Skip to main content

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവില്‍ പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു. കാനഡയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. നൈജീരിയയില്‍ നിന്ന് എത്തിയവരിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യു.എസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക്ക തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ പറഞ്ഞു.

നിലവില്‍ ഒമിക്രോണ്‍ വകഭേദം യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസുണ്ടായേക്കാമെന്ന് യു.എസ് മുഖ്യ ആരോഗ്യവകുപ്പ് ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യു.കെയിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഒമിക്രോണ്‍ മുന്‍കാല വകഭേദങ്ങളെക്കാള്‍ ഗുരുതരമാണോ എന്നകാര്യത്തിലും, വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.