Skip to main content

ഹിജാബ് വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകള്‍ വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. അമേരിക്കയും പാകിസ്ഥാനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് നിലവില്‍ ഇതെന്നാണ് മന്ത്രാലയം ഓര്‍മിപ്പിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന;

കര്‍ണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമല്ല. 

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തല്‍ക്കാലം മതാചാര വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണം. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. 
 
ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശം.