ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തിന് ശേഷം പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുമായി പ്രദേശത്തെ മുസ്ലിം യുവാക്കള്‍ ബന്ധപ്പെട്ടുവെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ ജയറാം രമേഷ്.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സാംസ്കാരിക കേന്ദ്രത്തില്‍ ഉര്‍ദു മാധ്യമപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പങ്കെടുക്കവേ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. രാഹുല്‍ ഗാന്ധി തികഞ്ഞ മതേതരവാദിയും ന്യൂനപക്ഷ, ദളിത് തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ കെ. റഹ്മാന്‍ ഖാനും രാജീവ് ശുക്ലയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, ജയറാം രമേഷിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
മുസഫര്‍നഗറില്‍ സെപ്തംബറില്‍ നടന്ന കലാപത്തില്‍ അന്‍പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും 45,000 പേര്‍ക്ക് വീട് വിട്ടുപോകേണ്ടിവരികയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പ് റാലികളിലാണ് രാഹുല്‍ ഗാന്ധി പിന്നീട് വിവാദമായ പരാമര്‍ശം നടത്തിയത്. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.