സ്വതന്ത്ര മാധ്യമപ്രവര്ത്തകയും എഴുത്തുകാരിയുമാണ് താര |
''ജിഞ്ചർ പേസ്റ്റില്ല, ഗാർലിക് പേസ്റ്റില്ല, തേങ്ങാപ്പൊടിയില്ല, എന്റെ ആറ്റുകാലമ്മച്ചീ...ഇങ്ങനൊരു വീടാണല്ലോ നീയെനിക്കു വെച്ചുകളഞ്ഞത്. എന്തരു സൊഖമായിരുന്നെനിക്കാ ബാംഗ്ലൂരില്...ഓ! എല്ലാം പോയ്!''
സുഹൃത്തിന്റെ അടുക്കളയിൽ അടുത്തിടെ ചാർജെടുത്ത സഹായി, വന്ന അന്നു മുതൽ ആരംഭിച്ച പരാതികൾ തുടരുകയാണ്. തിരുവനന്തപുരത്തിനടുത്ത് മേലാറന്നൂരെന്ന ഗ്രാമപ്രദേശത്തെ ചവിട്ടിക്കുഴച്ച മണ്ണിൽ നിന്ന് ഒരു ഐ.ടി. കപ്പിളിന്റെ കുട്ടിയെ നോക്കാൻ മൂന്നു കൊല്ലം ഗാർഡൻ സിറ്റിയിൽ ജീവിച്ചതിന്റെ ഹാങ്ങോവറിലാണവർ. അർബൻ പ്രൊഡക്ടുകളുടെ ധാരാളിത്തം കണ്ടു ശീലിച്ചുപോയ കക്ഷിക്ക് ഈ സാധാരണ അടുക്കള പിടിക്കുന്നേയില്ല. ഇവിടെ തേങ്ങ തിരുമ്മണം. വാഷിങ്ങ് മെഷീൻ ഉണ്ടെങ്കിലും വിലകൂടിയ തുണികൾ അതിലലക്കാൻ ഗൃഹനാഥ സമ്മതിക്കില്ല. അതെല്ലാം പോട്ടേന്നു വെച്ചാലും വീട്ടുകാരിയുടെ നിരന്തരമുള്ള ഇടപെടൽ സഹിക്കാനേ വയ്യ. സർവ്വസ്വാതന്ത്ര്യത്തോടെ ഒന്നാന്തരമൊരടുക്കള, അതും ഒരു മെട്രോയിൽ മൂന്നു കൊല്ലം ഭരിച്ചതിന്റെ കഥകൾ തികട്ടിത്തികട്ടി വന്നുപോകും.
ഡിസ്കിനു തകരാറുള്ളതിനാൽ നടുവേദന കൊണ്ടു വലയുന്ന സുഹൃത്തിന് ഈ 'ബാംഗ്ലൂർ ചരിതം' സഹിക്കാതെ വഴിയില്ല. എങ്കിലും പൊറുതി മുട്ടിയ ഒരു ദിവസം ചോദിച്ചുപോയി, ഇത്രേം സുഖമായിരുന്നെങ്കിൽ നിങ്ങൾ പിന്നെന്തിനാ അവിടുന്നു മതിയാക്കിപ്പോന്നതെന്ന്. അതോടെ, 'അതു പിന്നെ മാഡത്തിനോടായതു കൊണ്ടു പറയാമല്ല്....എന്ന മുഖവുരയോടെ ആ ആക്ഷൻ ത്രില്ലറിന്റെ ചുരുൾ നിവർന്നു.....
കരാട്ടേ കപ്പിൾ
ബാംഗ്ലൂരിലെ പ്രശസ്തമായ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥരാണു രണ്ടാളും. തിരുവനന്തപുരത്തുകാരിയും മൂവാറ്റുപുഴക്കാരനും. ചെറിയ ഇഷ്ടം തോന്നി. വീട്ടിൽ പറഞ്ഞു. മക്കൾ നോക്കിയും കണ്ടുമാണു സെലക്ഷൻ നടത്തിയതെന്ന അഭിമാനത്തോടെ വീട്ടുകാർ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ ഒന്നുരണ്ടുകൊല്ലം ഹണിമൂൺ ട്രിപ്പുകളും വാരാന്ത്യങ്ങളിലെ അടിച്ചുപൊളി പാർട്ടികളുമൊക്കെയായി പോയിട്ടുണ്ടാവാം. അറിയില്ല. മൂന്നാം കൊല്ലം പ്രസവം കഴിഞ്ഞു കൈക്കുഞ്ഞുമായി മടങ്ങുമ്പോഴാണ് നമ്മുടെ മേലാറന്നൂരുകാരി ചാർജെടുക്കുന്നത്. അന്നു മുതൽ ആ വീടു ഭരിക്കുന്നതവരാണ്. തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ നിന്നു ഷോപ്പുചെയ്യുന്നതും വീട്ടുകാർ എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതും എല്ലാം. അവരുടെ ഭാഷയിൽ പറഞ്ഞാൽ 'ഒന്നാം തരം സെറ്റപ്പ്.' പ്രധാന ആവശ്യം കുഞ്ഞിനെ നോക്കൽ ആയതിനാൽ അടുക്കളക്കാര്യങ്ങളിൽ യുവദമ്പതികൾക്കു യാതൊരു കടുംപിടിത്തവുമില്ല. ഒന്നുമുണ്ടാക്കാൻ മൂഡില്ലെങ്കിൽ ഫോൺ ചെയ്തു പറയും, കുഞ്ഞു ഭയങ്കര കരച്ചിലായിരുന്നു ഇന്നൊന്നും കുക്കു ചെയ്തിട്ടില്ലെന്ന്. നോ പ്രോബ്ലം. ചേച്ചിക്കും കൂടെ ഞങ്ങൾ വാങ്ങിക്കൊണ്ടുവരാമെന്നു മറുപടി കിട്ടും.
ഒന്നു രണ്ടാഴ്ച അങ്ങനെ പോയി. ഭൂമിയിലെ സ്വർഗ്ഗം തിരുവനന്തപുരത്തുനിന്നു 753 കി. മീറ്റർ അകലെയുള്ള ബാംഗ്ലൂരിലാണെന്ന കണ്ടെത്തലിൽ പുളകിതയായി നമ്മുടെ കക്ഷി ഇരിക്കുമ്പോൾ ഒരു വൈകുന്നേരം കുഞ്ഞിനു പനി തുടങ്ങുന്നു. സന്ധ്യയോടെ ഭർത്താവ് ഓടിക്കിതച്ചെത്തി, ജോലിക്കാരിയേയും കൂട്ടി കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങി. ഭാര്യക്ക് അന്നു വൈകിയെത്തുന്ന ഡ്യൂട്ടിയാണ്. പോരെങ്കിൽ അവരൊരു പ്രൊമോഷന്റെ വക്കത്തുമാണ്. അതിനാൽ നിർത്താതെ കരയുന്ന കുഞ്ഞിനെ അച്ഛനും ജോലിക്കാരിയും മാറി മാറി എടുത്തു നടന്നു നേരം വെളുപ്പിച്ചു. ഇതിനിടയിൽ പാതിരാത്രിയിലെപ്പൊഴോ വന്നെത്തിയ അമ്മ കുഞ്ഞിന്റെ അവസ്ഥകണ്ട് ആശങ്കാകുലയായെങ്കിലും വൈകാതെ തളർന്നുറക്കമായി. പിറ്റേ ദിവസവും കുഞ്ഞു ശാഠ്യം തുടർന്നപ്പോൾ, ഒരു രാത്രിയിലെ പിതൃധർമ്മം കൊണ്ടുതന്നെ പൊറുതിമുട്ടിയ അച്ഛൻ, ഇനി അമ്മയുടെ ടേൺ അല്ലേന്നു വിചാരിച്ചാവും ഇന്നു താൻ ലീവെടുക്കാമോ എന്നൊന്നു ചോദിച്ചു പോയി. അതോടെ മാതൃത്വത്തിന്റെ പൂതനാഭാവത്തിലേക്കുള്ള പകർന്നാട്ടമായി. എന്തൊക്കെയാണു പരസ്പരം വിളിച്ചുപറയുന്നതെന്നറിയാതെ ജോലിക്കാരി വാപൊളിച്ചു നിന്നു. കാരണം കലി വന്നതോടെ രണ്ടാളും സായ്പിന്റെ ഭാഷയിലേക്കു കൂടുമാറ്റം നടത്തിയിരുന്നു. തെറിവിളി മുഴുവനായി ഡീകോഡു ചെയ്യാനാവാതെ ഉഴറുമ്പോഴേയ്ക്കും കളി, ആർക്കും മനസ്സിലാകുന്ന ഭാഷയിലേക്കെത്തി. വിഷം പുരട്ടിയ ഏതോ വാക്കു കേട്ടു നിയന്ത്രണം വിട്ടുപോയ ഭർത്താവ് ഭാര്യയെ ചെറുതായൊന്നു പിടിച്ചുതള്ളി. പിന്നെ നടന്നതൊന്നും അടുക്കടുക്കായി ഓർക്കാൻ ആർക്കും കഴിയില്ലത്രേ! വെളുത്തു മെലിഞ്ഞു ദുർബ്ബലയുടെ ബാഹ്യലക്ഷണങ്ങളുള്ള പെണ്ണിന്റെ വിസ്മയാവഹമായ വേഷപ്പകർച്ച. മാന്തിയും പിച്ചിയും അടിച്ചും കടിച്ചും ഇരയുടെ മേൽ ചാടി വീണ വന്യജീവിയെപ്പോലെ അഞ്ചാറുമിനിറ്റു നീണ്ട പ്രയോഗം. മൂവാറ്റുപുഴയിലെ അച്ഛനമ്മമാരുടെ മിടുക്കനും, കണ്ണിലുണ്ണിയും അഭിമാനഭാജനവുമായ പയ്യൻ, ചവിട്ടിക്കൂട്ടിയ നിലയിൽ സോഫയിൽ ചുരുണ്ടു വീണു. അതോടെ കാലാകാലങ്ങളായി സ്ത്രീ സമൂഹത്തെ അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത വർഗ്ഗത്തിൽ നിന്ന് ഒരുത്തനെയെങ്കിലും അടിച്ചൊതുക്കിയല്ലോ എന്ന സംതൃപ്തിയോടെ അവളും അടങ്ങി. പനിക്കാരനെ രണ്ടാളും ഗൗനിക്കാതായി. പൊടിക്കുഞ്ഞാണല്ലോ, എന്നു കരുതി ജോലിക്കാരി ആവുംമട്ടിൽ അവനെ ശുശ്രൂഷിച്ചു.
സമാധാന ദൂതന്മാർ
തന്നെ കൈകാര്യം ചെയ്തു കായികമായി കീഴ്പ്പെടുത്തുന്ന ഭാര്യയെ വേലയും കൂലിയുമൊക്കെയുള്ള ഭർത്താക്കന്മാരാരും സഹിക്കില്ലെന്നായിരുന്നു അതുവരെ നമ്മുടെ ചേച്ചി വിചാരിച്ചിരുന്നത്. ഒരു ദാമ്പത്യം അകാലത്തിൽ അവസാനിക്കുന്നല്ലോ, അതോടെ തന്റെ സുഖവാസവും തീരുമല്ലോ എന്നു വിഷാദിച്ചിരിക്കുമ്പോൾ, അതാ, ഒന്നും സംഭവിക്കാത്ത മട്ടിൽ ഭാര്യ ഒരുങ്ങി ജോലിക്കു പോകുന്നു. പീഡിപ്പിക്കപ്പെട്ട ഭർത്താവ് കുറേനേരം മുറിയടച്ചിരുന്നു. ക്ഷീണം തീർന്നപ്പോഴാവും അയാളും പുറത്തേയ്ക്കുപോയി. പരസ്പരം സംസാരിക്കാത്ത രണ്ടു മൂന്നു ദിവസങ്ങൾ പിരിമുറുക്കത്തോടെ കടന്നുപോയി. തുടർന്നു വന്ന വാരാന്ത്യത്തിൽ അവരെത്തി. കൂട്ടുകാരെന്ന മായാജാലക്കാർ. ആദ്യം കുറേ തർക്കങ്ങൾ. ഇരുവരും പരസ്പരം കുറേ ചെളി വാരിയെറിഞ്ഞു. അടി തടുക്കുന്നതിലെന്നപോലെ, ആരോപണങ്ങൾ തടുക്കുന്നതിലും പയ്യൻ സമ്പൂർണ്ണ പരാജയമായതോടെ കാര്യങ്ങൾ തീർപ്പായി. മാന്തിക്കീറിയ കയ്യെങ്കിലും നന്നായിട്ടൊന്നു പ്രസന്റ് ചെയ്യാൻ കഴിവില്ലാത്ത പൊട്ടൻ ചെറുക്കനോട് ജോലിക്കാരിക്കു പോലും ദേഷ്യം തോന്നി. പരസ്പരം കൈപിടിച്ചു ചേർത്ത്, കരുതിക്കൊണ്ടുവന്ന കേക്കും മുറിച്ച്, ഭക്ഷണവും വരുത്തിക്കഴിച്ച്, തിരിഞ്ഞും മറിഞ്ഞും നിന്ന് കുറേ ഫോട്ടോയുമെടുത്ത് വീടും അലങ്കോലമാക്കി വെട്ടുകിളിക്കൂട്ടം മടങ്ങി. (കൂട്ടുകാർ വരുമ്പോൾ ജോലി കൂടുന്നതു കൊണ്ട് ജോലിക്കാരിക്ക് ഇക്കൂട്ടരെ അലർജിയാണ്.) എന്തു മാജിക്കാണ് സംഭവിച്ചതെന്നറിയില്ല. അല്പം കഴിഞ്ഞു നോക്കുമ്പോൾ രണ്ടാളും ഒട്ടിച്ചേർന്നിരുന്നു ലാപ്ടോപ്പിൽ സിനിമ കണ്ടു പൊട്ടിച്ചിരിക്കുന്നു. 'നാണമില്ലാത്ത ചെക്കൻ, ഇവനൊരാണാണോ?' എന്നൊക്കെ സ്വയം ചോദിച്ചെങ്കിലും മേലാറന്നൂരുകാരിക്കും ശ്വാസം നേരേ വീണു.
പക്ഷേ ഇതെല്ലാം ഇന്ത്യാ-പാക് അതിർത്തിയിലെ വെടി നിർത്തൽ പോലേ ഉള്ളെന്നു വൈകാതെ മനസ്സിലായി. പ്രകോപനത്തിനുള്ള കാരണങ്ങൾ മാറുന്നുവെന്നേയുള്ളൂ. ചിലപ്പോളത് മൂവാറ്റുപുഴയിൽ നിന്നാരെങ്കിലും ബാംഗ്ലൂരിനു വണ്ടി കയറിയെന്നറിയുമ്പോഴാവും. മറ്റു ചിലപ്പോൾ പിറന്നാളും വിവാഹവാർഷികവും തൊട്ടടുത്ത ദിവസങ്ങളിൽ വരുമ്പോൾ രണ്ടിനും പ്രത്യേകം സമ്മാനം കിട്ടാത്തതിനാവും. അങ്ങനെ അങ്ങനെ സാധാരണക്കാർക്കു പിടികിട്ടാത്ത കാര്യങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. കൂട്ടുകാരുടെ വരവും സമാധാനക്കരാറുകളും തുടർന്നുകൊണ്ടേയിരുന്നു. ഇങ്ങനെ വീട്ടിലെ വഴക്കുകൾ കൂട്ടുകാരെ അറിയിക്കുന്നതു പോക്കണം കേടല്ലേ എന്നൊരു സംശയം ഉന്നയിച്ചപ്പോൾ, ഭാര്യ ഉത്സാഹത്തോടെ പറഞ്ഞ മറുപടി ഇങ്ങനെ:''അയ്യോ, അതിനെന്താ ചേച്ചീ, അവർക്കു പ്രശ്നമുണ്ടാകുമ്പോൾ ഞങ്ങളും പറഞ്ഞു തീർക്കാൻ പോകുന്നതല്ലേ? ഇവിടിതൊക്കെ പതിവാ. ചേച്ചി ടെൻഷനാകണ്ട.''
ഭർത്താവിന്റെ ഇംപ്രൊവൈസേഷൻ
ഇങ്ങനെ കലങ്ങിയും തെളിഞ്ഞും വീണ്ടും കൂടുതൽ കലങ്ങിയും ദാമ്പത്യം മുന്നോട്ടു പോകവേ, ഭർത്താവിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അടിപിടി സഹിച്ചു സഹിച്ചയാൾ അളമുട്ടിയ ചേരയായതാവാം. പിടിച്ചു തള്ളലായിരുന്നു പുള്ളിയുടെ ഏക കായികാഭ്യാസം. അതിനൊപ്പം ഇണയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന കലാപരിപാടി കൂടി തുടങ്ങിയതോടെ ഏകപക്ഷീയമായ മുന്നേറ്റം വിട്ട് കലഹങ്ങൾക്ക് പുതിയൊരു മാനം കൈവന്നു. എല്ലാ വഴക്കുകൾക്കുമൊടുവിൽ ഭർത്താവിനെ തല്ലിയൊതുക്കി വിജീഗിഷുവായി നില്ക്കാറുണ്ടായിരുന്ന ഭാര്യയും, കഴുത്തും തടവി കുനിഞ്ഞിരുന്ന ചുമയ്ക്കുന്ന സ്ഥിതിയിലായി. ഈ ചെറുക്കന് കുറച്ച് ഉശിരുണ്ടാക്കാൻ പണ്ട് ആറ്റുകാലമ്മച്ചിക്കു നേർന്ന നേർച്ചക്കലങ്ങളെല്ലാം ജോലിക്കാരി പേടിച്ചു പിൻവലിച്ചു നോക്കി. പക്ഷേ, ദീർഘവീക്ഷണമില്ലാതെ സമർപ്പിച്ചുപോയ ആ അപേക്ഷ, അപ്പോഴേയ്ക്കും ആറ്റുകാലമ്മ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
ഇതിനിടയിൽ അവരുടെ നിസ്സഹായനായ കുഞ്ഞ് വളരുകയാണെന്നും വഴക്കു തുടങ്ങുമ്പോൾ തന്നെ അവൻ പേടിച്ചു കരയാൻ തുടങ്ങുന്നുണ്ടെന്നും തിരിച്ചറിയാൻ ആ അച്ഛനമ്മമാർക്കു കഴിഞ്ഞേയില്ല. അത്ഭുതസിദ്ധിയുള്ള കൂട്ടുകാരുടെ വരവും ക്രമേണ കുറഞ്ഞുവന്നു. പോരാട്ടങ്ങൾക്കൊടുവിലെ കണക്കെടുപ്പിൽ കൂടുതൽ കാഷ്വൽറ്റി ഭാര്യയ്ക്കായി തുടങ്ങിയതോടെ ജോലിക്കാരിക്കും 'ഉയിരുപേടി' തുടങ്ങി. 55-ാം വയസ്സിൽ കൊലക്കേസിനു സാക്ഷിപറയുന്ന രംഗം ഇടയ്ക്കിടെ ഓർമ്മയിലെത്തി ഭയപ്പെടുത്തൽ തുടർന്നു. ഒന്നു രണ്ടു വട്ടം തടസ്സം പിടിക്കാൻ ചെന്നപ്പോൾ വിചാരിച്ച പോലല്ല, പയ്യന് അത്യാവശ്യം കൈക്കരുത്തുണ്ടെന്നു ബോധ്യമാവുകയും ചെയ്തു. അതോടെ തന്റെ സ്വർഗ്ഗത്തിനു തൊട്ടടുത്തു തന്നെയാണു നരകവുമെന്ന തിരിച്ചറിവിൽ കക്ഷി സേവനം മതിയാക്കി തിരുവനന്തപുരത്തിനു വണ്ടികയറി. മൂന്നുവയസ്സുകാരനോടുള്ള സ്നേഹവും, ആ അടുക്കള നൽകിയ സ്വാതന്ത്ര്യവും ഇടയ്ക്കിടെ വേട്ടയാടാറുണ്ടെങ്കിലും ഇനിയും ''കനക്കട്ടി തരാമെന്നു പറഞ്ഞാപ്പോലും ഞാനങ്ങോട്ടില്ലെന്റെ മാഡം....'' എന്നു പറഞ്ഞവർ കഥയവസാനിപ്പിച്ചു.
