Skip to main content
തൃശ്ശൂര്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയ ബാംഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു. കുരുവിള എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പേരമംഗലം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാന്‍ ഏഷ്യ കമ്പനിക്ക് വേണ്ടിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച രാത്രിയാണ് പോലീസ് കുരുവിളയെ അറസ്റ്റ് ചെയ്തത്.

 

മുന്‍പ് ഹൈക്കോടതി ഇടപെട്ട് കുരുവിളയ്‌ക്കെതിരെയുള്ള അറസ്റ്റ് തടഞ്ഞിരുന്നതാണ്. പിന്നീടാണ് ഈ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് ഇതിനു ശേഷമാണ് ഇപ്പോൾ കുരുവിളയെ അറസ്റ്റു ചെയ്തിരിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ആരോപിച്ച കുരുവിളയ്‌ക്കെതിരെ നിലവില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫാണെന്നും ബന്ധുവാണെന്നും പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും ഒരു കോടിയിലേറെ തുക തട്ടിയെടുത്തെന്ന് കുരുവിള പരാതിപ്പെട്ടിരുന്നു. പക്ഷെ തന്റെ പരാതിയില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി കുരുവിള ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് കുരുവിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags