സംസ്ഥാന സർക്കാർ തോൽക്കാനായി യുദ്ധം ചെയ്യുന്നു

Glint Staff
Mon, 14-11-2022 04:01:02 PM ;

 

       
തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ നിന്ന് പിന്മാറുന്നതാണ് വിജയിയുടെ ലക്ഷണം. സംസ്ഥാന സർക്കാർ പലപ്പോഴും തോൽവിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നു .അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് സർവ്വകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ യുദ്ധത്തിലേർപ്പെട്ടത്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസിലറെ ആ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വോയ്ഡ് അബ് ഇനിഷ്യോ  എന്നുവച്ചാൽ അങ്ങനെ ഒരു നിയമനം നടന്നതായി പോലും കണക്കാക്കപ്പെടുന്നില്ല എന്ന വിധത്തിലായിരുന്നു . യുജിസി  ചട്ടപ്രകാരമുള്ള പാനലിൽ നിന്നല്ല വൈസ് ചാൻസിലറുടെ നിയമനം നടന്നത് എന്നതായിരുന്നു, കാരണം .മറ്റ് സർവകലാശാലകളിലും നിലവിലുള്ള വൈസ് ചാൻസിലർമാർ ആ രീതിയിലാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.  സ്വാഭാവികമായും അവർക്ക് സ്ഥാനം ഒഴിയേണ്ടി വരും എന്നുള്ളത് നിയമപാണ്ഡിത്യം ഇല്ലാത്ത സാധാരണ പൗരനും ബോധ്യം ഉണ്ടാവേണ്ടതാണ്. അത് മുൻകൂട്ടി കണ്ടു കൊണ്ട് വൈസ് ചാൻസിലർമാരെക്കൊണ്ട് രാജിവെപ്പിച്ചിട്ട് ഗവർണറുമായി ഒരു സന്ധി ഉണ്ടാക്കുവാൻ ലഭ്യമായ സുവർണാവസരമായിരുന്നു സുപ്രീംകോടതി വിധി. അങ്ങനെയായിരുന്നെങ്കിൽ ഗവർണറുടെ ഭാഗം വിജയിച്ചതായി ഗവർണർക്ക് തോന്നുകയും സുപ്രീംകോടതി വിധിയാണ് വൈസ് ചാൻസിലർമാരുടെ രാജിക്ക് കാരണമായതെന്നത് സർക്കാരിന് പൊതു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യാമായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന് വേണമെങ്കിൽ വീണ്ടുമൊരു പാനൽ സൃഷ്ടിച്ച തങ്ങൾക്ക് അഭികാമ്യരായ വൈസ് ചാൻസന്മാരെ നിയമിക്കാമായിരുന്നു. സൗഹൃദം ആണെങ്കിൽ തങ്ങൾക്ക് വഴങ്ങുന്ന വ്യക്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പലതവണ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖല  നാഥനില്ലാ കളരിയായി . തങ്ങളുടെ നിലവിലുള്ള വൈസ് ചാൻസ് മാർ യോഗ്യരാണെങ്കിലും അവർ നിയമിക്കപ്പെട്ടതിന്റെ മാനദണ്ഡം അക്കാദമിക്  മികവിനെക്കാൾ  അവരുടെ രാഷ്ട്രീയ നിലപാടാണ്. ഈ പ്രവണത തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ചെറുതായിട്ടല്ല താറുമാറാക്കിയിട്ടുള്ളത്. വർത്തമാന സാഹചര്യത്തിൽ അത്തരം ഒരു സംവിധാനം പോലും സർവ്വകലാശാലകളിൽ  ഇല്ലാതെ കുത്തഴിഞ്ഞതായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ പരാജയപ്പെടുകയും അതിൻ്റെ വിപത്തുകൾ പേറുകയും ചെയ്യുന്നത് പുതുതലമുറയും അതുവഴി സമൂഹവുമാണ്. 
 
 
 
 
 
 
 

Tags: