസ്സിലാക്കി. ജീവിതമെന്നത് സിനിമയല്ലെന്നും കാലക്രമത്തിൽ ഗോപാലകൃഷ്ണന്റെ അബോധ മനസ്സ് അറിയിച്ചുകൊണ്ടിരുന്നു. കാലിനു സ്വാധീനം കുറഞ്ഞ സദാനന്ദൻ അക്കാലത്താണ് അനുജന്റെ 'കരിയർ' കണ്ടറിയാൻ മദ്രാസിലെത്തുന്നത്. കൂട്ടത്തിൽ അദ്ദേഹം എന്നെയും തേടിയെത്തി. സിനിമാലോകത്തു സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊന്നും ഞാൻ സദാനന്ദനോട് പറഞ്ഞില്ല. പക്ഷേ ഞാൻ പറയാതെതന്നെ ആ മനുഷ്യനു കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി. അനുജൻ സിനിമയിൽ ഒന്നുമാകില്ലെന്നും സദാനന്ദൻ മനസ്സുകൊണ്ടു വിധിയെഴുതി.

 

സദാനന്ദന്റെ സമ്മർദ്ദത്തെത്തുടർന്ന് ഏറെ താമസിയാതെ ഗോപാലകൃഷ്ണൻ വിവാഹിതനായി. ഇടയ്ക്കിടെ ഭാര്യയുമായി മദ്രാസിലെത്തി. ചില ചിത്രങ്ങളിൽ അഭിനയിച്ചു വർക്കലയ്ക്കു മടങ്ങി. താമസിയാതെ ഗോപാലകൃഷ്ണൻ അച്ഛനുമായി. ഞാൻ വല്ലപ്പോഴുമൊക്കെ വർക്കലയിലെത്തുമ്പോൾ അയിരൂരിൽ പോയി ഗോപാലകൃഷ്ണനെ കാണുമായിരുന്നു. ഗ്രാമീണത നിറഞ്ഞ വീട്ടിൽ ഗോപാലകൃഷ്ണൻ അസ്വസ്ഥനായിരുന്നു. പക്ഷേ, ജീവിതം സിനിമയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ ശ്രമിച്ച കാലഘട്ടത്തെക്കുറിച്ച് അയാളിൽ നിരാശയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല എന്നെങ്കിലുമൊരിക്കൽ തനിക്കുവേണ്ടി ഒരു കഥാപാത്രം കടന്നുവരുമെന്നും അതുവഴി തന്റെ അഭിനയസിദ്ധി പ്രേക്ഷകർ കണ്ടറിയുമെന്നും അംഗീകാരം ലഭിക്കുമെന്നും ആ സാധുമനുഷ്യൻ വിശ്വസിക്കുന്നപോലെ എനിക്ക് തോന്നിയിരുന്നു.

 

ഏറെ താമസിയാതെ സിനിമയുടെ സോപാനങ്ങൾ ചവുട്ടിക്കയറാൻ സഹായിച്ച എം. ആസാദിന്റെ കാലടികളെ പിന്തുടർന്ന് ഗോപാലകൃഷ്ണനും ആത്മഹത്യയിൽ വിലയം പ്രാപിച്ചു. അങ്ങനെ, സിനിമയുടെ മോഹവലയങ്ങളിലേയ്ക്ക് കടന്നുവന്ന ആയിരങ്ങളിൽ, പതിനായിരങ്ങളിൽ, ലക്ഷങ്ങളിൽ ഒരാളായിത്തീർന്നു അയിരൂർക്കാരൻ ഗോപാലകൃഷ്ണനും. 

 


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.