ആറ് മാസത്തിനകം ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലി. രാജ്യാന്തര വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഡീസല്‍ വില നിര്‍ണയം എണ്ണക്കമ്പനികള്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ധനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജനുവരിയില്‍ ഡീസല്‍ വില മാസം ലിറ്ററിന് 50 പൈസ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോഴുള്ള നഷ്ടം 2.50 രൂപ വരെയായി കുറഞ്ഞെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ലിറ്ററിന് 14 രൂപ വരെ നഷ്ടം ഉയര്‍ന്നെന്നും നിലവില്‍ നഷ്ടം ലിറ്ററിന് 9.28 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിമാസ വില വര്‍ധന തുടരുമെന്നും എന്നാല്‍ ഒറ്റത്തവണയായി മൂന്നോ നാലോ രൂപ കൂട്ടാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ എണ്ണ വിലയുടെ കുറവും രൂപയുടെ മൂല്യത്തില്‍ ഇപ്പോഴുണ്ടാവുന്ന മെച്ചവും ആറു മാസത്തിനകം ഡീസല്‍ വില്പന നഷ്ടമില്ലാത്ത സ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.