Skip to main content

ചികിത്സയുടെ ഭാഗമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് അധികാരം കൈമാറി ജോ ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അല്‍പസമയത്തേക്കെങ്കിലും പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നത്. ജോബൈഡന്‍ കൊളോണോസ്‌കോപിയുടെ ഭാഗമായുള്ള അനസ്തേഷ്യയ്ക്ക് വിധേയനാകുന്ന സമയമാണ് ഭരണം കമലയ്ക്ക് കൈമാറിയത്.

പതിവ് പരിശോധനയുടെ ഭാഗമായാണ് ബൈഡന്‍ വാള്‍ട്ടര്‍ റീഡ് മിലിറ്ററി ആശുപത്രിയില്‍ എത്തുന്നത്. കമല തന്റെ വെസ്റ്റ് വിങ്ങിലെ ഓഫീസിലാണ് അധികാര ചുമതല നിര്‍വഹിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി വ്യക്തമാക്കി. അമേരിക്കയുടെ 250 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുവനിത പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത്.

57 കാരിയായ കമല ഹാരിസ് ഇന്ത്യന്‍ വംശജയാണ്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം നടന്നിരുന്നു. 79 കാരനായ ജോബൈഡനാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.