Skip to main content

ഡല്‍ഹി വായു മലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നവര്‍, യഥാര്‍ത്ഥ പ്രശ്നം അവഗണിക്കുകയാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ പരസ്പരം പഴിചാരി പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നിരോധനം ഉണ്ടായിട്ടും, പടക്കങ്ങള്‍ പൊട്ടിച്ചുവെന്ന വസ്തുത അവഗണിക്കുകയാണ്. സര്‍ക്കാരുകള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കണം. ജുഡീഷ്യല്‍ ഉത്തരവിലൂടെ എല്ലാം ചെയ്യാന്‍ കഴിയില്ല. ദീപാവലിയോടനുബന്ധിച്ച് പത്ത് ദിവസത്തോളം പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു.

വായു മലിനീകരണത്തിന് പ്രധാന കാരണം അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍ ആണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. വൈക്കോല്‍ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോല്‍ സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു. കര്‍ഷകര്‍ക്കെതിരെ നടപടി എടുക്കാനാകില്ല. വൈക്കോല്‍ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കര്‍ഷകര്‍ക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു. എല്ലാ വര്‍ഷവും ഈ സമയത്ത് മലിനീകരണ വിഷയത്തില്‍ ഇടപെടേണ്ടിവരുന്നു എന്ന് കോടതി ഓര്‍മ്മിപ്പിച്ചു. 

ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ വരുന്നത് നവംബര്‍ 21വരെ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. അവശ്യ സാധനങ്ങളുമായി ട്രക്കുകള്‍ അനുവദിക്കാം. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് തടയണം. 

വര്‍ക് ഫ്രം ഹോമിനെ എന്തുകൊണ്ട് കേന്ദ്രം എതിര്‍ക്കുന്നു എന്ന് കോടതി ചോദിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്നത് പോലെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാനാകില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനാകില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് രാജ്യവ്യാപകമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ക്ക് ഫ്രം ഹോമിന് പകരം കാര്‍ പൂളിങ് നടത്താന്‍ ജീവനക്കാരോട് നിര്‍ദേശിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.