ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വ്യക്തമാക്കി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന. വാശിയേറിയ മത്സരമാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നത്.
വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരേ നിയമം ബാധകമാകും. ഇതോടെ സംസ്ഥാനത്തെ എല്ലാവര്ക്കും തുല്യനീതി ലഭിക്കും. ലിംഗസമത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ശക്തിപ്പെടുത്താന്‍ ഏകീകൃത സിവില്‍ കോഡ് സഹായിക്കുമെന്നും പുഷ്കര്‍ സിങ് ധാമി പറഞ്ഞു.