ജനായത്ത സംവിധാനത്തിന്റെ സൗന്ദര്യമാണ് കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം . വളരെ വ്യക്തമായ ഭൂരിപക്ഷം നൽകി ജനം അവിടെ കോൺഗ്രസിനെ ഭരണം ഏൽപ്പിച്ചു. എന്നാൽ ആ ഉത്തരവാദിത്വത്തിന് പൂർണ്ണ അർത്ഥത്തിൽ തുടക്കം കുറിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. മുഖ്യമന്ത്രി ആരെന്നുള്ളതാണ് തർക്ക വിഷയം. ഇവിടെ കോൺഗ്രസ് നേതൃത്വത്തെ നയിക്കേണ്ടത് ജനഹിതം അറിയുക, അതനുസരിച്ച് തീരുമാനമെടുക്കുക എന്നതാണ്. അവിടെയാണ് തീരുമാനമെടുക്കാനുള്ള നേതൃത്വത്തിൻ്റെ ശേഷി പ്രകടമാകേണ്ടത് .ഒരു വസ്തുത നിഷേധിക്കാനാവില്ല .കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒട്ടനവധി വെല്ലുവിളികളെയും വേട്ടയാടലുകളേയും സധൈര്യം നേരിട്ടുകൊണ്ട് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച് അധികാരത്തിലെത്തിച്ച നേതാവാണ് ഡി.കെ ശിവകുമാർ . കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം ശിവകുമാറിന്റെ വിജയം കൂടിയാണ് .ശരിയാണ് സിദ്ധരാമയ്യ ജനപ്രീതിയുള്ള നേതാവ് തന്നെ .ഇവിടെ ഈ വിജയത്തിൻറെ മുഖ്യശില്പി തഴയപ്പെട്ടാൽ അത് കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയമായിരിക്കും. ഇത്തരം പരാജയങ്ങളാണ് കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചിട്ടുള്ളതിൽ ഒരു മുഖ്യ കാരണം.ജനായത്തത്തിൻ്റെ സൗന്ദര്യം അത് കൈയ്യാളുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു. ഈ തലത്തിലാണ് ജനായത്തത്തിൻ്റെ ഗതികേടും നിലകൊള്ളുന്നത്.