കഥ കേട്ടിരുന്ന സുഹൃത്തിന് വേവലാതിയുമായി. കാരണം അവരുമൊരു ഐ.ടി. കിഡിന്റെ അമ്മയാണ്. മകളെ കെട്ടിച്ചു വിടാനുള്ള ഒരുക്കത്തിലുമാണ്. സഹനശക്തിയുടേയും പൊരുത്തപ്പെടലിന്റേയുമൊക്കെ കാര്യത്തിൽ മകൾ വളരെ വീക്കാണെന്ന് അമ്മയ്ക്കു നന്നായറിയാം. പോരെങ്കിൽ കടുത്ത സ്വാതന്ത്ര്യമോഹിയും. മകളുടെ ക്ഷിപ്രകോപം ഇതിനകം തന്നെ ഒന്നു രണ്ടുവട്ടം ജോലിക്കാരിയുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ ഒളിച്ചുവയ്ക്കാനൊന്നുമില്ല. ആ ധൈര്യത്തിൽ ഇനി നമ്മുടെ കൊച്ച് എന്തൊക്കെയാണോ കാട്ടിക്കൂട്ടാൻ പോകുന്നതെന്നൊരാശങ്ക അമ്മ പങ്കുവെച്ചു. അതിന് ജോലിക്കാരിയുടെ നിഷ്ക്കളങ്കമായ ആശ്വസിപ്പിക്കൽ ഇങ്ങനെ....''മാഡം വെഷമിക്കണ്ട. എല്ലാവരും മറ്റേ പയ്യന്റെ കൂട്ടല്ല. മിണ്ടാൻ തൊടങ്ങുമ്പൊഴേ അടിച്ചൊതുക്കുന്നവന്മാരുമുണ്ട്. അവിടത്തെ മോള് ചെല കൂട്ടുകാരുടെ കാര്യം പറയും. വെള്ളമടിയും വേറെ പെണ്ണുങ്ങടെ പൊറകേ പോക്കുംവരെയൊണ്ട്. ചോദിച്ചാ കൂസലില്ല. ഒരുപാടു ചോദിച്ചാ അടീം പറ്റിക്കും. അതുപോലെ ചൊണയൊള്ളവനെ കിട്ടിയാ നമ്മടെ മോളൊക്കെ സൊഖമായിട്ടു പൊറുത്തോളും.'' സുഹൃത്തു കണ്ണു തള്ളിയിരിക്കുമ്പോൾ എല്ലാ ദാമ്പത്യവും വിജയിപ്പിക്കാനുള്ള ഒറ്റമൂലി നിർദ്ദേശിച്ച ചാരിതാർത്ഥ്യത്തോടെ ജോലിക്കാരി അടുത്ത പണിയിലേക്കു നീങ്ങി.
ഞാൻ എന്ന സംഭവം
മറ്റുള്ളവരേക്കാൾ പ്രിവിലേജ്ഡ് ആണെന്ന തോന്നലോടെയാണ് ഇന്ന് ഓരോ കുഞ്ഞും വളരുന്നത്. തനിക്കു ചുറ്റുമുള്ളതെല്ലാം തന്റെ ഇഷ്ടത്തിനും സുഖത്തിനുമായി മാത്രം ഉപയോഗിക്കപ്പെടണമെന്നവർ ആശിക്കുന്നു. മാതാപിതാക്കൾ ഹൃദയപൂർവ്വം അതിന് ഒത്താശ ചെയ്യുകയും ആ തോന്നൽ രൂഢമൂലമാകാൻ അവസരമൊരുക്കുകയും ചെയ്യുന്നു. അവന്റെ/അവളുടെ മുറിയിൽ ഒരാളും കയറുന്നതോ ഒരു സാധനം എടുക്കുന്നതോ ഇഷ്ടമല്ല, ബന്ധുക്കൾ വരുന്നതൊന്നും പിടിക്കത്തില്ല എന്നെല്ലാം കൗമാരക്കാരായ കുട്ടികളെപ്പറ്റി പറയുന്ന മാതാപിതാക്കൾ ഓർക്കുന്നില്ല, നാളെ തന്റെ ജീവിതപങ്കാളിയെ സഹിക്കാനും ഇവർ ബുദ്ധിമുട്ടുമെന്ന്. അവനവനെ മാത്രം സ്നേഹിക്കുകയും സ്വന്തം കഴിവിലും കാര്യശേഷിയിലും വളർച്ചയിലും മാത്രം അഭിരമിക്കുകയും ചെയ്യുന്നവർക്ക് അടുത്ത തലമുറയെപ്പോലും അംഗീകരിക്കാൻ ബുദ്ധിമുട്ടാവില്ലേ? കലാപ ഭൂമിയിലെ മനുഷ്യരുടെ സ്ഥിതിതന്നെയാണ് കലഹം നടക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളുടേതും. അവരുടേതല്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവർ. ബുദ്ധിയും മിടുക്കും ലോകപരിചയവുമെല്ലാം ധാരാളമുള്ള നമ്മുടെ ചെറുപ്പക്കാരായ മാതാപിതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ!!