ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ കോടതിക്ക് ഭയമാണെന്ന് വി.എസ് അച്യുതാനന്ദന്‍. സര്‍പ്പത്തെ കാണുന്ന ഭയപ്പാടോടെയാണ് കോടതി ഉമ്മന്‍ചാണ്ടിയെ കാണുന്നതെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകളില്‍ കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു വി.എസ്.
വെറും 13 സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന സലീംരാജ് ഇന്ന് ഇരുന്നൂറ് കോടി രൂപ വിലവരുന്ന നാല്‍പത് ഏക്കര്‍ ഭൂമിയുടേയും ഉടമയായത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. സലീംരാജിന്റെ ഈ ശക്തിക്ക് പിന്നില്‍ ആരാണെന്നും കോടതി ചോദിച്ചു. എന്നാല്‍ ഈ ശക്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പറയാന്‍ കോടതി തയ്യാറാകുന്നില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പ് എറണാകുളത്തോ തിരുവനന്തപുരത്തോ മാത്രമല്ല. കേരളം മുഴുവനുമുണ്ടെന്നും ഇരകളുടേയും ജനങ്ങളുടേയും നേതാക്കളുടേയും കൂട്ടായ്മയിലൂടെ തട്ടിപ്പുകാരെ പുറത്തു കൊണ്ടുവരണം. പാവങ്ങളുടെ ഭൂമി സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകാര്‍ തട്ടിയെടുക്കുകയാണ് ഇതിനെതിരേ ശക്‌തമായ നടപടി വേണമെന്നും വി.എസ് വ്യക്തമാക്കി. സലീം രാജും സംഘവും വ്യാജപ്രമാണങ്ങള്‍ ചമച്ചു ഭൂമി തട്ടിപ്പു നടത്തിയെന്നാണ് പരാതി. ഏതാണ്ട് ഇരുന്നൂറ് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
സലിം രാജ് പ്രതിയായ കേസില്‍ അന്വേഷണം വൈകുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.